Loading ...

Home cinema

മലയാള സിനിമ – 2017 തകരുന്ന താരാധിപത്യം

കെ ദിലീപ്
2017 ല്‍ 146 മലയാളചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഡോക്ടര്‍ ബിജുവിന്റെ ‘കാടുപൂക്കുന്ന നേരം’ മുതല്‍ ഡിസംബര്‍ 30ന് ‘ലൂയി ആറാമനും’, ‘കിടു’വും വരെ. സൂപ്പര്‍ താരങ്ങള്‍ മുതല്‍ നവാഗതരുടെ വരെ വാണിജ്യചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളും ഇവയൊന്നുമല്ലാത്തവയും. ‘ഹിമാലയത്തിലെ കശ്മലന്‍’, ‘ദ്രാവിഡ പുത്രി’, ‘സദൃശ്യവാക്യം 24:29’ എന്നൊക്കെ കേട്ടാല്‍ ഇവയെല്ലാം 2017ല്‍ റിലീസായ മലയാളം സിനിമകളാണെന്ന് അറിയാവുന്നവര്‍ തുലോം കുറവായിരിക്കും. അതുപോലെ ‘ടേക് ഓഫും’, ‘തൊണ്ടിമുതലും’ ‘അങ്കമാലി ഡയറീസും’, ‘പറവ’യുമൊന്നും കാണാത്തവരും വിരളമാണ്. പൊതുവെ 2017-ലെ മലയാളസിനിമ നമ്മളോട് പറയാന്‍ ശ്രമിക്കുന്നതെന്താണ്?
2017-ല്‍ ജനങ്ങള്‍ പൊതുവെ സ്വീകരിച്ചത് ജീവിതഗന്ധിയായ ചിത്രങ്ങളായിരുന്നു എന്നതിന് തെളിവാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘ടേക് ഓഫ്’, അങ്കമാലി ഡയറീസ്’, ‘പറവ’ തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനവിജയം. എന്നാല്‍ കൈകാര്യം ചെയ്ത വിഷയത്തിന്റെ സമകാലിക പ്രസക്തിയും, ലഭിച്ച അന്തര്‍ദേശീയ പുരസ്‌കാരങ്ങളുടെ ധാരാളിത്തവും നിമിത്തം 2017-ലെ ഏറ്റവും ശ്രദ്ധേയമായ മലയാള ചലച്ചിത്രം സനല്‍കുമാര്‍ ശശിധരന്റെ ‘സെക്‌സി ദുര്‍ഗ്ഗ’യാണ്. കഥയോ, നേരത്തെ തയാറാക്കിയ തിരക്കഥയോ പോലുമില്ലാതെ ഒരു രാത്രികൊണ്ട് ചിത്രീകരിച്ച ദുര്‍ഗ്ഗ എന്ന പെണ്‍കുട്ടിയുടേയും സുഹൃത്തിന്റേയും രാത്രിയാത്രയുടെ ദൃശ്യങ്ങള്‍ നമ്മുടെ രാജ്യത്തെ ഏതൊരു പട്ടണത്തിലും ഗ്രാമത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും നമ്മളിലെത്തി ചര്‍ച്ചകള്‍ക്കും പഴിചാരലുകള്‍ക്കും ശേഷം മറവിലേയ്ക്ക് പോവുന്ന എത്ര പെണ്‍കുട്ടികളുടെ ദാരുണ അനുഭവങ്ങള്‍. സൗമ്യ, നിര്‍ഭയ, ജിഷ രാത്രിയുടെ കഴുകന്‍ കണ്ണുകള്‍ ഇരുട്ടില്‍ നിന്ന് ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന നമ്മുടെ പെണ്‍കുട്ടികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ചിത്രം. ദുര്‍ഗാ ദേവിക്ക് അഭീഷ്ടസിദ്ധിക്കായി പൂജകളും വഴിപാടുകളും നടക്കുന്ന രാത്രിയില്‍ അതേ നാമധേയമുള്ള ഒരു സാധാരണ പെണ്‍കുട്ടി തെരുവു ഗുണ്ടകളുടെ കയ്യില്‍ അകപ്പെടുന്നു. ഫാസിസ്റ്റുകള്‍ എന്നും സത്യത്തേയും യാഥാര്‍ഥ്യത്തേയും ഭയപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് വളരെ ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് ഈ ചിത്രത്തിന്റെ സെന്‍സര്‍ അനുമതി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ വൃത്തികെട്ട നാടകങ്ങള്‍.
