Loading ...

Home India

ദളിതപീഡനത്തില്‍ രമിക്കുന്ന അധികാരഗര്‍വം



പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍

ഇന്ത്യന്‍ ജനതയുടെ വലിയൊരു ഭാഗം നിത്യവൃത്തിക്ക് വഴികാണാതുലയുമ്പോള്‍ പഴയ നീറോ ചക്രവര്‍ത്തിയെപ്പോലെ വീണ വായിച്ചു രസിക്കുന്ന ഒരു സിംഹാസനസ്ഥന്‍ നമുക്കുണ്ടല്ലോ എന്ന് സമാധാനിക്കാം. കുടലുകത്തുമ്പോഴും സംഗീതമാസ്വദിക്കുവാനുളള പരിശീലനം എത്രയോ പതിറ്റാണ്ടുകളായി ഭരണാധികാരികള്‍ നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്നാലു വര്‍ഷങ്ങളായി സംഗീതം ഗദ്യത്തിലാണെന്നുമാത്രം. ഇടയ്ക്കിടെ ആകാശവാണിയായി അത് പുറത്തുവരുമ്പോള്‍ ഭാഷ അറിയാത്തതുകൊണ്ടാവാം ജനങ്ങള്‍ക്കത് ആക്രോശമായി അനുഭവപ്പെടുന്നു. മണ്ടന്‍ ഭരണപരിഷ്‌കാരങ്ങളും ആവശ്യത്തിലേറെ വിനോദസഞ്ചാരവും ജാതിയുടെയും മതത്തിന്റെയും പശുവിന്റെയും പേരില്‍ ആവര്‍ത്തിക്കുന്ന കൊലപാതകങ്ങളും സ്വയം ആസ്വദിക്കുകയും കൂടെ നില്‍ക്കുന്നവരെ ആസ്വദിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ ഭരണം മോശമെന്നു വിലയിരുത്തുന്നത് ദോഷൈക ദൃക്കുകളത്രേ!
രാജ്യത്തിനു വേണ്ടത് ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമൊക്കെയാണെന്ന് ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമെന്ന് തെറ്റിധരിക്കുന്നവരാണത്രേ പ്രസ്തുത ദോഷൈകദൃക്കുകള്‍. സ്വതന്ത്രഭാരത്തിന് ഒരു ഭരണഘടന വേണമെന്നും ഒരു ദളിതന്റെ നേതൃത്വത്തില്‍ തന്നെ അത് തയാറാക്കണമെന്നും സ്വാതന്ത്ര്യപ്പിറവിയുടെ കാലത്തുതന്നെ തീരുമാനിച്ചത് അവിവേകമായി പോയി എന്ന് ഇന്ന് ഭരിക്കുന്നവര്‍ക്ക് അന്നേ തോന്നിയതാണ്. രാഷട്രീയകാലാവസ്ഥ അന്ന് പ്രതികൂലമായിരുന്നതുകൊണ്ടു മാത്രം നിശബ്ദത പാലിച്ചതാണ്. മനുസ്മൃതിയുള്ളപ്പോള്‍ മറ്റൊരു ഭരണഘടനയോ എന്ന ചോദ്യം അന്നും കുറെ മനസുകളില്‍ മുഴങ്ങിയിരുന്നതാണ്. മനസിന്റെ രഹസ്യ അറകളില്‍ സൂക്ഷിച്ചിരുന്ന പ്രാകൃതചിന്തകളുടെ ഇളകിയാട്ടങ്ങള്‍ ജീവിതാന്തരീക്ഷത്തെ പൊതുവില്‍ ഇന്ന് കലുഷമാക്കിക്കൊണ്ടിരിക്കുന്നു.
