Loading ...

Home International

താലിബാനെതിരെ പുതിയ പടയൊരുക്കം; മുന്‍ അഫ്ഗാന്‍ സൈനികര്‍ ഐ.എസ് ഖൊറാസന്‍ വിഭാഗത്തിലേക്ക്


കാബൂള്‍: താലിബാനെതിരെ പുതിയ പടനീക്കവുമായി ഐ.എസ്. ഇതുവരെ വടക്കന്‍ സഖ്യത്തെ നേരിട്ടിരുന്ന താലിബാനെതിരെ നീങ്ങുന്നത് മുന്‍ അഫ്ഗാന്‍ സൈനികരാ ണെന്നാണ് വെളിപ്പെടുത്തല്‍.

നിലവില്‍ അഫ്ഗാന്‍ സൈന്യമില്ലാത്ത അവസ്ഥയില്‍ ജോലിയില്ലാതായവരെയാണ് ഐ.എസ്. ശമ്ബളം നല്‍കി കൂടെചേര്‍ത്തത്. അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗങ്ങളാണ് ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്. ഇറാഖ്-സിറിയ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐ.എസ്-ഖൊറാസന്‍ വിഭാഗത്തിലേക്കാണ് താലിബാനെ ശത്രുവായി കാണുന്ന മുന്‍ അഫ്ഗാന്‍ സൈനികര്‍ ചേക്കേറുന്നത്.

അഫ്ഗാന്‍ സൈന്യത്തിലെ സാധാരണക്കാരേക്കാള്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന വിദഗ്ധന്മാരാണ് ഐ.എസ് സൈന്യത്തിലേക്ക് പോകുന്നതെന്നത് അതീവ ഗുരുതരമായ അവസ്ഥ മേഖലയില്‍ സൃഷ്ടിക്കുമെന്നാണ് സൂചന. അമേരിക്ക പരിശീലനം കൊടുത്ത ചാരന്മാര്‍ അടക്കം ഐ.എസ്-ഖൊറാസാന്റെ ഭാഗമായിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

നന്‍ഗര്‍ഹാറും കാണ്ഡഹാറും കേന്ദ്രമാക്കാനാണ് ഐ.എസ്-ഖൊറാസന്‍ വിഭാഗത്തിന്റെ ശ്രമം. ആഗസ്റ്റ് മാസത്തിന് ശേഷം ഈ രണ്ടു പ്രവിശ്യകളിലുമായി 65 ഭീകരരെ താലിബാന്‍ തടവിലാക്കിയെങ്കിലും ബോംബ് സ്‌ഫോടനങ്ങളിലൂടെ 200ലധികം പേരെയാണ് ഐ.എസ് കൊലപ്പെടുത്തിയത്.

പഞ്ചശീറിനെ താവളമാക്കി അഹമ്മദ് മസൂദ് നയിച്ച വടക്കന്‍ സഖ്യമാണ് താലിബാനെതിരെ അവസാന നിമിഷംവരെ പിടിച്ചുനിന്നത്. എന്നാല്‍ പഞ്ചശിര്‍ പാക് വ്യോമസേനയുടെ സഹായത്താല്‍ പിടിച്ചെടുത്താണ് അഫ്ഗാനിനകത്തെ വെല്ലുവിളിയെ താലിബാന്‍ നേരിട്ടത്. എന്നാല്‍ ഇനിയുണ്ടാകാനിരിക്കുന്നത് ഭീകരരുമായുള്ള അധികാര കിടമത്സരമാകുമെന്നാണ് വിലയിരുത്തല്‍.

വിവിധ പ്രവിശ്യകളെ പിടിച്ചുവച്ചിരിക്കുന്ന ഭീകരരില്‍ പ്രധാനി ഐ.എസ് ഖൊറാസന്‍ വിഭാഗമാണ്. അതേ സമയം പാക് അതിര്‍ത്തി മേഖലകളിലെ പ്രവിശ്യകളില്‍ ലഷ്‌ക്കറും ജയ്‌ഷെ മുഹമ്മദും താവളമാക്കികഴിഞ്ഞു.


Related News