Loading ...

Home USA

കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎസില്‍ പ്രവേശനാനുമതി

വാഷിംഗ്ടണ്‍ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനായ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കി അമേരിക്ക.കൊവാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് നവംബര്‍ 8 മുതല്‍ രാജ്യത്ത് പ്രവേശിക്കാം. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് അമേരിക്കയുടെ നിര്‍ണായക തീരുമാനം.

യുഎസില്‍ പുതിയ യാത്രാ വ്യവസ്ഥ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്ബാണ് ഈ നീക്കം. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അല്ലെങ്കില്‍ ഡബ്ല്യുഎച്ച്‌ഒ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച വിദേശ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ് യുഎസിന്റെ പുതിയ യാത്രാ വ്യവസ്ഥ. ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മോഡേണ, ആസ്ട്രാസെനക, കൊവിഷീല്‍ഡ്, സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്കും യുഎസ് അനുമതി നല്‍കും.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചത്. ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുന്ന ഏഴാമത്തെ വാക്‌സിനാണ് കൊവാക്‌സന്‍. ഇതിനിടെ ഓസ്ട്രേലിയ, ഇറാന്‍, മെക്സിക്കോ, ഒമാന്‍, ഗ്രീസ്, മൗറീഷ്യസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ കൊവാക്സിന്‍ അംഗീകരിച്ചിരുന്നു.

കൊറോണയ്‌ക്കെതിരെ 77.8 ശതമാനം ഫലപ്രാപ്തിയാണ് കൊവാക്സിന്‍ തെളിയിച്ചിട്ടുള്ളത്. കൊറോണയുടെ ഡെല്‍റ്റ വകഭേദത്തില്‍ നിന്നും 65.2 ശതമാനം സംരക്ഷണവും കൊവാക്സിന് നല്‍കാന്‍ കഴിയുമെന്ന് പഠനങ്ങളില്‍ പറയുന്നു. ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാന്‍ പ്രധാനമന്ത്രി നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാണ്.


Related News