ബ്രാഹ്മണന്‍ മുതല്‍ ശൂദ്രന്‍വരെയുള്ളവരാണ് മനുവിന്റെ ദൃഷ്ടിയില്‍ മനുഷ്യരായി ഗണിക്കപ്പെടുന്നത്. നിവൃത്തികേടുകൊണ്ട് ശൂദ്രരെക്കൂടി സഹിക്കുന്നു എന്നു മാത്രം. അവര്‍ക്കായി മാറ്റിവച്ചിട്ടുള്ള ചില തൊഴിലുകളുണ്ട്. അതിലൊതുങ്ങി വിനീതവിധേയരായി അവര്‍ കഴിഞ്ഞുകൊള്ളണം. ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവര്‍ ആര്‍ഷഭാരത മാതൃകാസമൂഹത്തില്‍ അന്യരാണ്. അവരെ അന്യരായിത്തന്നെ കാണുവാനുള്ള ഉദ്‌ബോധനമാണ് സംഘപരിവാര്‍ ശക്തികളുടെ പൂര്‍വഗാമികളും അനുയായികളും നടത്തിക്കൊണ്ടിരിക്കുന്നത്. ആശയങ്ങളും വിശ്വാസങ്ങളും പ്രവൃത്തിപഥത്തില്‍ എത്തിക്കേണ്ടത് എങ്ങനെയെന്നും അവര്‍ കാണിച്ചുതന്നിട്ടുണ്ട്.
അതിന്റെ ആദ്യഘട്ടമാണ് സാഹോദര്യത്തോടെ പുലര്‍ന്നിരുന്ന നാനാജാതിമതസ്ഥര്‍ക്കിടയില്‍ കൗശലപൂര്‍വം വിള്ളലുകള്‍ സൃഷ്ടിക്കുന്നത്. ‘നീ ഹിന്ദുവാണ് അവന്‍ ഹിന്ദുവല്ല’ എന്ന പല്ലവി മതതീവ്രവാദം ആവര്‍ത്തിക്കുമ്പോള്‍ ‘അതിനെന്ത്’ എന്ന് പ്രതികരിച്ചവരില്‍ ചിലര്‍ ‘ഓഹോ അങ്ങനെയോ’ എന്ന് പ്രതികരണത്തെ നവീകരിക്കുന്നു. അങ്ങനെ അങ്ങുമിങ്ങും പാകിയ വിത്തുകളെ മുളപ്പിച്ചെടുക്കുകയാണ് അടുത്തഘട്ടം. ഗാന്ധിജി കൊല്ലപ്പെടുന്നതും ബാബറിമസ്ജിദ് തകര്‍ക്കപ്പെടുന്നതും ആയിരക്കണക്കിന് മുസ്‌ലിങ്ങള്‍ ഗുജറാത്തില്‍ കൂട്ടക്കൊലചെയ്യപ്പെടുന്നതും ഗാന്ധിഘാതകന്‍ ആദര്‍ശപുരുഷനായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും പശുവിന്റെ പേരില്‍ മുസ്‌ലിമും ദളിതനും കൊല്ലപ്പെടുന്നതും ദളിതസ്ത്രീയുടെ മാനം തെരുവില്‍ പിച്ചിച്ചീന്തുന്നതുമെല്ലാം ആ വിഷവിത്തുകള്‍ മുളച്ചുപൊന്തിയ പുതിയ സാഹചര്യത്തിലെ അനിഷ്ടസംഭവങ്ങളാണ്.
അധികാരപീഠങ്ങളില്‍ അധമവ്യക്തിത്വങ്ങള്‍ ഇരുപ്പുറപ്പിച്ചാല്‍ ഇതും ഇതിനപ്പുറവും സംഭവിക്കാം. ഗുജറാത്തില്‍ ആയിരക്കണക്കിന് മുസ്‌ലിങ്ങളെ കരുകരാ അരിഞ്ഞുവീഴ്ത്തിയത് ഇന്നത്തെ പ്രധാനമന്ത്രി അവിടെ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്. അധികാരം കുടപിടിക്കുമ്പോള്‍ അണികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമായി അത് ഭവിക്കുന്നു. ആ കുട രാജ്യമൊട്ടാകെ അങ്ങനെ പന്തലിച്ചു നില്‍ക്കുമ്പോള്‍ അധികാരഗര്‍വങ്ങള്‍ക്ക് ചിറകുമുളയ്ക്കുന്നു. അക്രമങ്ങളും കൊലപാതകങ്ങളും ഭരണപക്ഷംതന്നെ അരങ്ങേറുന്നു. വേട്ടയാടപ്പെടുന്നവന്റെ നിസ്സഹായതയില്‍ മനുവാദം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അഭിരമിക്കുന്നു.
