Loading ...

Home International

അഫ്ഗാന്‍ വിഷയത്തിൽ റഷ്യ വിളിച്ചു ചേര്‍ക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാനില്ലെന്ന് അമേരിക്ക

വാഷിങ്ടണ്‍: റഷ്യയുടെ അധ്യക്ഷതയില്‍ അഫ്ഗാനിസ്താനുമായി നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് അമേരിക്ക. ഈ ആഴ്ച അവസാനം മോസ്‌കോയില്‍ വച്ചാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഈ കൂടിക്കാഴ്ചയെ നിരീക്ഷിക്കുകയാണെന്നും എന്നാല്‍ ഇത്തവണ ഇതില്‍ പങ്കാളിയാകാനില്ലെന്നും അമേരിക്കന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. സാങ്കേതികപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതെന്നും, എന്നാല്‍ ഈ കൂടിക്കാഴ്ചയ്‌ക്ക് എല്ലാവിധ പിന്തുണയും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അമേരിക്കന്‍ പ്രതിനിധി നെഡ് പ്രൈസ് പറഞ്ഞു.

നാളെയാണ് രാജ്യങ്ങളുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. താലിബാന്റെ ഭാഗത്ത് നിന്ന് ഡെപ്യൂട്ടി പിഎം അബ്ദുള്‍ സലാം ഹനാഫി, വിദേശകാര്യമന്ത്രാലയം പ്രതിനിധി അബ്ദുള്‍ ഖഹര്‍ ബാല്‍ക്കി എന്നിവര്‍ പങ്കെടുക്കും. അന്താരാഷ്‌ട്ര സമൂഹത്തില്‍ തങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്ന എതിര്‍പ്പ് മറികടക്കുകയാണ് മോസ്‌കോ സന്ദര്‍ശനത്തിലൂടെ താലിബാന്‍ ലക്ഷ്യമിടുന്നത്. ചൈനയുടേയും പാകിസ്താന്റെയും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കന്‍ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനില്‍ രൂപീകരിച്ച താലിബാന്‍ സര്‍ക്കാരിന് ആദ്യഘട്ടം മുതല്‍ പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങളാണ് ചൈനയും പാകിസ്താനും. ചൈനയുടേയും പാകിസ്താന്റേയും സാന്നിദ്ധ്യമാണ് അമേരിക്കന്‍ പിന്മാറ്റത്തിന് പിന്നിലെന്നും സൂചനയുണ്ട്.

ഇന്ത്യന്‍ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല. മോസ്‌കോയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്‌ക്കുള്ള ക്ഷണം റഷ്യയുടെ ഭാഗത്ത് നിന്ന് ലഭിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അഫ്ഗാനില്‍ സമാധാനം ഉറപ്പാക്കുക, രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് മോസ്‌കോയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. 2017 മുതല്‍ റഷ്യ ആറ് രാജ്യങ്ങളുടെ കൂടിക്കാഴ്ചക്ക് വേദിയാകാറുണ്ട്. അഫ്ഗാനിസ്താന്‍, റഷ്യ, ചൈന, പാകിസ്താന്‍, ഇറാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതിന്റെ ഭാഗമാകാറുളളത്.

Related News