Loading ...
അനന്തപുരി / ദ്വിജൻ
കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി 3,240 ദിവസം കേരളം ഭരിച്ച കെ. കരുണാകരനോട് അനീതി കാണിച്ചു എന്ന കെപിസിസി അഡ്ഹോക് അധ്യക്ഷൻ എം.എം. ഹസന്റെ വിലാപം ആത്മാർഥമോ? കരുണാകരനു കാറപകടമുണ്ടായി ചികിത്സയിലായിരുന്ന കാലത്തു നടന്ന കളികൾ കണ്ട് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി.വി. ആനന്ദബോസ് ഐഎഎസ് തികച്ചും വ്യക്തിപരമായ ഒരു സംഭാഷണത്തിൽ ചോദിച്ചു, കരുണകരനെ ലീഡറായല്ല ലാഡർ (ഗോവണി) ആയാണ് ഇവരെല്ലാം കണക്കാക്കുന്നതെന്നു മനസിലായില്ലേ എന്ന്. ഹസന്റെ വിലാപം ആ സത്യവും എട്ടാം ക്ലാസ് വിദ്യാഭ്യാസവുമായി കണ്ണൂരിൽനിന്നു ചിത്രരചന പഠിക്കാൻ തൃശൂരിലെത്തിയ കരുണാകരനെ നാലുവട്ടം കേരളത്തിലെ മുഖ്യമന്ത്രിയാക്കിയ പാർട്ടിയോട് അദ്ദേഹം ചെയ്തതുമെല്ലാം ഓർമിപ്പിക്കുന്നു.
കെപിസിസിയുടെ അഡ്ഹോക് പ്രസിഡന്റായ ഹസൻ ചാരക്കേസിൽ കരുണാകരനോടു ചെയ്ത അനീതിയെക്കുറിച്ചു സങ്കടപ്പെടുന്നതും അദ്ദേഹത്തെ ലാഡറാക്കി എന്തോ കയറ്റം പ്രതീക്ഷിച്ചാണെന്ന് ആർക്കാണറിയാത്തത്? ഭരതനെ രാജാവാക്കിയാൽ മാത്രം പോരാ, രാമനെ വനവാസത്തിനും അയയ്ക്കണം എന്ന മന്ഥര സിൻഡ്രോമിന്റെ കൂടി അടയാളം. കളി പാളുന്നു എന്നു കണ്ടതോടെ എനിക്ക് ആന്റണിയും ഉമ്മൻ ചാണ്ടിയും ഒരുപോലെ നേതാക്കളാണ്, ഒരുപോലെ കൂറുണ്ട് എന്നൊക്കെ ഏറ്റുപറയുന്നതും വെറുതെയല്ലല്ലോ?
ചാരക്കേസിലോ രാജി?
കരുണാകരനു ചാരക്കേസിന്റെ കാലത്ത് എന്തുകൊണ്ടാണു രാജിവയ്ക്കേണ്ടിവന്നത്? കരുണാകരനു ചാരക്കേസിൽ ബന്ധമുണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ആരോപണവിധേയരായ ചില ഉദേ്യാഗุസ്ഥരെ അദ്ദേഹം വഴിവിട്ടു സഹായിക്കുന്നു എന്നു വന്നതല്ലാതെ എന്തായിരുന്നു അക്കാര്യത്തിൽ പരാതി. ആ കേസ് നരസിംഹറാവുവിന്റെ മകനുവേണ്ടി തൂത്തുമായ്ച്ചു കളയാൻ കൂട്ടുനിന്നു എന്നും അക്കാലത്തു പറഞ്ഞിരുന്നു. ആ റാവുപോലും കൈവിട്ടതുകൊണ്ടായിരുന്നില്ലേ രാജി? യുഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും വെറുപ്പിച്ച മുഖ്യമന്ത്രിയായിരുന്നു അന്നു കരുണാകരൻ. അദ്ദേഹം വീണതു താൻതന്നെ ഉണ്ടാക്കിയ രാഷ്ട്രീയക്കുരുക്കിലാണ്. പാർട്ടിയിലെ എതിരാളികളും അതു മുതലാക്കി. അങ്ങനെ ചെയ്യാത്ത ആരുണ്ട് കോൺഗ്രസിൽ?