നിസഹായത വേട്ടയാടപ്പെടുന്നവരുടെ ആദ്യത്തെ അവസ്ഥയാണ്. അതില്‍ നിന്ന് തിരിച്ചടിച്ചേതീരു എന്ന ദൃഢനിശ്ചയം പിറവിയെടുക്കുന്നു. അനുഭവങ്ങളുടെ ചൂട് അതിനെ കൊടുങ്കാറ്റായി മാറ്റുന്നു. ഇരകളുടെ പ്രത്യാക്രമണമായി അത് ചുറ്റിയടിക്കുന്നു. അപ്പോഴാണ് വേട്ടക്കാരന്‍ ആത്മപരിശോധനയ്ക്കും വീണ്ടുവിചാരത്തിനും നിര്‍ബന്ധിതനാവുന്നത്. മുപ്പത്തൊന്നു ശതമാനം പിന്തുണ എന്നത് ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിയുടെ മൊത്തം ജനപിന്തുണയാണ്. ആ മുന്നണി വേട്ടയാടുന്ന രണ്ടു ജനവിഭാഗങ്ങള്‍ മാത്രം ചേര്‍ന്നു നിന്നാല്‍ തന്നെ അതിലും വലിയ ശക്തിയാവാന്‍ കഴിയും എന്നത് അടിസ്ഥാന സത്യമാകുന്നു. സംഘപരിവാര്‍ ശക്തികളുടെ അസഹിഷ്ണുത ഇരകള്‍ക്ക് കൈകോര്‍ക്കുന്നതിനുള്ള പ്രചോദനമാണ്. അതിന്റെ പ്രാരംഭലക്ഷണങ്ങളാണ് സമീപകാലത്ത് ഗുജറാത്തിലെ ഉന എന്ന ചെറിയ പ്രദേശത്ത് പ്രത്യക്ഷമായത്.
ഉന വേട്ടക്കാരനും ഇരയ്ക്കും പുതിയ പാഠങ്ങള്‍ പറഞ്ഞുകൊടുത്തു. പുതിയ വെല്ലുവിളികള്‍ അടുത്തുതന്നെയുണ്ട് എന്ന പാഠം വേട്ടക്കാരന്; ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന തിരിച്ചറിവ് ഇരകള്‍ക്കും. ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കാറ്റിന്റെ ഗതി തങ്ങള്‍ക്ക് അനുകൂലമല്ലെന്ന് ബിജെപി തിരിച്ചറിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെ ഉളള പ്രമുഖരെല്ലാം ഗുജറാത്തില്‍ തമ്പടിച്ച് എല്ലാ സങ്കുചിതവികാരങ്ങളെയും ഉണര്‍ത്തി വിട്ടതിനുശേഷവും നേരിയ രക്ഷപ്പെടല്‍ കൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടിവന്നു. ബിജെപി ഉന്നംവച്ച ഉനയിലെ സമരനായകനായ ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ളവര്‍ വിജയശ്രീലാളിതരായി. ഭാവിയിലേക്കുള്ള ദിശാസൂചകമായി ആ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത് സ്വാഭാവികം.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും സംഘപരിവാറിന്റെയും നോട്ടപ്പുള്ളിയാണ് ഇപ്പോള്‍ ജിഗ്നേഷ് മേവാനി. ഉനയില്‍ നിന്ന് മേവാനി ഇന്ത്യയോളം വളര്‍ന്നു കൊണ്ടിരിക്കുന്നു. നിസ്വവര്‍ഗം എവിടെയെല്ലാം അക്രമിക്കപ്പെടുന്നുവോ അവിടെയെല്ലാം ചെറുത്തുനില്‍പിന്റെ മുന്നണിയില്‍ മേവാനിയുമുണ്ട്. മിക്കവാറും വിഷയങ്ങളില്‍ അയുക്തികവും അപരിഷ്‌കൃതവുമായ വാദമുഖങ്ങളാണ് ഹൈന്ദവ ഫാസിസം സ്ഥിരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന അതേ സ്ഥലത്താണത്രേ ശ്രീരാമന്‍ ജനിച്ചത്. രാമന്‍ ഒരു ചരിത്രപുരുഷനല്ലെന്നും സാഹിത്യ കൃതിയിലെ കഥാപാത്രമാണെന്നും മനസിലാക്കുവാന്‍ അവര്‍ക്കു കഴിയുകയില്ല. താജ്മഹലിനടിയില്‍ ശിവക്ഷേത്രമുണ്ടായിരുന്നു എന്നാണ് പുതിയ കണ്ടുപിടിത്തം. മതത്തിന്റെയും വംശീയതയുടെയും പേരില്‍ പൊതുസമൂഹത്തെ വിദ്വേഷകലുഷിതമാക്കുവാന്‍ ബോധപൂര്‍വം പടച്ചുവിടുന്നതാണ് ഇത്തരം അസംബന്ധങ്ങള്‍.
