Loading ...

Home National

രാജസ്ഥാനില്‍ ടാങ്കറുമായി കൂട്ടിയിടിച്ച്‌ ബസിന് തീ പിടിച്ചു; 12 മരണം

രാജസ്ഥാനില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ ടാങ്കറുമായി കൂട്ടിയിടിച്ച്‌ ബസിന് തീ പിടിച്ച്‌ 12 പേര്‍ വെന്തുമരിച്ചു.

ബുധനാഴ്ച രാവിലെ പതിനൊന്നോടെ ബാര്‍മര്‍-ജോധ്പുര്‍ ഹൈവേയിലാണ് അപകടം നടന്നത്. ബലോത്രയില്‍ നിന്ന് രാവിലെ 9.55ന് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.

എതിര്‍ദിശയിലെത്തിയ ടാങ്കെര്‍ ട്രെയിലര്‍ തെറ്റായ വശത്തിലെത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിച്ചു. 25 പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് യാത്രക്കാരനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 11 പേരുടെ മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയത്. 10 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരെക്കുറിച്ച്‌ വിവരമില്ലെന്നാണ് വിവരം.

പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഒരാള്‍ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. ഗുജറാത് സ്വദേശിയുടേതാണ് ബസ്. സംഭവത്തെ തുടര്‍ന്ന് പൊലീസും ജില്ലാ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പച്പദ്ര എം എല്‍ എ മദന്‍ പ്രജാപത്, സംസ്ഥാന പരിസ്ഥിതി മന്ത്രി സുഖ്റാം ബിഷ്ണോയി എന്നിവരും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെലോട് കലക്ടറുമായി സംസാരിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Related News