മഹേഷ് നാരായണന്റെ ‘ടേക് ഓഫ്’ മികച്ച ചിത്രങ്ങളിലൊന്നാണ്. ഇറാക്കിലെ തിക്രിതില്‍ നിന്നും 2014-ലെ ആഭ്യന്തര യുദ്ധകാലത്ത് ഇന്ത്യന്‍ നഴ്‌സുമാരെ രക്ഷപ്പെടുത്തിയ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. കേന്ദ്രകഥാപാത്രമായ സമീറ എന്ന നേഴ്‌സിന്റെ സങ്കീര്‍ണമായ ജീവിതാവസ്ഥകളെ ഭംഗിയായി അവതരിപ്പിച്ച പാര്‍വതിക്ക് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏറ്റവും നല്ല നടിക്കുള്ള പുരസ്‌കാരവും ചിത്രത്തിന് പ്രതേ്യക ജൂറി പുരസ്‌കാരവും ലഭിച്ചു. എഡിറ്റിങ്, ക്യാമറ തുടങ്ങിയ സാങ്കേതിക വിഭാഗങ്ങളിലെല്ലാം മികവ് പുലര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ച മികച്ച പ്രേക്ഷക അംഗീകാരം ശുഭോദര്‍ക്കമാണ്.

ഏറ്റവും മികച്ച അഭിനേത്രിക്കുള്ള 2017-ലെ ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മിക്ക് ലഭിച്ചത് ‘മിന്നാമിനുങ്ങ്’ എന്ന മലയാളചിത്രത്തിലൂടെയാണ്. മധ്യവയസോടടുക്കുന്ന ഒരമ്മയുടേയും വിദ്യാര്‍ഥിനിയായ മകളുടേയും ജീവിതമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഒരു കമ്പനിയിലെ ഹൗസ്‌കീപ്പിങ് വിഭാഗത്തിലും വീട്ടുവേല ചെയ്തും, കിട്ടുന്ന ഏത് തൊഴില്‍ ചെയ്തും സ്വന്തം മകളുടെ വിദ്യാഭ്യാസത്തിനും ജീവിതത്തിനും പണം കണ്ടെത്താന്‍ പെടാപ്പാടുപെടുന്ന അമ്മയായി ജീവിക്കാന്‍ സുരഭീലക്ഷ്മിക്കും അവരുടെ അഭിനേത്രി എന്ന നിലയിലുള്ള കഴിവുകള്‍ പരമാവധി ഉപയോഗിക്കാന്‍ സംവിധായകന്‍ അനില്‍ തോമസിനും കഴിഞ്ഞു. ചിത്രത്തിന്റെ മറ്റു പാളിച്ചകള്‍ എല്ലാം ഈ പേരില്ലാത്ത അമ്മയിലൂടെ പ്രേക്ഷകന്‍ വിസ്മരിക്കും.