കേരളം കണ്ട കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച നേതാവാണു കരുണാകരൻ. രാഷ്ട്രീയക്കളികളുടെ വല്ലഭനായിരുന്നു എങ്കിലും ജനങ്ങളെ സ്നേഹിച്ചിരുന്ന നേതാവാണ് അദ്ദേഹം. അവർക്കുവേണ്ടി മൊത്തത്തിലും കൂടെ നിൽക്കുന്നവർക്കു വേണ്ടി പ്രത്യേകിച്ചും കൈയും മെയ്യും മറന്നു പ്രവർത്തിക്കാൻ അദ്ദേഹത്തിനു മനസും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്നും അദ്ദേഹത്തെ അറിയുന്നവരുടെ ഹൃദയത്തിൽ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ട്.
1961ൽ തട്ടിൽ എസ്റ്റേറ്റിലെ മാനേജർ ജോണിനെ ഐഎൻടിയുസിക്കാർ വധിച്ച കേസിൽ പ്രതിയാക്കപ്പെട്ടതു മുതൽ കരുണാകരൻ വിവാദപുരുഷനാണ്.
ആന്റണി, രവി, സുധീരൻ, സിറിയക് ജോണ്‍
അടിയന്തരാവസ്ഥയിൽ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരൻ രാജൻ കേസിൽ പെട്ടു ആദ്യമായി കിട്ടിയ മുഖ്യമന്ത്രിസ്ഥാനം വിടേണ്ടിവന്നു.
ആഭ്യന്തരവകുപ്പ് ഉപയോഗിച്ച് എതിരാളികളെ ഒതുക്കുന്ന കളി സാക്ഷാൽ എ.കെ. ആന്റണിയോടു വരെ കരുണാകരൻ നടത്തി. അദ്ദേഹത്തിനെതിരേ ഇന്റലിജൻസുകാരെക്കൊണ്ട് കേന്ദ്രത്തിലേക്കു സ്ഥിരം പരാതികൾ അയപ്പിച്ചിരുന്നു.
1982ൽ വീണ്ടും മുഖ്യമന്ത്രിയായ കരുണാകരൻ ആരെയെല്ലാമാണ് ഒതുക്കിയത്! ആന്റണി കോണ്‍ഗ്രസായും ഇന്ദിരാ കോണ്‍ഗ്രസായും മത്സരിച്ച കോണ്‍ഗ്രസുകാർ ലയിച്ച് ഒന്നായി. ആ ബലത്തിൽ കരുണാകരൻ ആന്റണി ഗ്രൂപ്പുകാരനായ സിറിയക് ജോണിനെ മന്ത്രിസഭയിൽ നിന്നുപുറത്താക്കി. കെ.കെ. ബാലകൃഷ്ണനും പുറത്താക്കപ്പെട്ടു. ആ മന്ത്രിസഭയുടെ കാലത്താണ് വയലാർ രവിയുടെ ആഭ്യന്തരവും മാണിയുടെ ധനകാര്യവും മുഖ്യമന്ത്രി പിടിച്ചെടുത്തത്. മുഖ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ചു രവി രാജിവച്ചു. ഉമ്മൻ ചാണ്ടി ഏകോപനസമിതി കണ്വീനർസ്ഥാനവും രാജിവച്ചു. മാണി ഒതുങ്ങിക്കൂടി. കരുണാകരൻ അജയ്യനായി മുന്നേറി.
1991 ലെ മന്ത്രിസഭയിൽ ആന്റണി ഗ്രൂപ്പിന്റെ പ്രതിനിധിയായി വി.എം. സുധീരനെ ഉൾപ്പെടുത്താൻ ആന്റണി പറഞ്ഞിട്ടും കരുണാകരൻ കൂട്ടാക്കിയില്ല. അന്നുമുതൽ സുധീരനും കരുണാകരനും ഉടക്കിലായി. 2001 ൽ ആന്റണി മന്ത്രിസഭ ഉണ്ടാക്കിയപ്പോൾ ആന്റണിക്ക് ആഗ്രഹമുള്ളവരെ മന്ത്രിസഭയിൽ എടുക്കാനാവാത്തവിധം തന്റെ ഗ്രൂപ്പിന്റെ മന്ത്രിമാരെ നിശ്ചയിക്കുകയും ചെയ്തു.
