Loading ...

Home International

അഫ്ഗാന് സ്വന്തമായി വ്യോമസേന രൂപീകരിക്കുമെന്ന് താലിബാന്‍


കാബൂള്‍: അഫ്ഗാനിസ്ഥാന്റെ സേനാബലം വര്‍ദ്ധിപ്പിക്കാനായി സ്വന്തമായി വ്യോമസേന രൂപവത്കരിക്കുമെന്ന് താലിബാന്‍ ഭരണകൂടം.

തങ്ങളുടെ സേനയെ ശക്തിപ്പെടുത്തുന്നതിനായി മുന്‍ സര്‍ക്കാരിന്റെ വ്യോമസേനയില്‍ ഉണ്ടായിരുന്നവരെ പുതിയ സേനയുടെ ഭാഗമമാക്കും. ഏത് സംവിധാനമാണോ ആവശ്യം അവയെല്ലാം സ്വന്തമായി നിര്‍മ്മിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് താലിബാന്‍ വക്താവ് ഖ്വാരി സയീദ് ഖോസ്തി മാദ്ധ്യമങ്ങളോട് പറഞ്ഞു. താലിബാന്‍ ഭരണകൂടം പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായാല്‍ അതിന്റെ ഭാഗമായി ശക്തമായ ഒരു വ്യോമസേനയും ഉണ്ടാകുമെന്ന് ഖോസ്തി കൂട്ടിച്ചേര്‍ത്തു. കാബൂളിലെ സൈനിക ആശുപത്രിയില്‍ ഐസിസ് ആക്രമണമുണ്ടായതിന് പിന്നാലെ ഒരു അമേരിക്കന്‍ നിര്‍മിത ഹെലികോപ്റ്റര്‍ ഉള്‍പ്പടെ മൂന്ന് ഹെലികോപ്റ്ററുകള്‍ താലിബാന്‍ സൈനിക ആശുപത്രിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. താലിബാന്‍ ഭരണത്തിലെത്തുന്നതിന് മുന്‍പുള്ള അഫ്ഗാന്‍ സര്‍ക്കാരിന് യു.എസ് പിന്തുണയോടെ ഇരുന്നൂറോളം യുദ്ധവിമാനങ്ങളുള്ള വ്യോമസേനയുണ്ടായിരുന്നു.

രാജ്യത്തിന് ഏതു സാഹചര്യവും നേരിടാന്‍ കഴിയുന്ന കരുത്തുറ്റ സൈന്യത്തെ സൃഷ്ടിക്കലാണ് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം രാജ്യത്ത് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്ന ഐസിസ് ഭീകരരുടെ ശക്തി കേന്ദ്രമായ നംഗര്‍ഹര്‍ പ്രവിശ്യയില്‍ 55 ഐസിസ് ഭീകരര്‍ കീഴടങ്ങിയതായി താലിബാന്‍ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദിലുള്ള താലിബാന്‍ ഇന്റലിജന്‍സ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. താലിബാന്‍ അധികാരത്തിലെത്തിയ ശേഷം സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ഐസിസ് ആക്രമണങ്ങളില്‍ നൂറുകണക്കിനാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഏറ്റവുമൊടുവില്‍ കാബൂളിലെ സൈനിക ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Related News