Loading ...

Home National

തിരുവനന്തപുരം റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിര്‍ത്തലാക്കുന്നു ; ചുമതല ചെന്നൈ ബോര്‍ഡിന്

തിരുവനന്തപുരം: റെയില്‍വേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അവസാനിപ്പിക്കുന്നു . ദക്ഷിണ റെയില്‍വേക്കുള്ള മുഴുവന്‍ നിയമന നടപടികളും ചെന്നൈയിലെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴിലാക്കാനാണ് പുതിയ തീരുമാനം.

നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി (എന്‍.ആര്‍.എ.) യാഥാര്‍ഥ്യമായതിനെത്തുടര്‍ന്ന് മറ്റ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താന്‍ ധനമന്ത്രാലയo നിര്‍ദ്ദേശം നല്‍കിയിരുന്നു .അതിന്റെ മറവിലാണ് ചില റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത്.

ദക്ഷിണ റെയില്‍വേക്ക് കീഴില്‍ തിരുവനന്തപുരം, പാലക്കാട്, മധുര ഡിവിഷനുകള്‍ക്കു വേണ്ടിയാണ് തിരുവനന്തപുരം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പ് 'സി'യിലുള്ള ഗസറ്റഡ് അല്ലാത്ത തസ്തികകളുടെ നിയമനമാണ് ബോര്‍ഡിന്റെ ചുമതല. അപേക്ഷ ക്ഷണിച്ച്‌, പരീക്ഷയും അഭിമുഖവും നടത്തി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതാണ് പ്രധാന ജോലി. റെയില്‍വേ ജോലികളില്‍ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ഈ ബോര്‍ഡിന് കഴിഞ്ഞിരുന്നു. ഇത് നഷ്ടപ്പെടുന്നതോടെ മലയാളി പ്രാതിനിധ്യത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് .

ഗ്രൂപ്പ് ബി, സി കാറ്റഗറികളിലുള്ള നോണ്‍ ഗസറ്റഡ് തസ്തികകളുടെ പ്രാഥമിക നിയമന പരീക്ഷ (കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ്) നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുമെന്നാണ് സര്‍ക്കാര്‍ നിലപാട് . രണ്ടാംഘട്ടം മുതലുള്ള നിയമന നടപടികള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.ബി.), റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍.ആര്‍.ബി.), ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) തുടങ്ങിയ ഏജന്‍സികള്‍ പൂര്‍ത്തിയാക്കും.

ഈ ഏജന്‍സികള്‍ നിര്‍ത്താതെ തന്നെ അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. അതില്‍നിന്ന് വ്യത്യസ്തമായാണ് ചില ആര്‍.ആര്‍.ബി.കള്‍ നീക്കുന്നത് .

Related News