Loading ...

Home International

ചാവേറുകള്‍ വീര രക്തസാക്ഷികളെന്ന് താലിബാന്‍; കുടുംബാംഗങ്ങള്‍ക്ക് പണവും ഭൂമിയും നല്‍കും

കാബൂള്‍: അമേരിക്കയുടേയും അഫ്ഗാനിസ്താന്റെയും സൈനികരെ ആക്രമിച്ച ചാവേറുകളുടെ കുടുംബാംഗങ്ങള്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി താലിബാന്‍. ചാവേറുകള്‍ അഫ്ഗാന്റെ രക്തസാക്ഷികളാണെന്ന് പ്രഖ്യാപിച്ചാണ്, കൊല്ലപ്പെട്ടവരുടെ കുടുംബത്തിലുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത്. ചാവേറുകളുടെ കുടുംബത്തിലുള്ളവര്‍ക്ക് ഭൂമി ഉറപ്പാക്കുമെന്ന് താലിബാന്‍ മന്ത്രിസഭാംഗമായ സിറാജ്ജുദ്ദീന്‍ ഹഖാനി പറഞ്ഞു. കാബൂളിലെ ഒരു ഹോട്ടലില്‍ ചാവേറുകളുടെ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയ വലിയ ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിച്ച രക്തസാക്ഷികളെന്നാണ് കൊല്ലപ്പെട്ട ചാവേറുകളെ ഹഖാനി വിശേഷിപ്പിച്ചത്.

രാജ്യത്തിന്റെയും ഇസ്ലാം മതത്തിന്റെയും വീരന്മാരാണ് അവരെന്നും ഹഖാനി പ്രകീര്‍ത്തിച്ചതായി താലിബാന്‍ മാദ്ധ്യമ വക്താക്കളിലൊരാളായ സയീദ് ഖോസ്തി ട്വീറ്റ് ചെയ്തു. ചാവേറുകളുടെ കുടുംബത്തിന് 10,000 അഫ്ഗാനിയും (112 യുഎസ് ഡോളര്‍) പരിപാടിയുടെ അവസാനം കൈമാറി. ഇതിന് പുറമെ സ്ഥലവും കൈമാറുമെന്ന് ഹഖാനി വാഗ്ദാനം ചെയ്തിട്ടുണ്ട്. പുതിയ സര്‍ക്കാരിന് അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് താലിബാന്റെ പുതിയ നീക്കം. തങ്ങള്‍ രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കി പ്രവര്‍ത്തിക്കുമെന്നാണ് അധികാരത്തിലെത്തുമ്ബോള്‍ താലിബാന്‍ പറഞ്ഞിരുന്നത്. അതേസമയം തന്നെ തീവ്രവാദ നീക്കങ്ങളെ പ്രോത്സാഹിക്കുന്നത് അവരുടെ മുന്‍ നിലപാടുകള്‍ മാറിയിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്ന കഴിഞ്ഞ 20 വര്‍ഷവും അഫ്ഗാനില്‍ താലിബാന്റെ നേതൃത്വത്തില്‍ നിരവധി ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. അമേരിക്കന്‍ സൈനികരേയും, അഫ്ഗാന്‍ സൈനികരേയുമാണ് താലിബാന്‍ ഭീകരര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇതിന് പുറമെ സാധാരണക്കാര്‍ക്ക് നേരെയും ആക്രമണ ശ്രമങ്ങള്‍ നടന്നിരുന്നു. നൂറ് കണക്കിന് ചാവേര്‍ ആക്രമണങ്ങള്‍ ഈ സമയത്ത് ഉണ്ടായതായാണ് കണക്ക്.

Related News