Loading ...

Home International

ഐഎസിന്റെ ഉന്നത നേതാവിനെ പിടികൂടി ഇറാഖ്

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉന്നത നേതാക്കളിലൊരാളായ സമി ജസീമിനെ പിടികൂടിയെന്ന് ഇറാഖ്. അതിര്‍ത്തി കടന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കദിമി സമി ജസീമിന്റെ അറസ്റ്റ് സ്ഥിരീകരിച്ച്‌ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ധനകാര്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് സമി ജസീം ആയിരുന്നു. അനധികൃത എണ്ണ, വാതക വില്‍പനയിലൂടെയും പുരാവസ്തു ഇടപാടിലൂടെയുമാണ് ഭീകരസംഘടനയ്‌ക്കാവശ്യമായ പണം ഇയാള്‍ സമാഹരിച്ചിരുന്നത്. കൊല്ലപ്പെട്ട ഐഎസ് ഭീകരന്‍ അബു ബക്കര്‍ അല്‍-ബാഗ്ദാദിയുടെ സമയത്ത് ഐഎസ് ഡെപ്യൂട്ടി ലീഡറായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാഖ് സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ ഏറ്റവും ബുദ്ധിമുട്ടേറിയ ഓപ്പറേഷനുകളിലൊന്നാണെന്നാണ് ഇറാഖ് പ്രധാനമന്ത്രി സംഭവത്തെ വിശേഷിപ്പിച്ചത്. സൈന്യം വളരെ ബുദ്ധിപരമായ നീക്കങ്ങളാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇയാളെ ഏത് രാജ്യത്തെ വച്ചാണ് പിടികൂടിയതെന്ന് ഇറാഖ് വ്യക്തമാക്കിയിട്ടില്ല. പിടികൂടിയതിന് പിന്നാലെ ഇയാളെ ഇറാഖില്‍ എത്തിച്ചിട്ടുണ്ട്. ഐഎസില്‍ ചേരുന്നതിന് മുന്‍പ് ഇയാള്‍ അല്‍ ഖ്വയ്ദയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോര്‍ദാനിയന്‍ തീവ്രവാദിയായിരുന്ന അബു മുസബ് അല്‍ സര്‍ഖവിയുടെ കീഴിലായിരുന്നു ആദ്യ പ്രവര്‍ത്തനങ്ങള്‍. 2006ലെ യുഎസ് വ്യോമാക്രമണത്തില്‍ സര്‍ഖവി കൊല്ലപ്പെട്ടു. ഇതിന് ശേഷം 2015ലാണ് സിറിയയിലെത്തി ഐഎസിന്റെ ഭാഗമാകുന്നത്. ഹാജി ഹമീദ് എന്ന പേരിലും അറിയപ്പെടുന്ന ജസീമിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അന്ന് യുഎസ് സേന 50 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു.

Related News