Loading ...

Home International

അരുണാചല്‍ പ്രദേശില്‍ ചൈന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം നിര്‍മിച്ചതായി അമേരിക്ക






ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ട്.

യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ വിവരവും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ചൈന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം നിര്‍മിച്ചതായി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുമായി സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലും ചൈന, അതിര്‍ത്തി മേഖലയില്‍ കടന്നുകയറ്റ നീക്കങ്ങള്‍ സജീവമാക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഘര്‍ഷ സമയത്ത് സൈനികര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലാണ് ചൈന അതിര്‍ത്തിയില്‍ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതെന്ന് ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡ് ചീഫ് ലഫ്. ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ടിബറ്റന്‍ മേഖലയില്‍ കരുത്തുറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

അരുണാചല്‍ പ്രദേശില്‍ ചൈന 101 ഓളം വീടുകളടങ്ങിയ 'പുതിയ ഗ്രാമം' നിര്‍മിച്ച വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയില്‍ തന്നെ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4.5 കിലോമീറ്റര്‍ ഉള്ളിലായാണ് ചൈനയുടെ നിര്‍മാണമെന്നാണു റിപ്പോര്‍ട്ട്. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ സാരി ചു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്.

2020ല്‍ ആകാം ചൈന യഥാര്‍ഥ നിയന്ത്രണരേഖയുടെ കിഴക്കു വശത്ത് 100 വീടുകള്‍ നിര്‍മിച്ചതെന്ന് യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. 2019 ഓഗസ്റ്റ് 26ന് പകര്‍ത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തില്‍ യാതൊരു നിര്‍മാണ പ്രവൃത്തികളും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ ചിത്രത്തില്‍ കെട്ടിടങ്ങളും മറ്റും വ്യക്തമായി കാണാന്‍ സാധിക്കും. മേഖലയില്‍ വര്‍ഷങ്ങളായി ചൈനയ്ക്ക് ചെറിയ സൈനിക ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 2020ലാണ് കടന്നുകയറ്റം രൂക്ഷമായത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. കുറച്ചു വര്‍ഷങ്ങളായി ചൈന ഇതു തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു. അതിര്‍ത്തികളില്‍ റോഡുകളും പാലങ്ങളും നിര്‍മിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തിയിലെ ഇന്ത്യയുടെ നിര്‍മാണങ്ങളും സൈനിക വിന്യാസവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തേ അറിയിച്ചിരുന്നു.

2020 നവംബറില്‍ അരുണാചലില്‍ നിന്നുള്ള ബിജെപി എംപി താപിര്‍ ഗാവോ അപ്പര്‍ സുബാന്‍സിരിയിലെ ചൈനീസ് നിര്‍മാണങ്ങളെക്കുറിച്ച്‌ ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. ജില്ലയില്‍ 60-70 കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് ചൈന കയറി വന്നിട്ടുണ്ടെന്നും വിശാലമായ റോഡ് നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.


Related News