Loading ...

Home National

മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച്‌ മേല്‍നോട്ട സമിതി ഉടന്‍ തീരുമാനമെടുക്കണം -സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോയെന്ന് സുപ്രീംകോടതി. ജലനിരപ്പ് സംബന്ധിച്ച്‌ കേരള, തമിഴ്നാട് സംസ്ഥാനങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ക്ക് തയാറാകണം. ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതി ഉടന്‍ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എം.എം. ഖന്‍വീല്‍കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്യണം. കൃത്യസമയത്ത് ചര്‍ച്ച നടക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അങ്ങനെ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്താല്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തണമെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജഗദീപ് ഗുപ്ത ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ അണക്കെട്ടിന് സമീപം താമസിക്കുന്നവരുടെ ജീവന്‍ അപകടത്തിലാവും. ആളുകള്‍ ഭീതിയോടെയാണ് കഴിയുന്നത്. മുല്ലപ്പെരിയാര്‍ പരിസരത്ത് വലിയ തോതില്‍ മഴ ചെയ്യുകയാണ്. വരും ദിവസങ്ങളിലും മഴ കൂടാന്‍ സാധ്യതയുണ്ട്. 2018ലെ പോലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് വിഷയത്തില്‍ അടിയന്തര സാഹചര്യമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018ല്‍ 139 അടിയായി നിജപ്പെടുത്തി സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ഈ സമയത്ത് ജലനിരപ്പ് 139 അടിക്ക് മുകളിലായിരുന്നു. ഇന്ന് രാവിലെ ഏഴു മണിവരെ 137.2 അടിയാണ് ജലനിരപ്പ്. 2220 ക്യൂസെസ് വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അതിനാല്‍, 139 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യമില്ലെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി.

Related News