Loading ...

Home Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്.

കേരള തീരത്ത് നിലവില്‍ മത്സ്യബന്ധത്തിന് തടസമില്ല. എന്നാല്‍ നാളെ രാത്രി വരെ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം. 25 ദിവസം വൈകിയാണ് തുലാവര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31വരെ വരെയാണ് തുലാവര്‍ഷ മഴയായി കണക്കാക്കുന്നത്. പ്രവചന പ്രകാരം 92 ദിവസത്തില്‍ ലഭിക്കേണ്ട മഴ 491.6 mm ആണ്. എന്നാല്‍ ശനിയാഴ്ച വരെ കേരളത്തില്‍ ലഭിച്ചത് 523.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ ഇത്തവണ തുലാവര്‍ഷം കേരളത്തില്‍ സാധാരണയില്‍ കൂടുതലായിരിക്കുമെന്ന് സൂചന നല്‍കിയിരുന്നു.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

Related News