ചരിത്രസത്യങ്ങളെ വളച്ചൊടിക്കാനും ഇല്ലാത്ത ചരിത്രം പടച്ചുവിടാനും സംഘപരിവാറിന് മനസ്സാക്ഷിക്കുത്ത് ഉണ്ടാവാറില്ല. സത്യം വിളിച്ചു പറയുന്നവരുടെ വായ്മൂടിക്കെട്ടുവാന്‍ എത്രവരെയും പോകുവാന്‍ അത് മടിക്കുന്നില്ല. മഹാരാഷ്ട്രയിലെ ഭീമകൊറെഗാവില്‍ ദളിതുകളും സവര്‍ണഹിന്ദുക്കളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപത്തെട്ടുകാരനായ രാഹുല്‍ ഫഡന്‍ഗലേ എന്ന ഒരു ദളിത് യുവാവ് കൊല്ലപ്പെടുകയുണ്ടായി. സംഘര്‍ഷവും ബന്ദും കൊലയുമൊക്കെ അരങ്ങേറുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി മൗനവ്രതത്തിലായിരുന്നു. ഉത്തരം മുട്ടുമ്പോഴെല്ലാം പ്രധാനമന്ത്രി ഒരു രക്ഷാമാര്‍ഗമായി കണ്ടുവച്ചിരിക്കുന്ന തന്ത്രമാണ് മൗനം. മൗനം വെടിഞ്ഞ് പുറത്തുവന്ന് ഹിന്ദുമതഭ്രാന്തിന്റെ അഴിഞ്ഞാട്ടത്തെക്കുറിച്ച് പറയാനുള്ളത് പറഞ്ഞേതീരു എന്ന ആവശ്യം ജിഗ്നേഷ് മേവാനി ഉന്നയിച്ചുകഴിഞ്ഞു. പക്ഷേ പ്രതികരിച്ചത് ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവണ്‍മെന്റാണ്. പ്രതികരിച്ച രീതി ഏകാധിപത്യ കാലത്തെപ്പോലും നാണിപ്പിക്കുന്നതായി എന്നുമാത്രം. ജിഗ്നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ഥിനേതാവായ ഉമര്‍ഖാലിദിനം സഹപ്രവര്‍ത്തകര്‍ക്കും പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
ആശയപരമായ ഏറ്റുമുട്ടലുകളുടെ ഫലം നന്നായി അറിയാവുന്നതുകൊണ്ട് ഹിന്ദുത്വതീവ്രവാദം അതിന് വഴങ്ങാറില്ല. ഭിന്നാഭിപ്രായം പുലര്‍ത്തുന്നവരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്നതില്‍ അഭിരമിക്കുന്ന മനോഘടനയാണ് അതിനുള്ളത്. അതിനുള്ള ന്യായങ്ങള്‍ കണ്ടെത്തുന്നതിന് മതഫാസിസത്തിന് വിരുതേറും. ഇരുന്നൂറു വര്‍ഷം പഴക്കമുള്ള ഒരു ചരിത്രസംഭവം ഇപ്പോള്‍ അവര്‍ തോണ്ടിയെടുക്കുകയായിരുന്നു. ആംഗ്ലോ-മറാത്ത യുദ്ധമെന്ന് ആ സംഭവം അറിയപ്പെടുന്നു. സവര്‍ണ ഹിന്ദുത്വം മനുഷ്യഗണത്തില്‍ അംഗീകരിക്കാതെ ആട്ടിയകറ്റിയിരുന്ന മഹര്‍ (ദലിതര്‍) വിഭാഗം ആംഗ്ലോ-മറാത്ത യുദ്ധത്തില്‍ സ്വാഭാവികമായും സവര്‍ണവിരുദ്ധ പക്ഷത്തുനിന്നു. ദളിതന് പട്ടാളസേവനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ അതിന് അവസരം നല്‍കുകയായിരുന്നു. സ്വന്തം ധീരതയും കഴിവും പ്രകടിപ്പിക്കാനുളള അവസരമായി ദളിതര്‍ അതിനെ പ്രയോജനപ്പെടുത്തി.
