Loading ...

Home Kerala

സംസ്ഥാനത്ത് 24 കുഞ്ഞുങ്ങളില്‍ കൊറോണക്ക് സമാനമായ ലക്ഷണങ്ങളുള്ള ആര്‍.എസ്.വി രോഗം

കോഴിക്കോട് : കൊറോണയ്‌ക്ക് സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആര്‍.എസ്.വി. (റെസിപിറേറ്ററി സിന്‍സിഷ്യല്‍ വൈറസ് ) രോഗബാധ. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നാലുമാസത്തിനിടെ പരിശോധന നടത്തിയ 55 കുട്ടികളില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രോഗബാധ സ്ഥിരീകരിച്ചതോടെ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

18 മാസത്തില്‍ താഴെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗം കാണപ്പെടുന്നത്. താരതമ്യേന പുതിയ വൈറസ് രോഗമാണിത്. ശ്വാസതടസ്സം, മൂക്കൊലിപ്പ്, പനി, കഫം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്‍. ചില കുഞ്ഞുങ്ങളില്‍ ന്യൂമോണിയയുടേതുപോലുള്ള ലക്ഷണങ്ങളും പ്രകടമാവാറുണ്ട്.മഴക്കാലത്തും തണുപ്പുള്ള കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

നാലുപേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗം കൂടുതലായി കാണുന്ന സാഹചര്യത്തില്‍ രോഗികളായ കുഞ്ഞുങ്ങളുടെ ലിസ്റ്റ് പരിശോധിച്ച്‌ പ്രാദേശികമായ എന്തെങ്കിലും കാരണങ്ങള്‍ രോഗബാധക്കുണ്ടോ എന്ന കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസ് അധികൃതര്‍ വിലയിരുത്തുന്നുണ്ട്.

കൊറോണ വ്യാപനത്തെതുടര്‍ന്ന് ഒന്നരവര്‍ഷത്തോളം കുട്ടികള്‍ പുറത്തിറങ്ങാതിരുന്നതിനാല്‍ അവരുടെ സ്വാഭ്വാവിക രോഗപ്രതിരോധശേഷി കുറയുകയും ഇപ്പോള്‍ പുറത്തിറങ്ങിയതുമാവാം രോഗം കൂടുതലായി കാണപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ആര്‍.എസ്.വി രോഗം സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.കുട്ടികളില്‍ ചുരുക്കമായി ഈ രോഗം മുന്‍പും കാണാറുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Related News