Loading ...

Home Kerala

പ്ലസ് വണ്‍ സീറ്റിനെ ചൊല്ലി സി.പി.എം യോഗത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് വിമര്‍ശനം

തിരുവനന്തപുരം: സി.പി.എം നിയമസഭ കക്ഷി യോഗത്തില്‍ പ്ലസ് വണ്‍ സീറ്റിനെ ചൊല്ലി മന്ത്രി ശിവന്‍കുട്ടിക്കും വിമര്‍ശനം. എ പ്ലസ് കണക്കനുസരിച്ച്‌ സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്നാണ് ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംസ്ഥാനമാകെ ഒരു യൂണിറ്റ് ആയി എടുത്തത് ശരിയായില്ലെന്നും സി.പി.എം എം.എല്‍.എമാര്‍ വ്യക്തമാക്കി.
ജില്ലകളില്‍ കൂടുതല്‍ സീറ്റ് അനുവദിക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും നിയമസഭാ കക്ഷിയോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എം.എല്‍.എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന നിയമസഭയിലെ പരാമര്‍ശത്തിന്‍റെ പേരിലാണ് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നത്. എതിര്‍പ്പ് ശക്തമായതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടിവന്നു. കഴിഞ്ഞ 7-ആം തിയതി ചോദ്യോത്തര വേളയില്‍ നടത്തിയ പരാമര്‍ശമാണ് സി.പി.എം എം.എല്‍.എമാരെ പ്രകോപിതരാക്കിയത്. നിയമസഭയിലെ മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് എം.എല്‍.എമാര്‍ വിമര്‍ശിച്ചു.തലശേരി എംഎല്‍എ എ.എന്‍.ഷംസീറാണ് വിമര്‍ശനം തുടങ്ങിയത്. പിന്നാലെ കെ.വി.സുമേഷും കടകംപളളി സുരേന്ദ്രനും എല്ലാം ഏറ്റെടുത്തു. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എം.എല്‍.എമാര്‍ക്ക് മന്ത്രിമാരുമായി ബന്ധപ്പെടേണ്ടിവരും. ചിലപ്പോള്‍ അവരുമായി മന്ത്രിയെ കാണേണ്ടിയും വരും. ഇതേക്കുറിച്ച്‌ തെറ്റായ പരാമര്‍ശം നിയസഭ പോലുള്ള വേദിയില്‍ ഉന്നയിക്കരുതായിരുന്നു എന്നായിരുന്നു വിമര്‍ശനത്തിന്‍റെ കാതല്‍. വിമര്‍ശനം കടുത്തതോടെ മുഹമ്മദ് റിയാസ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു.

Related News