Loading ...

Home USA

മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശം; ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ കലാപത്തെ അപലപിച്ച്‌ അമേരിക്ക

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ കലാപത്തെ ശക്തമായി അപലപിച്ച്‌ അമേരിക്ക. ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ' മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്യം ഓരോരുത്തരുടേയും മനുഷ്യാവകാശമാണ്. മതപരമായ വിശ്വാസങ്ങള്‍ക്കപ്പുറം ലോകത്തിലുള്ള ഓരോ വ്യക്തികള്‍ക്കും അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍ ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗത്തിന് നേരെ ഉണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും' അദ്ദേഹം പറഞ്ഞു. ഹിന്ദു വിശ്വാസികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ബംഗ്ലാദേശിലെ ഹിന്ദു സമൂഹവും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ എംബസിക്ക് മുന്നിലും ഹിന്ദു വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ഥിതിഗതികള്‍ അതീവഗുരുതരമാണെന്നും സര്‍ക്കാര്‍ നിഷ്‌ക്രിയരാകരുതെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു. പലയിടങ്ങളിലും ഹിന്ദു വിശ്വാസികളുടെ കുടുംബങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ അതിര്‍ത്തി സംരക്ഷണസേനയിലെ കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രം തകര്‍ത്തവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് ബംഗ്ലാദേശ് പൂജ ഉദ്ജാപന്‍ പരിഷത്തും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് അക്രമണത്തിനു പിന്നിലെന്നാണ് സര്‍ക്കാര്‍ ആരോപണം.

Related News