Loading ...

Home Kerala

സംസ്ഥാനത്ത്​ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം റെക്കോഡില്‍

മൂലമറ്റം: സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതി ഉല്‍പാദനം റെക്കോഡില്‍. ബുധനാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരം ആഭ്യന്തര ഉപഭോഗം 72.17 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 40.61 ദശലക്ഷവും സംസ്ഥാനത്ത് തന്നെ ഉല്‍പാദിപ്പിച്ചു. മൊത്തം ഉപഭോഗത്തിെന്‍റ 56.2 ശതമാനമാണിത്.

ശക്തമായ മഴയില്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചതാണ് പരമാവധിയില്‍ എത്താന്‍ കാരണം. ഏറ്റവും വലിയ ജലവൈദ്യുതി നിലയമായ ഇടുക്കിയില്‍ ബുധനാഴ്ച രാവിലെ എട്ട് വരെ 14.85 ദശലക്ഷം യൂനിറ്റ് ഉല്‍പാദിപ്പിച്ചു.

സമീപകാലത്തെ ഏറ്റവും കൂ ടിയ ഉല്‍പാദനമാണിത്.മുന്‍ കാലങ്ങളില്‍ മൊത്തം ഉപഭോഗത്തിെന്‍റ 30 ശതമാനം മാത്രമായിരുന്നു ആദ്യന്തര ഉല്‍പാദനം. ബാക്കി 70 ശതമാനവും പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്. ഇന്നലെ 31.55 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമെ പുറത്തുനിന്നും വാങ്ങേണ്ടി വന്നുള്ളൂ.

ആറ് ജനറേറ്ററുകളില്‍ ഒന്ന് അറ്റകുറ്റപ്പണിയില്‍ ആയിരുന്നു. വ്യാഴാഴ്ച മുതല്‍ ആറ് ജനറേറ്ററുകളും പ്രവര്‍ത്തിക്കും. ഇതു വഴി 30 ലക്ഷം യൂനിറ്റ് വൈദ്യുതി കൂടി ഉല്‍പാദിപ്പിക്കാനാകും. ശബരിഗിരി 5.2 ദശലക്ഷം യൂനിറ്റ്, ഇടമലയാര്‍ 1.7, ഷോളയാര്‍ 1.30, കുറ്റ്യാടി 3.94, ലോവര്‍പ്പെരിയാര്‍ 3.65, നേര്യമംഗലം 1.7 എന്നിങ്ങനെയാണ് മറ്റ് പ്രധാന നിലയങ്ങളിലെ ഉല്‍പാദനം.

മഴ മൂലം മിക്ക ഡാമുകളും നിറഞ്ഞതിനാല്‍ വെള്ളം ഒഴുക്കിക്കളയുകയാണ്. ഇതുമൂലം കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്ന നഷ്ടം കുറക്കാനാണ് ഉല്‍പാദനം പരമാവധി ആക്കിയത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്ന മഴ 203.7 മില്ലിമീറ്ററാണ്. എന്നാല്‍, 455.1 മില്ലീമീറ്റര്‍ ലഭിച്ചു. ഇത് 123 ശതമാനം അധികമാണ്.

Related News