Loading ...

Home National

നോട്ട് നിരോധനം വന്‍പരാജയമെന്ന് കണക്കുകള്‍; കറന്‍സി വിനിമയം വര്‍ധിച്ചു

ന്യൂഡല്‍ഹി: നോട്ടു നിരോധനം നടപ്പാക്കി അഞ്ചുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെ കറന്‍സിരഹിത സമ്ബദ് വ്യവസ്ഥയെന്ന പ്രഖ്യാപിത ലക്ഷ്യം പാളി.

രാജ്യത്ത് കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചുള്ള വിനിമയം വന്‍തോതില്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുജനങ്ങള്‍ മാത്രമല്ല വ്യാപാരി സമൂഹം ഉള്‍പ്പെടെ ഇപ്പോഴും നേരിട്ട് പണം കൈമാറിയുള്ള വിനിമയത്തിനാണ് പ്രധാന്യം നല്‍കുന്നത്.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. 2021 ഒക്ടോബര്‍ എട്ടുവരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ പൊതുജനത്തിന്റെ കൈവശമുള്ള കറന്‍സി 57.48 ശതമാനം വര്‍ധിച്ച്‌ 28.30 ലക്ഷം കോടി രൂപയില്‍ എത്തി. 2016 നവംബറില്‍ ജനങ്ങളുടെ കൈവശമുണ്ടായിരുന്ന കറന്‍സി 17.97 ലക്ഷം കോടി രൂപയായിരുന്നു. 10.33 ലക്ഷം കോടി ഉയര്‍ന്നു. രാജ്യത്ത് 15 കോടിയോളം വരുന്ന ആളുകള്‍ക്ക് ഇപ്പോഴും സ്വന്തമായി ബാങ്ക് അക്കൗണ്ടില്ല.

ഇടത്തരം നഗരങ്ങളില്‍ 90 ശതമാനം ഇടപാടുകളും പണം ഉപയോഗിച്ചാണ് നടക്കുന്നത്. 2020 ഒക്ടോബര്‍ 23ന് ജനങ്ങളുടെ കൈവശമുണ്ടായിരുന്ന പണത്തില്‍ 15,582 കോടിയുടെ വര്‍ധനയുണ്ടായി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020ല്‍ സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആളുകള്‍ പണം കൂടുതലായി കൈവശം കരുതുന്ന ശീലത്തിലേയ്ക്ക് മടങ്ങിയത്. നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചെങ്കിലും പണം നേരിട്ട് ഉപയോഗിച്ചുള്ള ഇടപാട് നടത്തുന്ന ശീലം വിടാന്‍ ജനം തയ്യാറായിട്ടില്ല.


Related News