Loading ...

Home International

ഡെങ്കിപ്പനി ബാധയില്‍ വലഞ്ഞ് പാക്കിസ്ഥാൻ; പഞ്ചാബ് പ്രവിശ്യയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ

ഇസ്ലാമാബാദ് : ഡെങ്കിപ്പനി ബാധയില്‍ വലഞ്ഞ് പാക്കിസ്ഥാൻ. പഞ്ചാബ്, സിന്ധ്, ഖൈബര്‍ പക്തുന്‍ഖ്വ എന്നീ പ്രവിശ്യകളിലാണ് ഡെങ്കിപ്പനി വ്യാപകമാകുന്നത്. ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും രോഗികളെ കൊണ്ട് നിറഞ്ഞു. കൊറോണ വ്യാപനത്തിനിടെ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് മുഴുവന്‍ പ്രതിരോധ സംവിധാനങ്ങളെയും താളം തെറ്റിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് മേഖലകളില്‍ ഡെങ്കിപ്പനി ബാധ രൂക്ഷമായത്. കൊറോണയെ തുടര്‍ന്ന് പ്രദേശങ്ങളിലെ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. അതിനാല്‍ ഭൂരിഭാഗം ആശുപത്രികളും ഡെങ്കിപ്പനി രോഗികളെ പ്രവേശിപ്പിക്കാതെ വീട്ടിലേക്ക് തന്നെ മടക്കി അയക്കുകയാണ്. ചിലയിടങ്ങളില്‍ കൊറോണ രോഗികള്‍ക്കൊപ്പം കിടത്തിയാണ് ഡെങ്കിപ്പനി ബാധിതരെയും ചികിത്സിക്കുന്നത്. ഇതിനിടെ ഡെങ്കിപ്പനിയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനി വ്യാപനം രൂക്ഷമായ പഞ്ചാബില്‍ സര്‍ക്കാര്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെങ്കിപ്പനി കേസുകളുടെ എണ്ണം കൂടിയതോടെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് ആരോഗ്യഅടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. അവധിയില്‍ പോയ മുഴുവന്‍ ഡോക്ടര്‍മാരോടും ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അടുത്തിടെ പാകിസ്താനിലുണ്ടായ ശക്തമായ മഴയാണ് ഡെങ്കിപ്പനി ബാധയ്‌ക്ക് കാരണമായത് എന്നാണ് വിവരം. ദിവസങ്ങളോളം നീണ്ടു നിന്ന മഴയില്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. ഇവിടങ്ങളില്‍ വെള്ളം കെട്ടി നിന്നത് കൊതുകുകള്‍ പെറ്റുപെരുകുന്നതിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News