Loading ...

Home National

ടാറ്റ പവറുമായി സഹകരിക്കാന്‍ ഐഐടി ഡല്‍ഹി

ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഘട്ടത്തില്‍ നിന്ന് പൈലറ്റ് സ്റ്റേജിലേക്ക് കടക്കാന്‍ കഴിയുന്ന ക്ലീന്‍ എനര്‍ജിപദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ സഹകരിക്കാന്‍ കരാര്‍ ഒപ്പിട്ട് ഐഐടി ഡല്‍ഹിയും ടാറ്റ പവറും. സ്മാര്‍ട്ട് ഗ്രിഡ് സാങ്കേതികവിദ്യ, ക്ലീന്‍ എനര്‍ജി സൊല്യൂഷന്‍സ് തുടങ്ങിയ മേഖലകളില്‍ സഹകരിക്കുന്നതിനായി ഐഐടി ഡല്‍ഹിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി ടാറ്റ പവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ദ്ധര്‍ ധാരാളമുള്ള സ്ഥാപനങ്ങള്‍ എന്ന നിലയില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സഹകരണം അക്കാദമിക, ഗവേഷണ മേഖലയ്ക്കും ബിസിനസ് മേഖലയ്ക്കും ഇടയില്‍ കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് ടാറ്റ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇലക്‌ട്രിക് വാഹനങ്ങള്‍, നിര്‍മിതബുദ്ധി, മെഷീന്‍ ലേര്‍ണിംഗ്, ഹൈഡ്രജന്‍ സാങ്കേതികവിദ്യ, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം, മോണിറ്ററിങ് ആന്‍ഡ് സെന്‍സിങ് സൊല്യൂഷന്‍സ്, മൈക്രോഗ്രിഡ്സ് തുടങ്ങിയ മേഖലകളില്‍ ഗവേഷണ-വികസന ഘട്ടത്തില്‍ നിന്ന് പൈലറ്റ് സ്റ്റേജിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന പദ്ധതികള്‍ കണ്ടെത്തി പ്രവര്‍ത്തിക്കാനാണ് ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്.

"ഇന്ത്യയിലെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഐഐടി ഡല്‍ഹിയ്ക്ക് ടാറ്റ പവറുമായി ഈ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഊര്‍ജോത്പാദനത്തിലും ഊര്‍ജവിതരണത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെ വികാസത്തിന് ഈ പങ്കാളിത്തം കാരണമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു", ഐഐടി ഡല്‍ഹി ഡയറക്റ്റര്‍ പ്രതികരിച്ചു.

"ഊര്‍ജമേഖലയില്‍ സുസ്ഥിരവും പരിവര്‍ത്തനാത്മകവുമായ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുക എന്നതായിരുന്നു എക്കാലത്തും ടാറ്റ പവറിന്റെ ലക്ഷ്യം. മികവുറ്റ ഗവേഷണസ്ഥാപനമായ ഐഐടി ഡല്‍ഹിയുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. രാജ്യത്ത് ക്ലീന്‍ എനര്‍ജി എക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തുന്ന വിധത്തില്‍ പുതിയ സാങ്കേതികവിദ്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അടിത്തറയൊരുക്കാന്‍ ഈ സഹകരണത്തിന് കഴിയും", ടാറ്റ പവര്‍ സിഇഓയും മാനേജിങ് ഡയറക്റ്ററുമായ പ്രവീര്‍ സിന്‍ഹ പറഞ്ഞു.

Related News