Loading ...

Home National

ലഖിംപൂര്‍ സംഭവം: കേന്ദ്രമന്ത്രിയെ സസ്‌പെന്റ് ചെയ്യണമെന്ന് രാഷ്ട്രപതിയോട് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ പിതാവ് കേന്ദ്രമന്ത്രിസഭയില്‍ തുടരുന്നത് നിഷ്പക്ഷ അന്വേഷണത്തെ ബാധിക്കുമെന്ന് കോണ്‍ഗ്രസ്. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് സംഘം മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യപ്പെട്ടു. ഇക്കാരയം സര്‍ക്കാരുമായി സംസാരിക്കാമെന്ന് രാഷ്ട്രപതി ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചയ്ക്കു ശേഷം കോണ്‍ഗ്രസ് അറിയിച്ചു.

കേസില്‍ നി്പക്ഷമായ അന്വേഷണം നടക്കാന്‍ മന്ത്രിയെ പുറത്താക്കണം. അതും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളുടെ ആവശ്യമാണ്. മന്ത്രിയായ പിതാവ് അധികാരത്തില്‍ തുടരുന്ന കാലത്തോളം നീതി കിട്ടില്ലെന്ന് അവര്‍ ഭയക്കുന്നു. ഇതാണ് ഉത്തര്‍പ്രദേശിലെ ജനങ്ങളും രാജ്യത്ത് ശരിയായി ചിന്തിക്കുന്ന ആളുകളും പറയുന്നത്. ഇക്കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാമെന്ന് രാഷ്ട്രപതി അറിയിച്ചതായി സംഘാംഗമായ എ.ഐ.സി.സി ജനറല്‍ െസക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര അറിയിച്ചു.

ലഖിംപുര്‍ സംഭവത്തില്‍ സുപ്രീം കോടതിയിലെ രണ്ട് സിറ്റിംഗ് ജഡ്ജിമാര്‍ അന്വേഷണം നടത്തണമെന്നും കൊലയാളികള്‍ ശിക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കാള്‍ ഉള്‍പ്പെടുന്ന സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച്‌ നിവേദനം നല്‍കിയത്.

ലഖിംപൂര്‍ സംഭവം രാജ്യത്തിന്റെ ആത്മാവിന് മുറിപ്പാട് സൃഷ്ടിച്ചു. പകല്‍വെളിച്ചത്ത് നടന്ന കരുതിക്കൂട്ടിയുള്ള കൊലപാതകത്തില്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നത്. അതിക്രമങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും തകര്‍ക്കുന്നതാണിത്. -രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

രാഹുലിനും പ്രിയങ്കയ്ക്കും പുറമേ, എ.കെ ആന്റണി, മല്ലികാര്‍ജുന ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ ഗുലാം നബി ആസാദ്, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related News