Loading ...

Home National

പിഴയിനത്തില്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 35 കോടി രൂപ

കോവിഡ് -19 സാഹചര്യത്തെ തുടര്‍ന്ന് റെയില്‍വേ പൂര്‍ണമായും മുന്‍കൂട്ടിറിസര്‍വ് ചെയ്ത സര്‍വീസുകളാണ് നടത്തിയിരുന്നത്. കഴിഞ്ഞ ആറുമാസത്തില്‍ ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥര്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്തവരുടെയും മറ്റ് നിയമ ലംഘനങ്ങള്‍ നടത്തിയവരുടെയും പേരില്‍ ഏകദേശം ഏഴ് ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 35 കോടി രൂപയിലധികം പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള ഡിവിഷനുകളില്‍, ചെന്നൈ ഡിവിഷനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക പിഴയായി സമാഹരിച്ചത്. ഏകദേശം 12.78 കോടി രൂപ ചെന്നൈ ഡിവിഷനില്‍ നിന്ന് പിഴയായി ഈടാക്കി. 6.05 കോടി രൂപയുമായി തിരുവനന്തപുരം ഡിവിഷനാണ് രണ്ടാം സ്ഥാനത്ത്.കഴിഞ്ഞ ആറ് മാസത്തിനിടെ, ഒക്ടോബര്‍ 12നാണ് പരമാവധി പിഴ ഈടാക്കിയത്. ഈ ദിവസം മാത്രം ദക്ഷിണ റെയില്‍വേ നേടിയ തുക 37 ലക്ഷം രൂപയാണ്. അടുത്തിടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രവണത ബുക്ക് ചെയ്യാതെ റിസര്‍വ് ചെയ്ത കോച്ചുകളില്‍ കയറുന്നതും ടിക്കറ്റ് പരിശോധിക്കാന്‍ എത്തുമ്ബോള്‍ പിഴ അടയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതുമാണ്.

റെയില്‍വേ ഉദ്യോഗസ്ഥര്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 12 വരെ ദക്ഷിണ റെയില്‍വേയില്‍ 7.12 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടിക്കറ്റില്ലാത്ത യാത്രയും മറ്റ് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 35.47 കോടി രൂപ പിഴയായും ഈടാക്കി. ഈ കാലയളവില്‍, മാസ്‌ക് ധരിക്കാത്തതിന് 32,624 പേരില്‍ നിന്ന് 1.62 കോടി രൂപ പിഴ ഈടാക്കി. റെയില്‍വേ സ്റ്റേഷനിലോ ട്രെയിനിലോ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപയാണ് പിഴ. കോവിഡ് പകര്‍ച്ചവ്യാധി കണക്കിലെടുത്ത്, നേരത്തെ റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന ട്രെയിനുകളുടെ സേവനങ്ങള്‍ റെയില്‍വേ നിര്‍ത്തിയിരുന്നു. എങ്കിലും, ചില സേവനങ്ങള്‍ ഈ വര്‍ഷം ജൂണില്‍ പുനരാരംഭിക്കുകയും ചെയ്തു. പരിശോധന ശക്തമാക്കിയ ശേഷമാണ് കുറ്റകൃത്യങ്ങള്‍ കൂടുതല്‍ കണ്ടെത്താന്‍ സാധിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി . കൂടാതെ ട്രെയിനുകളിലെ മോഷണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കി.


Related News