Loading ...

Home Kerala

സംസ്ഥാനത്ത് കനത്ത മഴ മൂന്ന് ദിവസം കൂടി; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,മരണം മൂന്നായി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്ബത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍, കണ്ണൂര്‍ വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് യെലോ അലര്‍ട്ട്. തിരുവനന്തപരം ജില്ലയില്‍ മാത്രം മുന്നറിയിപ്പില്ല. കാറ്റിന്റെ ഗതി വടക്കോട്ട് നീങ്ങുന്ന സാഹചര്യത്തിലാണ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലയോര മേഖലകളില്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 15 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ കഴിഞ്ഞ ദിവസം രൂപകൊണ്ട ചക്രവാതചുഴി തുടരുന്നതും ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ദിവസങ്ങളില്‍ പുതിയ ന്യുനമര്‍ദ്ദം രൂപംകൊള്ളുമെന്ന സൂചനയുമുണ്ട്.

കോഴിക്കോട് പലയിടങ്ങളിലും വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡുകളില്‍ വെള്ളം കയറി. തൃശൂരില്‍ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

പെരിങ്ങല്‍കുത്ത് ഡാം തുറന്നതോടെ ചാലക്കുടിയില്‍ വെള്ളം കയറി. റെയില്‍വേ അടിപ്പാത അടക്കം വെള്ളത്തിനടിയിലായി. ചാലക്കുടി പുഴയില്‍ 6.32 മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. 7.1 മീറ്റര്‍ വരെ ഉയര്‍ന്നാല്‍ അപകട മുന്നറിയിപ്പ് നല്‍കും. തീരപ്രദേശത്ത് താമസിക്കുന്നവര്‍ മാറിതാമസിക്കാന്‍ നിര്‍ദേശം നല്‍കി.
പരിയാരം, മേലൂര്‍, കുറ്റിക്കാട് പ്രദേശങ്ങളിലും ചാലക്കുടി നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും പുഴയില്‍ നിന്നും വെള്ളം കയറിതുടങ്ങി. ഈ പ്രദേശങ്ങളിലെ പുഴയോരവാസികളെ ഒഴിപ്പിച്ചു. പല സ്ഥലങ്ങളിലും ക്യാമ്ബുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. 2018ലെ മഹാപ്രളയത്തില്‍ പുഴയില്‍ പത്തര മീറ്ററാണ് വെള്ളം ഉയര്‍ന്നത്. വെള്ളം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിനെ തുടര്‍ന്ന് ചാലക്കുടിപുഴയിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പമ്ബിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. അന്തര്‍സംസ്ഥാന പാതയായ ആനമല റോഡില്‍ വെള്ളം കയറിയതോടെ അതിരപ്പിള്ളി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ജാഗ്രത നിര്‍ദേശം നല്കുന്ന അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ആലുവ പുഴ കരകവിഞ്ഞു. മണപ്പുറത്തിന്റെ ഒരു ഭാഗം വെള്ളം കയറി. പുത്തന്‍വേലിക്കര, പറവൂര്‍ അടക്കമുള്ള പഞ്ചായത്തുകളില്‍ വെള്ളം കയറുമെന്ന് മുന്നറിയിപ്പുണ്ട്. വൈശാലി പുഴയ്ക്ക് സമീപം മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. ആദിവാസി മേഖല ഒറ്റപ്പെട്ടു. എറണാകുളം നഗരത്തിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തീരദേശ മേഖലയില്‍ കാറ്റ് ശക്തമാണ്.

അതിനിടെ, മഴക്കെടുതിയില്‍ മരണം മൂന്നായി. കൊല്ലം തെന്മല നാഗമല സ്വദേശി ഗോവിന്ദരാജ് (65) തോട്ടില്‍ വീണ് മരിച്ചു. മലപ്പുറത്ത് വീട് തകര്‍ന്ന് സഹോദരിമാര്‍ മരിച്ചു. കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് ചേന്നാരി മുഹമ്മദ് കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5.45 ഓടെയായിരുന്നു അപകടം.

Related News