കെ.ആർ. നാരായണൻ, സേവ്യർ അറയ്ക്കൽ
ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം 1984ൽ കേരളത്തിൽ നിന്നു ലോക്സഭയിലേക്കു മത്സരിക്കാൻ എത്തിയ നയതന്ത്രജ്ഞൻ കെ.ആർ. നാരായണനു ലീഡർ ശരിയാക്കിയത് സിപിഎം തട്ടകമായ ഒറ്റപ്പാലം. അവിടെ ജനം നാരായണനെ ജയിപ്പിച്ചപ്പോൾ അതു തന്റെ നേട്ടമായി വാദിച്ചു. കോഴിക്കോട്ട് മകൻ കെ. മുരളീധ രനെ മത്സരിപ്പിച്ചു സീറ്റ് കളഞ്ഞു. തൃശൂരിൽ അദ്ദേഹവും തോറ്റു. വടക്കാഞ്ചേരിയിൽ സിറ്റിംഗ് എംഎൽഎ ബലറാമിനെ രാജിവയ്പിച്ച് മകൻ മുരളീധരനെ മത്സരിപ്പിച്ചു. മകനും തോറ്റു. മകൾ പത്മജയെ മുകുന്ദപുരത്തു മത്സരിപ്പിച്ച് സീറ്റ് നഷ്ടപ്പെടുത്തി.
1997 ൽ കെ.ആർ. നാരായണൻ രാഷ്ട്രപതി ആകാനിടയായതും അക്കാലത്ത് കോണ്‍ഗ്രസിലെ വലിയ ശക്തികേന്ദ്രമായിരുന്ന ലീഡർ ആലോചനകളിൽ പങ്കെടുക്കാതിരുന്നതുകൊണ്ടാണെന്നു ചിത്രീകരണമുണ്ടായിരുന്നു. നാരായണൻ കരുണാകരനേക്കാൾ ഏറെ ഉയരത്തിലായി. ഇന്ദിരാ വിഭാഗത്തിന്റെ തുടക്കകാല നേതാവായിരുന്ന സേവ്യർ അറയ്ക്കലിനെ നിഗ്രഹിച്ചു. വലംകൈയായിരുന്ന ജോസ് കുറ്റ്യാനിയെയും ഒന്നുമല്ലതാക്കി.
രമേശും തിരുത്തൽവാദികളും
തന്നോടൊപ്പം ഒരിലയിൽ ഉണ്ട രമേശ് ചെന്നിത്തലയും ജി. കാർത്തികേയൻ, എം.ഐ. ഷാനവാസ്, പന്തളം സുധാകരൻ, ജോസഫ് വാഴയ്ക്കൻ എന്നിവരും ചേർന്ന കരുണാകരന്റെ യുവനിര പ്രാണഭയം കൊണ്ടുതിരുത്തൽവാദികളായി. മുരളി കരുണാകരന്റെ സ്ഥാനത്തേക്കു വന്നതാണ് അവരെ ഭയപ്പെടുത്തിയത്. കരുണാകരൻ ആശുപത്രിയിലായിരിക്കുന്പോൾ അവിടെനിന്നു മാറാതെനിന്ന നേതാവായിരുന്നു കാർത്തികേയൻ. തിരുവനന്തപുരം എംഎൽഎ ആയിരുന്ന കാർത്തികേയനെ സർക്കാർ ടൂറിസം വാരാഘോഷത്തിന്റെ വേദിയിൽവച്ചു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അപമാനിച്ചു. രമേശ് കോട്ടയത്തു തോറ്റതു ലീഡറുടെ ചരിത്രപ്രസിദ്ധമായ പ്രസംഗംകൊണ്ടായിരുന്നു.
കേരള കോണ്‍ഗ്രസും ലീഗും
മാണിയെയും കേരള കോണ്‍ഗ്രസിനെയും ഈ പരുവമാക്കിയതിനു പിന്നിലും ലീഡറായിരുന്നു. കെ.എം. ജോർജും കെഎം. മാണിയും തമ്മിൽ പിളർന്നപ്പോൾ ലീഡർ ജോർജിനൊപ്പം നിന്നു. ജോസഫും മാണിയും തമ്മിൽ പിളർന്നപ്പോൾ ജോസഫിനോടായി പഥ്യം. ജോസഫ് പക്ഷേ താൻ ഉദ്ദേശിക്കുന്നതുപോലെ പോകില്ലെന്നു വന്നപ്പോൾ മാണിയോടായി കൂറ്. മാണിയും ജേക്കബും തമ്മിൽ പിളരാൻ ജേക്കബിനു വളംവച്ചു. 1991 ലെ മന്ത്രിസഭയിൽ സി.എഫ്. തോമസിനുകൂടി മന്ത്രിസ്ഥാനം കൊടുത്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന പിളർപ്പ് കരുണാകരൻ അനിവാര്യമാക്കി. മാണിയുടെ കൈയിൽ വന്ന കേന്ദ്രമന്ത്രിസ്ഥാനം പുഷ്പംപോലെ തട്ടിക്കളഞ്ഞു. അവസാനം ലീഗുമായും ഉടക്കി. അങ്ങനെ സ്വന്തം കുഴി കുത്തി. അതാണു ചാരക്കേസിൽ നിറവേറിയത്.