ഈ വര്‍ഷം പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ചില ചിത്രങ്ങളുമുണ്ടായി. ഡോ. ബിജുവിന്റെ ‘കാടു പൂക്കുന്ന നേരം’ ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങളില്‍ മാവോയിസ്റ്റുകളും ഭരണകൂടവും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളെ യഥാതഥമായും സത്യസന്ധമായും ചിത്രീകരിക്കുന്നതില്‍ വിജയിച്ചു. മാവോയിസ്റ്റുകള്‍ക്കും പൊലീസിനുമിടയില്‍ ഹോമിക്കപ്പെടുന്നത് നമ്മുടെ കാടുകളില്‍ ജീവിക്കുന്ന പ്രാക്തന ഗോത്രങ്ങളാണ് എന്ന തിരിച്ചറിവ് ഈ ചിത്രം നല്‍കുന്നു. അധിനിവേശ ശക്തികളുടെ ക്രൂരത വരച്ചുകാട്ടുന്നതിലും സംവിധായകന്‍ വിജയിച്ചു.
വ്യത്യസ്തത പുലര്‍ത്തിയ മറ്റൊരു ചിത്രം ജയരാജിന്റെ ‘വീരം’ ആണ്. ഷേക്‌സ്പിയറിന്റെ ദുരന്ത നാടകമായ ‘മാക്‌ബെത്ത്’ വടക്കന്‍ പാട്ടിലെ ചന്തുവിന്റെ കഥയുമായി സന്നിവേശിപ്പിച്ച് പുനരാഖ്യാനം നടത്താനുള്ള ധീരമായ ഒരു പരിശ്രമമാണ് ഈ ചിത്രം. സാങ്കേതികമായി ഏറെ മികവ് പുലര്‍ത്തിയെങ്കിലും ഭദ്രമായ ഒരു തിരക്കഥയുടേയും കഥാപാത്രങ്ങള്‍ക്കനുയോജ്യരായ അഭിനേതാക്കളുടേയും അഭാവം ചിത്രത്തെ ശരാശരിയിലൊതുക്കി.
സജി പാലമേല്‍ എന്ന നവാഗത സംവിധായകന്റെ ‘ആറടി’ എന്ന ചിത്രം സമകാലികമായ ഒരു സാമൂഹ്യ ദുരന്തത്തെ ശക്തമായി ആവിഷ്‌കരിക്കുന്നു. സ്വാതന്ത്ര്യസമരസേനാനിയും വേദപണ്ഡിതനുമാണെങ്കിലും ഭൂരഹിതനും ദളിതനുമായി ജീവിച്ച അച്ഛന്റെ ഭൗതികശരീരം മറവുചെയ്യാന്‍ ആറടി മണ്ണിനായി അലയുന്ന ദളിത് കുടുംബത്തിന്റെ കഥ തീവ്രത ഒട്ടും ചോര്‍ന്നുപോവാതെ അവതരിപ്പിക്കുവാന്‍ സജി പാലമേലിനു സാധിച്ചു. കൂടാതെ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ ഇരുത്തം വന്ന നടന്മാരേക്കാള്‍ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. ഈ വര്‍ഷം ശ്രദ്ധിക്കപ്പെടേണ്ട ചിത്രങ്ങളില്‍ ‘ആറടി’ തീര്‍ച്ചയായും ഉള്‍പ്പെടുന്നു.
നടന്‍ സലിംകുമാര്‍ സംവിധാനം ചെയ്ത ‘കറുത്ത ജൂതന്‍’ വാഗ്ദത്ത ഭൂമിയിലേയ്ക്ക് പലായനം ചെയ്യാതെ സ്വന്തം നാട്ടില്‍ ജീവിക്കാന്‍ തീരുമാനിച്ച ആരോണ്‍ എന്ന ജൂതന്റെ ജീവിത പശ്ചാത്തലം അടിസ്ഥാനമാക്കിയുള്ളതാണ്. ഈ മണ്ണില്‍ വേരുകള്‍ പിഴുതെറിയപ്പെട്ട ജൂതരും ദളിതനും തമ്മിലുള്ള സമാനതകള്‍ ഈ ചിത്രം പരിശോധിക്കുന്നു. നാടകത്തോടടുത്തു നില്‍ക്കുന്ന ആഖ്യാനശൈലിയും പ്രമേയത്തോട് പൊരുത്തപ്പെടാത്ത രാഷ്ട്രീയ പ്രസ്താവനകളും ഈ ചിത്രത്തെ ശരാശരിയിലൊതുക്കി. കുറച്ചുകൂടി കൈയൊതുക്കം കാണിച്ചിരുന്നെങ്കില്‍ ഈ ചിത്രം മികച്ച ചിത്രങ്ങളിലൊന്നാവുമായിരുന്നു.

