Loading ...

Home Kerala

കേരളത്തില്‍ ശൈശവ വിവാഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു; എട്ടുമാസത്തിനിടെ നടന്നത് 45 ശൈശവ വിവാഹങ്ങള്‍

തിരുവനന്തപുരം : കേരളത്തില്‍ ശൈശവവിവാഹങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇക്കൊല്ലം ഓഗസ്റ്റ് മാസം വരെ മാത്രം സംസ്ഥാനത്ത് 45 ശൈശവവിവാഹങ്ങള്‍ നടന്നു. കഴിഞ്ഞ വര്‍ഷം ഇത് 41 ആയിരുന്നു. ശിശുക്ഷേമവകുപ്പിന് ലഭിച്ച പരാതികളുടേയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്.അതേസമയം, വകുപ്പ് അറിയാത്ത നിരവധി വിവാഹങ്ങള്‍ വേറെയുമുണ്ട്.ഏറ്റവും അധികം നടന്നത് വയനാട് ജില്ലയിലാണ് .2021 ല്‍ മാത്രം വയനാട്ടില്‍ നടന്നത് 36 വിവാഹങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഇത് 27 ആയിരുന്നു.അതായത് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ശൈശവ വിവാഹങ്ങളില്‍ ഭൂരിഭാഗവും നടന്നത് വയനാട് ജില്ലയിലാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

മദ്ധ്യകേരളത്തില്‍ ഏറ്റവുമധികം ശൈശവ വിവാഹങ്ങള്‍ നടന്നത് ഇടുക്കിയിലാണ്. മൂന്ന് വിവാഹങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്. കോട്ടയത്തും എറണാകുളത്തും രണ്ട് വീതവും തൃശ്ശൂരില്‍ ഒരു വിവാഹവും നടന്നു. ജില്ലകളിലെ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ മൂന്ന് ശൈശവ വിവാഹങ്ങള്‍ നടന്നിരുന്നു. ഇടുക്കിയില്‍ രണ്ടും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓരോ വിവാഹവും നടന്നിട്ടുണ്ട്.

2020 ഏപ്രില്‍ മാസം മുതല്‍ 2021 മാര്‍ച്ച്‌ മാസം വരെ ശിശുക്ഷേമ സമിതിക്ക് ലഭിച്ച 145 പരാതികളില്‍ 109 വിവാഹങ്ങളും തടയാന്‍ സാധിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത്.

ഒന്നരവര്‍ഷത്തിനുള്ളില്‍ വിവിധ ജില്ലകളില്‍നിന്ന് കോടതികളിലെത്തിയ 28 കേസുകളില്‍ രണ്ടെണ്ണത്തില്‍ ശിക്ഷിച്ചു, 19 എണ്ണം തടഞ്ഞുവച്ചു. കണ്ണൂര്‍ ജില്ലയില്‍നിന്നാണ് കൂടുതല്‍ പരാതികള്‍ കോടതിയുടെ പരിഗണനയിലെത്തിയത്. 14 പരാതികളാണ് ഇത്തരത്തില്‍ എത്തിയത്. 12 എണ്ണം കോടതിയും രണ്ടെണ്ണം ശിശുക്ഷേമസമിതിയും തടഞ്ഞു.കോഴിക്കോട്, കാസര്‍കോട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രണ്ട് വര്‍ഷത്തിനിടെ ശൈശവവിവാഹം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related News