മലയാളക്കരയിലെ ഏതു കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കാണു പാർട്ടിക്കാരുടെ കുത്ത് കിട്ടാത്തത്? പാർട്ടിയിലെ കലാപം മൂലം പദവി നഷ്ടപ്പെട്ടവരാണെല്ലാവരും. എല്ലാവരും നല്ല ജനനേതാക്കളായിരുന്നു എങ്കിലും മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നപ്പോൾ ഉണ്ടായ താൻപ്രാമാണിത്ത്വവും എതിരാളികളെ നിഗ്രഹിക്കുന്നതിനു നടത്തിയ നീക്കങ്ങളും എല്ലാമാണ് ഇവരുടെ പതനത്തിനു കാരണമായത്.
ഉമ്മൻ ചാണ്ടി
കരുണാകരൻ കഴിഞ്ഞാൽ ഏറ്റവും കുടുതൽ കാലം കേരളം ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്- 2455 ദിവസം. കരുണാകരനേക്കാൾ കളിയറിയുന്നവനാണ് ഉമ്മൻ ചാണ്ടി എന്നു കരുതുന്നവരുണ്ട്. മുൻപിൻ നോക്കാതെ കളിക്കും. സഹായിക്കേണ്ടവരെ സഹായിക്കും. ജനകീയനുമാണ്.
കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരിൽ കോണ്‍ഗ്രസിലെ കലാപം മൂലം അല്ലാതെ പദവി നഷ്ടപ്പെട്ട ഏക വ്യക്തി ഉമ്മൻ ചാണ്ടിയാണ്. അദ്ദേഹം നയിച്ച മുന്നണി തെരഞ്ഞെടുപ്പിൽ തോറ്റതാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടാൻ സാങ്കേതികമായി കാരണമായത്. എങ്കിലും ആ തെരഞ്ഞെടുപ്പുതോൽവി പാർട്ടിയിലെ അന്തഃച്ഛിദ്രംകൊണ്ടല്ലെന്ന് ആർക്കു പറയാനാവും?
ആന്റണിയുടെ ദുഃഖം!
1995 ൽ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റുന്നതിനോട് ആന്റണിക്ക് എതിർപ്പായിരുന്നു എന്നു ഹസൻ പറയുന്നു. എങ്കിൽ പിന്നെന്തേ അദ്ദേഹം ഓടിവന്നു പകരം മുഖ്യമന്ത്രിയായി? ചില്ലറക്കാരനല്ല ആന്റണി. കരുണാകരൻ വീണപ്പോഴെല്ലാം ഇരുണ്ട മുഖവുമായി മുഖ്യമന്ത്രി ആയത് അദ്ദേഹമാണ്. കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരിൽ നേരിട്ടു വെട്ടാതെ മൂന്നുവട്ടം കിരീടം നേടിയ ജേതാവാണ് അദ്ദേഹം. 2166 ദിവസം അദ്ദേഹം കേരളം ഭരിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരിൽ മൂന്നാം സ്ഥാനം.
കരുണാകരനോട് ഏറെ ആദരം കാണിച്ച നേതാവാണ് ആന്റണി. എങ്കിലും സ്വന്തം കാര്യങ്ങൾ വന്നപ്പോൾ അദ്ദേഹം അതുതന്നെയാണ് വലുതായി കണ്ടത് എന്ന് ആരും കരുതിപ്പോകും. കരുണാകരൻ കോണ്‍ഗ്രസ് വിട്ട സംഭവങ്ങൾ പിന്നോട്ടുമറിച്ചാൽ അതിലെ പ്രധാന കഥാപാത്രം ആന്റണിയാണ് എന്നല്ലേ വരിക? 1995ൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച കരുണാകരൻ കോണ്‍ഗ്രസ് വിട്ടില്ല. നേരേ പോയതു കേന്ദ്ര കോണ്‍ഗ്രസ് മന്ത്രിസഭയിലേക്കാണ്. അവിടെ റാവുവുമായി ഉടക്കി എന്നതു സത്യം.
