Loading ...

Home International

ചെക്ക് റിപബ്ലിക്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വന്‍ തോല്‍വി; പാര്‍ലമെന്റ് പ്രാതിനിധ്യവും നഷ്ടമായി

പ്രാഗ്: ചെക്ക് റിപബ്ലിക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രാതിനിധ്യം ഇല്ലാതാകുന്നു. രാജ്യത്ത് നാല് പതിറ്റാണ്ട് ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതിയ തിരഞ്ഞെടുപ്പോടെയാണ് പാര്‍ലമെന്റില്‍ പ്രാതിനിധ്യം നഷ്ടമായത്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ 3.62 ശതമാനം വോട്ട് മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചത്. പ്രാതിനിധ്യം ഉറപ്പാക്കണമെങ്കില്‍ ചുരുങ്ങിയത് 5 ശതമാനം വേണം. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് വോജ് ടെക് ഫിലിപ്പ് രാജിവച്ചു. പ്രധാനമന്ത്രി ആന്ദ്രേ ബാബിഷിനും തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി. ബാബിഷിന്റെ വിദേശനിക്ഷേപ ഇടപാടുകള്‍ പന്‍ഡോറ പേപ്പറിലൂടെ പുറത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു വോട്ടെടുപ്പ്. ബാബിഷിന്റെ യെസ് പാര്‍ട്ടി 27.1 ശതമാനം വോട്ടാണ് നേടിയത്. ത്രികക്ഷി ലിബറല്‍ കണ്‍സര്‍വേറ്റീവ് മുന്നണിക്ക് 27.8 ശതമാനം വോട്ട് ലേങിച്ചു. പൈറേറ്റ് പാര്‍ട്ടി, മേയര്‍മാരുടെ സംഘടനയായ സ്റ്റാന്‍ എന്നിവരുടെ മുന്നണിക്ക് 15.6 ശതമാനം വോട്ട് ലഭിച്ചു. ഈ രണ്ട് സഖ്യങ്ങളും ചേര്‍ന്നായിരിക്കും പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. കുടിയേറ്റ വിരുദ്ധരായ ഫ്രീഡം ആന്‍ഡ് ഡയറക്‌ട് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 9.6 ശതമാനം വോട്ട് കിട്ടി. 1948 മുതല്‍ 1989ലെ വെല്‍വെറ്റ് വിപ്ലവം വരെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധികാരത്തിന് കീഴിലായിരുന്നു അവിഭക്ത ചെക്കോസ്ലൊവാക്യ. 1989ന് ശേഷം രാജ്യത്ത് പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞ് തുടങ്ങി. 1993ല്‍ രാജ്യം ചെക്, സ്ലൊവാക്യ എന്ന് രണ്ടായി പിരിയുകയായിരുന്നു.

Related News