1817 ഡിസംബര്‍ 31ന് തുടങ്ങി 1818 ജനുവരി ഒന്നിന് അവസാനിച്ച ആ യുദ്ധം ബ്രിട്ടീഷ് സേനയുടെ വിജയത്തില്‍ കലാശിച്ചു. 500 മഹര്‍ സേനാനികള്‍ ഉള്‍പ്പെടെ 834 പേരുടെ ആ കാലാള്‍പ്പട അതിനെക്കാള്‍ പലമടങ്ങു വലിപ്പമുള്ള പെഷ്വാ സേനയെ തുരത്തിവിട്ടു. എന്നന്നേക്കുമായി പേഷ്വാ ഭരണം അന്നവസാനിക്കുകയായിരുന്നു. സാമൂഹ്യ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടവിജയമായി അത് വിലയിരുത്തപ്പെട്ടു. ദളിതര്‍ക്ക് അത് നല്‍കിയ ആത്മവിശ്വാസവും അഭിമാനവും ചെറുതല്ല. 1927 ജനുവരിയില്‍ ഡോ. അംബേദ്കര്‍ ആ യുദ്ധഭൂമി സന്ദര്‍ശിച്ചു. സവര്‍ണതയോടുള്ള തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമായി അത് വിലയിരുത്തപ്പെട്ടു. ഒരു ചെറിയ പ്രദേശത്തെ കുറച്ചാളുകള്‍ അവിടെ തീര്‍ഥാടകരായി എത്തുമായിരുന്നു. ക്രമേണ തീര്‍ഥാടരുടെ എണ്ണം വര്‍ധിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമൊക്കെ വലിയ തോതില്‍ തീര്‍ഥാടകരെത്തുന്ന അവസ്ഥ ഇന്നുണ്ട്. അവിടെ പടുത്തുയര്‍ത്തിയ രണസ്മാരകത്തിന്റെ പ്രാധാന്യവും ഒപ്പം വര്‍ധിക്കുകയായിരുന്നു. അംബേദ്കറുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഭീമ കൊറെഗാവ് രണസ്തംഭസേവാ സംഘം രൂപീകൃതമായി.
സംഭവിക്കുന്നതെല്ലാം സവര്‍ണതയുടെ കണ്ണിലെ കരടായിരുന്നു. ഭീമ കൊറെഗാവ് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികദിനമായിരുന്നു 2018 ജനുവരി ഒന്ന്. ഇരുനൂറു വര്‍ഷത്തിനിപ്പുറവും സവര്‍ണ മനോഭാവത്തില്‍ ആശാവഹമായ മാറ്റങ്ങള്‍ ബാക്കിയാവുന്നു, ദളിത്-മറാത്ത സംഘര്‍ഷം ആവര്‍ത്തിക്കപ്പെടുന്നു. അധികാര ഗര്‍വത്തിന്റെ പിന്തുണയും മൗനാനുവാദവും ദളിത പീഡനത്തിന് വീര്യം പകരുമ്പോള്‍ ധാര്‍മികശക്തികള്‍ക്ക് അലംഭാവം സാധ്യമല്ലാതാവുന്നു.

Related News