Loading ...

Home Gulf

പാലസ്തീനുമായി പ്രശ്ന പരിഹാരം സാധ്യമാകുന്നത് വരെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍

ഫലസ്തീന്‍ പ്രശ്ന പരിഹാരം സാധ്യമാകുന്നത് വരെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍. ഇസ്രായേല്‍-മിഡിലീസ്റ്റ് ബന്ധം പുനസ്ഥാപിക്കുന്നതിനായി ഉണ്ടാക്കിയ അബ്രഹാമിക് കരാര്‍ ഖത്തറിന്‍റെ വിദേശകാര്യനയവുമായി യോജിക്കുന്നതല്ലെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ദോഹയില്‍ നടന്ന ആഗോള സുരക്ഷാ ഫോറത്തില്‍ സംസാരിക്കവെയാണ് ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി നിലപാട് ആവര്‍ത്തിച്ചത്.

ഫലസ്തീന്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുന്നതു വരെ ഇസ്രായേലുമായി യാതൊരു തരത്തിലുള്ള നയതന്ത്ര ഉഭയകക്ഷി ബന്ധത്തിനും ഖത്തര്‍ തയ്യാറല്ല. ഫലസ്തീനില്‍ ഇപ്പോഴും സമാധാനത്തിന്‍റെ നേരിയ കണം പോലും കാണാന്‍ കഴിയുന്നില്ല. ഇസ്രയേലുമായുള്ള ബന്ധം പുനസ്ഥാപിച്ചത് കൊണ്ട് മാത്രം ഫലസ്തീന്‍ പ്രശ്നത്തില്‍ പരിഹാരം കാണാന്‍ കഴിയുമെന്ന് കരുതുന്നില്ല. പ്രശ്ന പരിഹാരമാണ് ആദ്യം വേണ്ടത്. ബന്ധം പിന്നീടാകാം. യുഎസ് മധ്യസ്ഥതയില്‍ കഴിഞ്ഞ വര‍്ഷമുണ്ടാക്കിയ അബ്രഹാമിക് കരാറുമായി ഖത്തറിന്‍റെ വിദേശകാര്യനയം ഒത്തുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാറനുസരിച്ച്‌ യുഎഇ, ബഹ്റൈന‍് എന്നി രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഖത്തറും സൗദി അറേബ്യയും കരാറിന് സമ്മതം മൂളിയിട്ടില്ല. നെതന്യാഹൂ നയങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ നാഫ്താലി ബെന്നറ്റ് നയിക്കുന്ന ഇസ്രായേലിന്‍റെ പുതിയ ഭരണകൂട നടപടികളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് പ്രതീക്ഷവഹമായ നടപടികളൊന്നും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും വരുമ്ബോള്‍ കാണാമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു

Related News