Loading ...

Home Kerala

തോട്ടം ഭൂമി തരംമാറ്റല്‍; ഇരുട്ടില്‍തപ്പി സര്‍ക്കാര്‍, പാട്ടം എന്ന നിലയില്‍ നഷ്ടമായത് കോടികള്‍

പ്ലാന്‍റേഷന്‍ ഉള്‍പ്പെടെ വിവിധ ഇനങ്ങളില്‍ ഒഴിവാക്കിയ ഭൂമികള്‍ തരംമാറ്റിയത് സംബന്ധിച്ച്‌ സംസ്ഥാനത്തെ വിവിധ ലാന്‍ഡ് ബോര്‍ഡുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഇതിന്‍റെ കണക്ക് ക്രോഡീകരിച്ച്‌ സൂക്ഷിച്ചിട്ടില്ല. തരം മാറ്റിയ പ്ലാന്‍റേഷന്‍ ഭൂമിയില്‍ എത്ര ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നും അതില്‍ എത്ര ഏക്കര്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്തുവെന്നും ജില്ലതിരിച്ചുള്ള കണക്ക് ക്രോഡീകരിച്ച്‌ സൂക്ഷിച്ചിട്ടില്ലെന്നാണ് ഐ.സി ബലകൃഷ്ണന് നിയമസഭയില്‍ മന്ത്രി കെ.രാജന്‍ നല്‍കിയ മറുപടി.

ഭൂപരിഷ്കരണ നിയമത്തിലെ ചില വകുപ്പുകള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയപ്പോള്‍ സര്‍ക്കാരിന് നഷ്ടമായത് കോടിക്കണക്കിന്​ രൂപയാണ്. നിയമം നടപ്പാക്കിയതോടെയാണ് കുടികിടപ്പും പാട്ടവ്യവസ്ഥയും ജന്മിത്തവും കേരളത്തില്‍ ഇല്ലാതായത്. കൃഷിഭൂമി കൈവശംെവച്ചിരുന്ന കര്‍ഷകരെ കുടികിടപ്പുകാരായി കണക്കാക്കി പട്ടയം നല്‍കി. ഭൂവുടമസ്ഥരും മധ്യവര്‍ത്തികളും സൃഷ്ടിച്ച എല്ലാ കടബാധ്യതകളില്‍ വിമുക്തമായി സര്‍ക്കാരില്‍ ഭൂമി നിക്ഷിപ്തമായി. അതോടെ ഈ ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനാണ്.


തോട്ടങ്ങള്‍ക്ക് ഭൂപരിധിയില്‍ ഇളവ് നല്‍കിയപ്പോഴും സീലിങ് പരിധിക്ക് അകത്ത് മാത്രമേ ക്രയ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവു. തോട്ടങ്ങളിലെ ബാക്കി ഭൂമിക്ക് ലാന്‍ഡ് ട്രൈബ്യൂണല്‍ വഴി ഇളവ് നേടാം. ഇളവ് നല്‍കിയ മുഴുവന്‍ ഭൂമിക്കും പാട്ടം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. ലാന്‍ഡ് ട്രൈബ്യൂണലുകളും താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളും ഇക്കാര്യത്തില്‍ അട്ടിമറി നടത്തി. ഈ ഭൂമിക്ക് നികുതി അടക്കുന്നതിന് സൗകര്യംമൊരുക്കി. ഫലത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് പാട്ടമായി വരേണ്ട ആയിരക്കണക്കിന് കോടി രൂപയോളം നഷ്ടം സംഭവിച്ചുവെന്നാണ് ആക്ഷേപം.

പാട്ടം അടക്കേണ്ട ഭൂമിക്ക് പല തോട്ടം ഉടമകളും നികുതിയാണ് അടക്കുന്നത്. അതിന് അവസരമൊരുക്കിയത് റവന്യൂ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണ്. ഇളവ് നല്‍കിയ ഭൂമി സംബന്ധിച്ച്‌ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ കണക്ക് തയാറാക്കണമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷമര്‍ നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ അതൊന്നും തയാറാക്കിയില്ല. പല താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലും ഇത് സംബന്ധിച്ച്‌ ഫയലുകള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് മറുപടി നല്‍കുന്നത്. ക്രയ സര്‍ട്ടിഫിക്കറ്റ് നേടാതെ ഭൂമി കൈവശം വെച്ചരിക്കുന്ന തോട്ടം ഉടമകളുമുണ്ട്.

ഉദാഹരണമായി റവന്യൂ വകുപ്പ് 2021 ഒക്ടോബര്‍ 28ലെ ഉത്തരവ് നോക്കുക. ഭാരത് പെട്രോളിയത്തിന് പമ്ബ് നടത്തുന്നതിന് ഭൂമി നല്‍കിയതിന് മൂന്ന് വര്‍ഷത്തെ പാട്ടമായി 24.31 ലക്ഷം അടക്കണമെന്നാണ് ഉത്തരവ്. ഏറാനാട് താലൂക്കില്‍ മലപ്പുറം വില്ലേജിലാണ് 22 സെന്‍റ് ഭൂമിയാണ് പാട്ടത്തിന് നല്‍കിയത്. ഭൂമിയുടെ ന്യാവില വര്‍ധനവ് കണക്കാക്കി 22 സെന്‍റ് ഭൂമിയുടെ കമ്ബോളവില 1.78 കോടിയാണ്. അതിന്‍റെ അഞ്ച് ശതമാനമാണ് 2020-21 ലെ പാട്ടത്തുകയായി 8,90,000 രൂപ നിശ്ചയിച്ചുവെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു. സര്‍ക്കാര്‍ ഭൂമിക്ക് ഇളവ് നല്‍കിയ തോട്ടം ഭൂമിയില്‍നിന്ന് കമ്ബോളവിലയുടെ അഞ്ച് ശതമാനം നല്‍കേണ്ടിവരുമെന്ന് ചുരുക്കം. 1970 ജനുവരി ഒന്നിന് നിയമം നിലവില്‍വന്നു. കഴിഞ്ഞ 50 വര്‍ഷം സംസ്ഥാനത്തിന് ഈ ഇനത്തില്‍ എത്ര കോടി നഷ്ടമുണ്ടായിയെന്ന കണക്കാക്കാന്‍പോലുമാവില്ല.


Related News