Loading ...

Home International

ദക്ഷിണ കൊറിയയില്‍ തൊഴിലാളി പ്രക്ഷോഭം

ദക്ഷിണ കൊറിയയില്‍ മെച്ചപ്പെട്ട ജോലി സാഹചര്യം ആവശ്യപ്പെട്ട് തൊഴിലാളി പ്രക്ഷോഭം. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടത് കടുത്ത സാമ്ബത്തിക പ്രതിസന്ധിക്ക് കാരണമായ സാഹചര്യത്തിലാണ് കൊറിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ (കെ.സി.ടി.യു) പ്രവര്‍ത്തകരുടെ പ്രതിഷേധം. നെറ്റ്ഫ്ലിക്സില്‍ ഏറെ പ്രചാരം നേടിയ 'സ്‌ക്വിഡ് ഗെയിം' എന്ന സീരീസിലെ കഥാപാത്രങ്ങളായി, ചുവന്ന നിറത്തിലുള്ള ജംപ് സ്യൂട്ടുകളും, മുഖം മൂടിയും ധരിച്ചായിരുന്നു ആയിരങ്ങള്‍ ഇന്ന് സിയോള്‍ നഗരത്തില്‍ ഒത്തുകൂടിയത്.
ഡ്രം മുഴക്കിയും ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചും പാട്ടു പാടിയും നൃത്തം ചെയ്തും പ്രതിഷേധക്കാര്‍ സിയോള്‍ നഗരം കീഴടക്കി. അസമത്വം തകരട്ടെ, യുവാക്കള്‍ക്ക് സുരക്ഷിതമായ ജോലി തുടങ്ങിയ മുദ്രാവാക്യങ്ങളും കൊടികളും പ്രതിഷേധത്തിന്‍റെ ഭാഗമായി.

അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും അന്യായമായി സംഘം ചേര്‍ന്നതിനും സിയോള്‍ ഭരണകൂടം തൊഴിലാളി നേതാക്കള്‍ക്കെതിരെ കേസെടുത്തു. ഭരണകൂടത്തിന്‍റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും, പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും കെ.സി.ടി.യു വക്താവ് ഹാന്‍ സാംഗ്-ജിന്നിനെ ഉദ്ധരിച്ച്‌ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പോരാട്ടങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയുമാണ് കെ.സി.ടി.യു ഉയര്‍ന്നു വന്നതെന്നും കോവിഡിന്റെ പേരില്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും സാംഗ്-ജിന്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യത്തില്‍ കൂട്ടം ചേരാതെ ഒരാള്‍ക്കു മാത്രമേ രാജ്യതലസ്ഥാനത്തും ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രതിഷേധിക്കാന്‍ അനുമതിയുള്ളൂ.



Related News