Loading ...

Home International

കാടിന് തീയിട്ടു; കുറ്റക്കാരായ 24 പേരെ പരസ്യമായി തൂക്കിക്കൊന്ന് സിറിയ

ഡമാസ്‌കസ്:സിറിയയില്‍ 24 പേരെ പരസ്യമായി തൂക്കിക്കൊന്നു.സിറിയയില്‍ വ്യാപക നാശം വിതച്ച കാട്ടുതീക്ക് കാരണമായെന്ന് തെളിഞ്ഞവരെയാണ് തൂക്കിലേറ്റിയത്.ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുന്ന സിറിയയില്‍ വധശിക്ഷകളും കൊലപാതകങ്ങളും സാധാരണമാണെങ്കിലും 24 പേരെ പരസ്യമായി തൂക്കിലേറ്റിയത് അത്യപൂര്‍വ്വമായി

2020 ഒക്ടോബറിലാണ് ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമി കത്തി നശിച്ച തീപിടുത്തം സിറിയയില്‍ ഉണ്ടായത്. ഉഷ്ണതരംഗത്തെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നായിരുന്നു ആദ്യ നിഗമനം. തീ ശക്തമായതോടെ നിരവധി രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്ക് ഭീഷണിയായി. സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളായ ലതാകിയയിലും മധ്യ പ്രവിശ്യയായ ഹോംസിലും തീ വ്യാപക നഷ്ടമുണ്ടാക്കി. ആയിരക്കണക്കിന് ഏക്കര്‍ വനം കത്തി നശിച്ചതിനൊപ്പം മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. തീപിടുത്തവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ കാടിന് തീയിട്ടതാണെന്ന് കണ്ടെത്തി.ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 24 പേര്‍ പിടിയിലായത്.

വിചാരണയ്‌ക്കിടെ 24 പേരും കുറ്റം സമ്മതിച്ചിരുന്നതായി നീതിന്യായ വകുപ്പ് വ്യക്തമാക്കി.രാജ്യത്തിന്റെ പൊതുസ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ട സംഭവം തീവ്രവാദത്തിന് സമാനമാണെന്ന് കോടതി വിലയിരുത്തി.ഭീകരവാദ കുറ്റം ചുമത്തിയാണ് 24 പേര്‍ക്കും വധശിക്ഷ വിധിച്ചത്. ഇതേ കേസില്‍ തന്നെ 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ജയില്‍ ശിക്ഷ 10 മുതല്‍ 12 വര്‍ഷം വരെയാണെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച വധശിക്ഷയ്‌ക്ക് വിധേയരായവരില്‍ 2020 അവസാനത്തോടെ തടവിലാക്കപ്പെട്ടവരും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇവര്‍ തീ വെക്കാനുള്ള പദ്ധതിയിട്ടിരുന്നതായി സമ്മതിച്ചതായി നീതിന്യായ മന്ത്രാലയം പറഞ്ഞു.280 പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബാധിച്ച തീപിടുത്തത്തില്‍ 370 വീടുകള്‍ നശിച്ചെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മൊത്തം 24,000 ഹെക്ടര്‍ (59,300 ഏക്കര്‍) വനങ്ങളും തോട്ടങ്ങളും തീയില്‍ കത്തിനശിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Related News