Loading ...

Home health

അവയവമാറ്റ ശസ്ത്രക്രിയയില്‍ വന്‍ ചുവടുവെപ്പ്; പന്നിയുടെ വൃക്ക മനുഷ്യനില്‍ വിജയകരമായി പരീക്ഷിച്ചു

ന്യൂയോര്‍ക്ക് : പന്നിയുടെ വൃക്ക മനുഷ്യനില്‍ വച്ച്‌ പിടിപ്പിച്ച്‌ ചരിത്ര നേട്ടവുമായി ന്യൂയോര്‍ക്കിലെ ഡോക്ടര്‍മാര്‍ . ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയില്‍ വച്ച്‌ പിടിപ്പിച്ചത്. സെപ്റ്റംബറില്‍ നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് ഇപ്പോഴാണ്.

വൃക്ക നിരസിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ശരീരം കാട്ടിയില്ലെന്നും ഉടന്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു . മനുഷ്യശരീരം പന്നിയുടെ വൃക്ക നിരസിക്കാതിരിക്കുന്നതിനുവേണ്ടിയാണ് ജനിതകമാറ്റം വരുത്തിയത് . തങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണ് ശസ്ത്രക്രിയ ഫലപ്രദമായതെന്ന് എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്തില്‍ ടീമിനെ നയിക്കുന്ന ഡോ. റോബര്‍ട്ട് മോണ്ട്ഗോമറി പറഞ്ഞു .

"ജീവിച്ചിരിക്കുന്ന ഒരു ദാതാവില്‍ നിന്ന് അവയവം മാറ്റി വയ്‌ക്കുന്നത് പോലെയല്ല ഇത് . മരിച്ചവരില്‍ നിന്നുള്ള ധാരാളം വൃക്കകള്‍ ഉടന്‍ പ്രവര്‍ത്തിക്കില്ല, അത് പ്രവര്‍ത്തനം ആരംഭിക്കാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുക്കും. എന്നാല്‍ ഇത് ഉടന്‍ പ്രവര്‍ത്തിച്ചു." അദ്ദേഹം പറഞ്ഞു.വൃക്കയിലേക്കുള്ള രക്തക്കുഴലുകള്‍ ശരീരത്തിനു പുറത്തേക്ക് എടുത്താണ് പുതിയ വൃക്കയോട് ചേര്‍ത്തത്. തുടര്‍ന്ന് വൃക്ക സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുകയും മൂത്രം ഉല്‍പാദിപ്പിക്കുകയും ചെയ്തു .

നൂറുകണക്കിനു വര്‍ഷങ്ങളായി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മാറ്റിവയ്‌ക്കല്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മൃഗങ്ങളുടെ രക്തം, ചര്‍മം എന്നിവ മനുഷ്യരില്‍ ഉപയോഗിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ചിമ്ബാന്‍സികളുടെ വൃക്കകള്‍ ഏതാനും മനുഷ്യര്‍ക്ക് വച്ചുപിടിപ്പിച്ചിരുന്നു.പന്നികളുടെ ഹൃദയവാല്‍വുകള്‍ മനുഷ്യരില്‍ ഉപയോഗിച്ചിട്ടുണ്ട്.

പന്നികളുടെ , ഹ്രസ്വ ഗര്‍ഭകാലം, അവയവങ്ങള്‍ എന്നിവ മനുഷ്യരുമായി താരതമ്യപ്പെടുത്താവുന്നതാണ്. എന്നാല്‍ അവരുടെ കോശങ്ങളില്‍ ആല്‍ഫ-ഗാല്‍ എന്ന പഞ്ചസാര പോലെയുള്ള പദാര്‍ത്ഥം മനുഷ്യരില്‍ ഉടനടി അവയവ നിരസനത്തിന് കാരണമാകുന്നു. അത് നീക്കം ചെയ്ത ശേഷമാണ് പന്നിയില്‍ നിന്ന് വൃക്ക മാറ്റി വച്ചത് .

പക്ഷേ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ജനിതകമാറ്റം വരുത്തിയ പന്നികളില്‍ നിന്ന് വൃക്ക, ഹൃദയം, കരള്‍ മാറ്റിവയ്‌ക്കല്‍ എന്നിവ ആരംഭിക്കുന്നതിന് ഇനിയും കാലങ്ങള്‍ വേണ്ടി വരും .

Related News