Loading ...

Home National

മത്സരിച്ച 169 സീറ്റില്‍ 115 ഇടത്തും ജയം; തമിഴ്‌ രാഷ്ട്രീയത്തില്‍ വിജയ്‌യുടെ മാസ് എന്‍ട്രി

ചെന്നൈ: തമിഴ്‌നാട്ടിലെ ഒമ്ബത് ജില്ലകളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ഡിഎംകെ തൂത്തുവാരിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഇളയദളപതി വിജയ്‌യുടെ നിശ്ശബ്ദ രാഷ്ട്രീയപ്രവേശം. താരത്തിന്റെ പിന്തുണയോടെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ആരാധക കൂട്ടായ്മ ആള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം 115 സീറ്റാണ് സ്വന്തമാക്കിയത്. ആകെ 169 സീറ്റിലാണ് സംഘടന മത്സരിച്ചത്. 68 ശതമാനമാണ് സ്‌ട്രൈക്ക് റേറ്റ്.

പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും വിജയ് പൊതുവേദിയില്‍ എത്തിയില്ല എന്നത് ശ്രദ്ധിക്കപ്പെട്ടു. ഇതാദ്യമായാണ് വിജയ് തന്റെ ആരാധക സംഘടനയ്ക്ക് രാഷ്ട്രീയത്തില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്നത്. ജയിച്ച 115 സീറ്റില്‍ 13 ഇടത്ത് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് പറഞ്ഞു. വിജയിച്ച 45 പേര്‍ വനിതകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുച്ചേരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് ആനന്ദ്.

നേരത്തെ, വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയപാര്‍ട്ടി പിരിച്ചുവിട്ടതായി വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് എന്ന പേരില്‍ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയപാര്‍ട്ടിയാക്കാന്‍ പിതാവ് നീക്കം നടത്തിയത്.

എന്നാല്‍ ഇതിനെ എതിര്‍ത്ത് വിജയ് രംഗത്തുവരികയും തന്റെ പേരില്‍ രാഷ്ട്രീയ സംഘടനയുണ്ടാക്കുന്നതിന് എതിരെ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ ആരാധക സംഘടനയില്‍ അംഗങ്ങളായവര്‍ക്ക് മത്സരിക്കാനും തന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കാനും വിജയ് അനുവാദം നല്‍കിയിരുന്നു. താരത്തിന്റെ ചിത്രം ഉപയോഗിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുപിടിച്ചിരുന്നത്.

രാഷ്ട്രീയത്തില്‍ താരത്തിന്റെ ജനപ്രീതി അളക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരാധക കൂട്ടായ്മ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബോടിയായി വിജയ് രാഷ്ട്രീയ പ്രവേശം നടത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സമാന മുന്നേറ്റമാണ് ഡിഎംകെ തദ്ദേശ തെരഞ്ഞെടുപ്പിലും നടത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന 27 വാര്‍ഡുകളിലും ഭരണമുന്നണി ജയിച്ചു. 140 ജില്ലാ പഞ്ചായത്തു സീറ്റുകളില്‍ 88ലും ഡിഎംകെ ജയിച്ചു. നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. എഐഎഡിഎംകെ നാല് സീറ്റില്‍ ഒതുങ്ങി. 1381 പഞ്ചായത്ത് വാര്‍ഡുകളില്‍ 300എണ്ണത്തില്‍ ഡിഎംകെ ജയിച്ചു. 11വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. എഐഎഡിഎംകെ 50സീറ്റുകളില്‍ ജയിച്ചു. എഐഎഡിഎംകെയ്ക്കൊപ്പം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച പിഎംകെ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്.ഇവര്‍ 13സീറ്റ് നേടി. ആകെ 27,003 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

Related News