Loading ...

Home National

കര്‍ണാടക നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി; ഹംഗല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു


ബംഗളൂരു: കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി.

വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഹംഗല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ജെ.ഡി-എസിെന്‍റ സിറ്റിങ് മണ്ഡലമായ വിജയപുര ജില്ലയിലെ സിന്ദഗിയില്‍ ബി.ജെ.പി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഹാവേരിയിലെ ഷിഗാവോണിന് തൊട്ടടുത്തുള്ള ഹംഗല്‍ നഷ്​​ടമായത് ബി.ജെ.പിക്ക് ക്ഷീണമായി.

ജെ.ഡി-എസിെന്‍റ സിറ്റിങ് സീറ്റായ സിന്ദഗിയില്‍ ജെ.ഡി-എസിനെ പിന്നിലാക്കി രണ്ടാമതെത്താനായതും ഹംഗലില്‍ വിജയിക്കാനായതും കര്‍ണാടക കോണ്‍ഗ്രസിന് കരുത്ത് പകരുന്നതായി. സിന്ദഗിയില്‍ വിജയിച്ചില്ലെങ്കിലും ഹംഗല്‍ നിലനിര്‍ത്തുക എന്നത് അഭിമാന പ്രശ്നമായി കണക്കാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുന്‍മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മറ്റു നേതാക്കളും ദിവസങ്ങളോളം പ്രചാരണം നടത്തിയെങ്കിലും ഫലം മറിച്ചായി. പത്തു ദിവസമാണ് മുഖ്യമന്ത്രി നേരിട്ട് ഹംഗലില്‍ പ്രചാരണം നടത്തിയത്. സിന്ദഗിയിലെ വിജയം മാത്രമാണ് ബി.ജെ.പിക്ക് ആശ്വസിക്കാനുള്ളത്.

സിന്ദഗിയില്‍ 31,088 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ 93,380 വോട്ടുകള്‍ നേടിയാണ് ബി.ജെ.പിയുടെ രമേശ് ഭൂസന്നൂരിന്‍റെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അശോക് മനഗുളി 62,292 വോട്ടുകള്‍ നേടി രണ്ടാമതെത്തി. ജെ.ഡി-എസിെന്‍റ മണ്ഡലമായിട്ടും അവരുടെ വനിത സ്ഥാനാര്‍ഥി നാസിയ ഷക്കീല്‍ അഹമ്മദ് അംഗദിക്ക് 4,353 വോട്ടു മാത്രമാണ് നേടാനായത്. ജെ.ഡി-എസിെന്‍റ വോട്ടുകള്‍ ഭിന്നിച്ചത് ബി.ജെ.പിയുടെ വിജയത്തില്‍ നിര്‍ണായകമായി. ജെ.ഡി-എസും ബി.ജെ.പിയും തമ്മിലാണ് ഇവിടെ മത്സരമെന്നായിരുന്നു കരുതിയതെങ്കിലും കോണ്‍ഗ്രസ് രണ്ടാമതെത്തി കരുത്തുകാട്ടി. സിന്ദഗിയിലെ മുന്‍ ജെ.ഡി-എസ് എം.എല്‍.എ എം.സി മനഗുളിയുടെ മകന്‍ അശോക് മനഗുളിയെ കോണ്‍ഗ്രസിലെത്തിച്ച്‌ സീറ്റ് നല്‍കിയതാണ് പാര്‍ട്ടിക്ക്​ നേട്ടമായത്.

ഹംഗലില്‍ കോണ്‍ഗ്രസിന്‍റെ ശ്രീനിവാസ് വി. മാനെ 7,426 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 87,300 വോട്ടുകളുമായാണ് ബി.ജെ.പിയുടെ ശിവരാജ് സജ്ജനാറിനെ പരാജയപ്പെടുത്തിയത്. സജ്ജനാര്‍ 79,874 വോട്ടു നേടി. ജെ.ഡി-എസ് സ്ഥാനാര്‍ഥിയായ നിയാസ് ഷെയ്ഖിന് 927 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 2018ല്‍ നേരിയ വ്യത്യാസത്തില്‍ ബി.ജെ.പിയുടെ സി.എം. ഉദാസിയോട് പരാജയപ്പെട്ട ശ്രീനിവാസ മാനെ ഇത്തവണ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ബി.എസ്. യെദിയൂരപ്പക്ക് പകരമായി മുഖ്യമന്ത്രിയായി എത്തിയ ബസവരാജ് ബൊമ്മൈക്ക് രണ്ടു മണ്ഡലങ്ങളിലെയും വിജയം നേതൃസ്ഥാനം ഉറപ്പിക്കാന്‍ അനിവാര്യമായിരുന്നു. എന്നാല്‍, ഹംഗലിലെ ബി.ജെ.പിയുടെ പരാജയം വരുംദിവസങ്ങളില്‍ ബസവരാജ് ബൊമ്മൈയുടെ നേതൃത്വം ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടാന്‍ വഴിയൊരുക്കിയേക്കും. തെരഞ്ഞെടുപ്പ് ഫലം ഇപ്പോഴത്തെ സര്‍ക്കാരിനെ ബാധിക്കില്ലെങ്കിലും 2023ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ആര് നയിക്കുമെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനും ബി.െജ.പി ഏറെ പാടുപെടും. ഹംഗലിലെ മുന്‍ ബി.ജെ.പി എം.എല്‍.എ സി.എം. ഉദാസിയുടെ കുടുംബത്തിലുള്ളവരെ സ്ഥാനാര്‍ഥിയാക്കാത്തതും ബി.ജെ.പിക്ക് തിരിച്ചടിയായി.

ഡി.കെ. ശിവകുമാര്‍ കെ.പി.സി.സി അധ്യക്ഷനായശേഷമുള്ള കോണ്‍ഗ്രസിന്‍റെ നിയമസഭ വിജയമാണ് ഹംഗലിലേത്. ഹംഗലില്‍ മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ അടുത്ത അനുയായിയിരുന്ന എം.എല്‍.എ സി.എം. ഉദാസിയുടെ മരണത്തെതുടര്‍ന്നും സിന്ദഗിയില്‍ ജെ.ഡി-എസ് എം.എല്‍.എ എം.സി മനഗുളിയുടെ നിര്യാണത്തെതുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പരാജയത്തില്‍ ആരെയും കുറ്റപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും എല്ലാവരും ചേര്‍ന്ന് കാരണം വിലയിരുത്തുമെന്നുമായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം.

Related News