Loading ...

Home National

മണ്ണെണ്ണ വിലയും കൂട്ടി; ചരിത്രത്തിലാദ്യമായി ലി‌റ്ററിന് എട്ട് രൂപയുടെ വര്‍ദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയ്‌ക്ക് പുറമെ മണ്ണെണ്ണയ്‌ക്കും വില വര്‍ദ്ധിപ്പിച്ചു.

ഒരു ലി‌റ്റര്‍ മണ്ണെണ്ണയ്‌ക്ക് 47 രൂപയായിരുന്നത് 55 രൂപയായാണ് വര്‍ദ്ധിച്ചത്. മൊത്തവ്യാപാര വില ലി‌റ്ററിന് 6.70 രൂപ കൂടിയിട്ടുണ്ട്. ഒറ്റയടിക്ക് എട്ടുരൂപ വര്‍ദ്ധിപ്പിച്ചത്. ചരിത്രത്തില്‍ ഇന്നുവരെയുള‌ളതില്‍ ഏ‌റ്റവും വലിയ വര്‍ദ്ധനയാണ്.

നിലവില്‍ മുന്‍ഗണന, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കെല്ലാം നവംബര്‍ മാസം മുതല്‍ പുതുക്കിയ വില നല്‍കേണ്ടിവരും. റേഷന്‍ വ്യാപാരികളില്‍ നിന്നും പുതിയ വിലയാണ് എണ്ണ കമ്ബനികള്‍ മണ്ണെ‌ണ്ണയ്‌ക്ക് ഈടാക്കുന്നത്. അടിസ്ഥാനവിലയ്‌ക്കൊപ്പം കമ്മീഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക്, കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ജിഎസ്‌ടി നികുതി രണ്ടര ശതമാനം എന്നിവയും ചേര്‍ത്ത് 51 രൂപയാണ് മണ്ണെണ്ണയുടെ വില. ഇത് ജനങ്ങളിലെത്തുമ്ബോള്‍ 55 രൂപ വരെയാകും.

പെട്രോളിനും ഡീസലിനും ഒരാഴ്‌ചയ്‌ക്കകം 8.86 രൂപയും 10.33 രൂപയുമാണ് വര്‍ദ്ധിച്ചത്. പാചകവാതകം വാണിജ്യ സിലിണ്ടറിന് 268 രൂപ വര്‍ദ്ധിച്ച്‌ ഏകദേശം 2000 രൂപയുടെ അടുത്തെത്തി. 19 കിലോ സിലിണ്ടറിന് 1994 രൂപയാണ് കൊച്ചിയില്‍ വില. ഗാര്‍ഹിക സിലിണ്ടറിന് 906.50 രൂപയായി. അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറിനും വില വര്‍ദ്ധനയുണ്ട്. 73.50 രൂപ വര്‍ദ്ധിച്ച്‌ 554.50 രൂപയായി.

Related News