ഒന്നാം യുപിഎ മന്ത്രിസഭയിൽ ഇടംകിട്ടാതെ വന്നതോടെ അദ്ദേഹം അസ്വസ്ഥനായി. അന്നു കരുണാകരനെ കേന്ദ്രമന്ത്രിസഭയിൽ എടുക്കണം എന്ന് ആന്റണി സോണിയ ഗാന്ധിയുടെ പക്കൽ ശക്തമായ നിലപാട് എടുത്തിരുന്നെങ്കിൽ കഥകൾ ഇങ്ങനെ ആകുമായിരുന്നോ? 3240 ദിവസം കേരളം ഭരിച്ച കരുണാകരന്, കേന്ദ്രത്തിലും കേരളത്തിലും ഒന്നും ഇല്ലെന്ന അസ്വസ്ഥതയിൽ നിന്ന്, ആന്റണിക്കു പകരം കേരള മുഖ്യമന്ത്രി ആകാൻ വീണ്ടും മോഹമുണ്ടായി.
അക്കാലത്ത് ആന്റണിയും കെപിസിസി അധ്യക്ഷൻ മുരളിയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നു. ആന്റണി മാറിയാൽ മുരളി മുഖ്യമന്ത്രി എന്ന് എല്ലാവരും കരുതിയ കാലം. ഈ അവസ്ഥ നശിപ്പിക്കാൻ പത്മജ കണ്ടെത്തിയ തന്ത്രമായിരുന്നു അച്ഛന്റെ മുഖ്യമന്ത്രിമോഹം എന്നു മുരളി പോലും കരുതുന്നുണ്ട്. ആന്റണിക്ക് ഇത്ര സ്നേഹമായിരുന്നു കരുണാകരനോട് എങ്കിൽ അദ്ദേഹം മാറിക്കൊടുത്തു കരുണാകരനെ എന്തേ മുഖ്യമന്ത്രി ആക്കിയില്ല?
ആ സ്നേഹം സത്യമോ?
കരുണാകരനോടുള്ള സ്നേഹം ഗോവണിയാക്കാൻ ഉദ്ദേശിക്കുന്ന പഴയ ഐ ഗ്രൂപ്പുകാരുടെ ഒരു വിഭാഗം മുരളിയാണു കരുണാകരനെ ഏറെ വേദനിപ്പിച്ചതെന്നു പറയുന്നു. അതു സത്യവുമാണ്. ആ പിതൃ- പുത്ര ബന്ധത്തിൽ അവസാനകാലത്തു രാഷ്ട്രീയം വല്ലാത്ത മുറിവ് ഉണ്ടാക്കിയിരുന്നു. എങ്കിലും അദ്ദേഹം ആഗ്രഹിച്ചിരുന്നത് മുരളിയെ കോണ്‍ഗ്രസിൽ തിരിച്ചുകൊണ്ടുവന്നു മുഖ്യമന്ത്രി ആക്കണമെന്നായിരുന്നു. കരുണാകരനെ തങ്ങളാണു കൂടുതൽ സ്നേഹിക്കുന്നതെന്ന് അവകാശപ്പെടുന്ന വാഴയ്ക്കനും കൂട്ടരും ആ അവകാശവാദത്തിൽ ഉറച്ചുനിന്നു രമേശിനു പകരം മുരളിയെ മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുമോ? ഹസൻ തന്റെ പ്രസിഡന്റ് സ്ഥാനം കരുണാകരനെ ഓർത്ത് മുരളിക്കു കൊടുക്കണമെന്നു പറയുമോ? ഇല്ല. കാരണം, ഓരോ കോണ്‍ഗ്രസുകാരനും സ്നേഹിക്കുന്നത് അയാളെത്തന്നെയാണ്. അയാൾക്കു വേണ്ടതു ലീഡറല്ല ലാഡറാണ്. നെഹ്റുകുടുംബത്തോടുള്ള സ്നേഹംപോലും അതാണ്. അവരില്ലാതെ നിൽക്കാനാവാത്തതുകൊണ്ടുള്ള കൂറ്. ഇന്ദിരയെ തള്ളിപ്പറഞ്ഞില്ലേ ആന്റണിയും കൂട്ടരും? സോണിയയെ തള്ളിപ്പറഞ്ഞില്ലേ കരുണാകരനും കൂട്ടരും? ഇതൊക്കെ കാണുന്നവരുടെ മുന്നിലാണു ഹസൻ സങ്കടം പറയുന്നത്!
മുരളി പറഞ്ഞതാണു സത്യം. കോണ്‍ഗ്രസിന്റെ സാധ്യതകൾ കോണ്‍ഗ്രസുകാർ തന്നെ ഓരോന്നു കുത്തിപ്പൊക്കി നശിപ്പിക്കുന്നു. അദ്ദേഹം കരുണാകരന്റെ മകനാണ്. തന്ത്രപൂർവം കളിക്കും. വെട്ടേണ്ടവരെ തക്കസമയത്തു വെട്ടും; ജയിക്കുകയും ചെയ്യും .