Loading ...

Home National

തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നു

കൊവിഡ് മഹാമാരിയ്ക്ക്  ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍ 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി  എംകെ സ്റ്റാലിന്‍  പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു.
തിങ്കളാഴ്ചയാണ് ചെന്നൈയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മുഖ്യമന്ത്രി പുസ്തകങ്ങള്‍ വിതരണം ചെയ്തത്.

ഏകദേശം 600 ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് തമിഴ്‌നാട്ടില്‍ 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ തുറന്നത്.

സ്‌കൂളുകളില്‍ ഒമ്ബതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും ഒക്ടോബര്‍ ഒന്ന് മുതല്‍ ക്ലാസ് തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവില്‍ ക്ലാസുകള്‍.

മുഖ്യമന്ത്രി സ്റ്റാലിന്‍ ചെന്നൈയിലെ ഗിണ്ടിയിലെ സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ സ്‌കൂളിലെത്തി സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുകയും ചോക്ലേറ്റും പുസ്തകങ്ങളും വിതരണം ചെയ്ത് വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഇതുകൂടാതെ സ്‌കൂള്‍ പരിസരം ശുചിത്വം കാത്തു സൂക്ഷിക്കുന്നുണ്ടോ എന്നും അദ്ദേഹം പരിശോധിച്ചു. എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെന്നും സാനിറ്റൈസേഷന്‍ പ്രക്രിയ പിന്തുടരുന്നുണ്ടെന്നും ഉറപ്പ് വരുത്തി.

ക്ലാസുകള്‍ രാവിലെ 10 മുതല്‍ മൂന്നു മണിക്കൂര്‍ ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികളെ ഉള്‍ക്കൊള്ളിച്ച്‌ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നതാണ് സജീവ പരിഗണനയിലുള്ളത്.

എന്നാല്‍ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം ഉണ്ടാകും. കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം 50 ശതമാനത്തിനു താഴെ ആക്കുന്നതും പരിഗണനയിലുണ്ട്. പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇടയില്‍ സമ്ബര്‍ക്ക സാധ്യത കൂടുതലായതിനാല്‍ ഇവിടങ്ങളിലും ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ ആകുമോ എന്നും പരിശോധിക്കും.

തമിഴ്‌നാട്ടില്‍ ഒന്നുമുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികളുടെ വരവ് വലിയ ആഘോഷമാക്കിയിരുന്നു ചെന്നൈയിലെ മലയാള വിദ്യാലയങ്ങള്‍. ഈ ദിവസം ചടങ്ങുകളില്‍ അധ്യാപകരെയും രക്ഷിതാക്കളെയും കൂടാതെ സര്‍ക്കാര്‍ പ്രതിനിധികളും എം. എല്‍.എമാരും പങ്കെടുത്തിരുന്നു.

Related News