ദിലീഷ് പോത്തന്റെ രണ്ടാമത്തെ സംവിധാനസംരംഭം ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ കളക്ഷന്‍ റെക്കോഡുകള്‍ ഭേഭിച്ചു എന്നതിലുപരി ഒരു ചെറിയ കഥാതന്തുവിനെ ആസ്പദമാക്കി, ഒരു പക്ഷേ ഒരു പ്രാദേശികപത്രത്തിലെ ഒരു കോളം വാര്‍ത്തയ്ക്ക് മാത്രം പ്രാധാന്യമുള്ള ഒരു ചെറുമോഷണത്തിന്റെ കഥ എങ്ങനെ ജീവിതം എന്ന വലിയ യാഥാര്‍ഥ്യത്തിന്റെ പരിഛേദമാവുന്നു എന്ന് പരിശോധിക്കുന്ന ചിത്രം കലാപരമായും മികച്ചുനില്‍ക്കുന്നു. അഭിനേതാക്കളായ ഫഹദ് ഫാസിലും, സുരാജ് വെഞ്ഞാറമൂടും നിമിഷ വിജയനും അലന്‍സിയറും മറ്റും ചേര്‍ന്ന് പരാതിക്കാരനില്‍ നിന്ന് അയാളുടെ പേരുപോലും മോഷ്ടിക്കുന്ന കള്ളന്റെ കഥ ജീവിതഗന്ധിയാക്കി.
രജ്ഞന്‍ പ്രമോദിന്റെ ‘രക്ഷാധികാരി ബൈജു’ രഞ്ചിത് ശങ്കറിന്റെ ‘രാമന്റെ ഏദന്‍തോട്ടം’ ബേസില്‍ ജോസഫിന്റെ ‘ഗോദ’ അല്‍താഫ് സലീമിന്റെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ജിസ് ജോയിയുടെ ‘സണ്‍ഡെ ഹോളിഡേ’ എന്നീ ചിത്രങ്ങള്‍ ഫീല്‍ഗുഡ് സിനിമകള്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്നവയാണ്. പ്രേക്ഷകര്‍ക്ക് മാനസികോല്ലാസം പകരുന്ന ഈ ചിത്രങ്ങള്‍ പരിമിതമായ തോതിലെങ്കിലും ശരിയായ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുന്നു എന്നത് ശുഭോദര്‍ക്കമാണ്.
ഈ വര്‍ഷം രണ്ട് ആന്തോളജി ചിത്രങ്ങള്‍ പുറത്തിറങ്ങി. ബിജോയ് നമ്പ്യാരുടെ ‘സോളോ’യും ലെനിന്‍ രാജേന്ദ്രനടക്കമുള്ള 10 സംവിധായകരുടെ ചിത്രങ്ങളുള്‍പ്പെടുത്തിയ ക്രോസ് റോഡ്‌സും’. ‘സോളോ’ പല സന്ദര്‍ഭങ്ങളിലും അതിവൈകാരികതയും നാടകീയതയും ചേര്‍ന്ന് ഒരു തമിഴ്ചിത്രത്തെ ഓര്‍മിപ്പിക്കുന്നു. നാല് ഭാഗങ്ങളായി അവതരിപ്പിച്ച ഈ ചിത്രം പ്രേക്ഷകരില്‍ നിരാശ മാത്രം അവശേഷിപ്പിക്കുന്നു. 10 ഹ്രസ്വചിത്രങ്ങള്‍ ചേര്‍ത്തുവച്ചതാണ് ‘ക്രോസ് റോഡ്‌സ്’ സ്ത്രീയുടെ അവസ്ഥാന്തരങ്ങള്‍ ചിത്രീകരിക്കുന്നു എന്നതാണ് ചിത്രങ്ങളെ പൊതുവായി ബന്ധിപ്പിക്കുന്നത്. ഇവയില്‍ ലെനിന്‍ രാജേന്ദ്രന്റെ ‘പിന്‍പേ നടപ്പവള്‍’ നൃത്യനാട്യ സങ്കേതങ്ങളുപയോഗിച്ചുള്ള ഒരു വ്യത്യസ്ത പരീക്ഷണ ചിത്രമാണ്. മറ്റു ചിത്രങ്ങളില്‍ പ്രദീപ് നായരുടെ ‘കൊഡേഷ്യന്‍’ നയനസൂര്യന്റെ ‘പക്ഷിയുടെ മണം’ മധുപാലിന്റെ ‘ഒരു രാത്രിയുടെ കൂലി’, അവിര റബേക്കയുടെ ‘ചെരിപ്പ്’ എന്നീ ചിത്രങ്ങള്‍ മികവ് പുലര്‍ത്തുന്നു.
മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ ‘ഗ്രേറ്റ് ഫാദര്‍’, ‘പുത്തന്‍പണം’, ജയറാമിന്റെ ‘സത്യ’, ‘ആകാശമിഠായി’ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ‘ബിയോണ്ട് ബോര്‍ഡേഴ്‌സ്’, ‘വില്ലന്‍’, ദിലീപ് ചിത്രങ്ങള്‍ ‘ജോര്‍ജേട്ടന്‍സ് പൂരം’, ‘രാമലീല’, സത്യന്‍ അന്തിക്കാട് ചിത്രം ‘ജോമോന്റെ സുവിശേഷങ്ങള്‍’ ഇവയെല്ലാം സ്ഥിരം ഫോര്‍മുലകളുടെ അകമ്പടിയോടെ വന്ന് സ്ഥിരം പ്രേക്ഷകരെക്കൊണ്ട് മുടക്കുമുതല്‍ കഷ്ടിച്ച് തിരിച്ചെടുക്കുകയും ചെയ്തു. ലിജോ ജോസിന്റെ ‘അങ്കമാലി ഡയറീസ്’ അമല്‍ നീരദിന്റെ ‘സിഐഎ’, സോബിന്‍ താഹിറിന്റെ ‘പറവ’ ലിയോ തദ്ദേവൂസിന്റെ ‘ഒരു സിനിമാക്കാരന്‍, ഇവ പുതിയ ജനപ്രിയ സിനിമാ സംവിധായകരുടെ സൃഷ്ടികളാണ്. പുതിയ വാണിജ്യ സിനിമയുടെ മുഖം കൂടിയാണ് ഇവ.
2017 മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ വര്‍ഷം കൂടിയാണ്. മലയാള സിനിമയെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കിയ സംവിധായകരായ കെ ആര്‍ മോഹനനും, ഐ വി ശശിയും കഥാവശേഷരായ വര്‍ഷം. യുവസംവിധായകരായ ദിപനും, എ വി ശശിധരനും, പഴയ തലമുറയിലെ അഭിനേതാക്കള്‍ വെട്ടൂര്‍ പുരുഷനും, തൊടുപുഴ വാസന്തിയും പുതുതലമുറയിലെ കലാഭവന്‍ അബിയും ഇന്ന് നമ്മോടൊപ്പമില്ല. ചില ചിത്രങ്ങളില്‍ മുഖം കാണിച്ച മുന്‍ഷി വാസുവും.
മലയാളസിനിമയില്‍ പുതുതലമുറ സംവിധായകരും അഭിനേതാക്കും സാങ്കേതികപ്രവര്‍ത്തകരും സ്ഥാനമുറപ്പിച്ച വര്‍ഷം കൂടിയായിരുന്നു 2017.

Related News