Loading ...

Home International

ബഹിരാകാശ പര്യവേഷണങ്ങളില്‍ കൈകോര്‍ക്കാന്‍ ഇസ്രായേലും യുഎഇയും

ബഹിരാകാശ പര്യവേഷണങ്ങളില്‍ കൈകോര്‍ക്കാന്‍ ഇസ്രായേലും യുഎഇയും. അടുത്തിടെയാണ് ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. അറബ് മേഖലയില്‍ പുതുചരിത്രത്തിന് തുടക്കം കുറിച്ചായിരുന്നു യു.എ.ഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിച്ചത്.

ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഉടന്‍ തന്നെ ബഹിരാകാശ പര്യവേഷണങ്ങളിലും സഹകരണം ഉറപ്പാക്കും. ഇസ്രയേലിനും യു എ ഇയ്ക്കും ബഹിരാകാശ പര്യവേഷണ ലക്ഷ്യങ്ങളുണ്ട്. ഈ വര്‍ഷം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് 'ഹോപ്പ് പ്രോബ്' എന്ന ബഹിരാകാശ പേടകം യുഎഇ വിജയകരമായി വിക്ഷേപിച്ചിരുന്നു. ബഹിരാകാശ പര്യവേഷണങ്ങളില്‍ ഇസ്രയേലും ഒട്ടും പുറകിലല്ല. വര്‍ഷങ്ങള്‍ക്കുമുമ്ബ് ഇസ്രായേല്‍ ബെറെഷീറ്റ് എന്ന ബഹിരാകാശപേടകം ചാന്ദ്ര ദൗത്യത്തിനായി വിക്ഷേപിച്ചിരുന്നു .

കോവിഡ് സഹായം മുതല്‍ ജലം, കാലാവസ്ഥാ വ്യതിയാനം എന്നിവ അടക്കമുള്ള എല്ലാ മേഖലകളിലും പുതിയ പങ്കാളികളുമായി തങ്ങള്‍ സഹകരണം തേടുന്നതായി ഒരു അന്താരാഷ്ട്ര പത്രസമ്മേളനത്തില്‍ സംസാരിക്കവേ ഇസ്രായേലിന്റെ ബ്യൂറോ ഫോര്‍ മിഡില്‍ ഈസ്റ്റ് ആന്റ് പീസ് പ്രോസസ് മേധാവി എലിയാവ് ബെഞ്ചമിന്‍ പറഞ്ഞു. സഹകരണാടിസ്ഥാനത്തിലുള്ള മെച്ചപ്പെട്ട നയതന്ത്ര ബന്ധമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണവും സമാധാനവും സ്ഥാപിച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേല്‍ ചരിത്ര പ്രധാനമായ നീക്കമാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും അയല്‍ രാജ്യങ്ങളുമായി ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചു. യുഎഇയുമായുള്ള യുഎസ് ബ്രോക്കേര്‍ഡ് ഉടമ്ബടിയോടെയാണ് ഇത് ആരംഭിച്ചത്. തുടര്‍ന്ന്, മൊറോക്കോ, ബഹ്റൈന്‍, സുഡാന്‍ എന്നീ രാജ്യങ്ങളുമായും സമാനമായ നയതന്ത്ര ഉടമ്ബടികള്‍ ഇസ്രായേല്‍ ഒപ്പുവെച്ചു. അബ്രഹാം ഉടമ്ബടി എന്നാണ് ഇവ അറിയപ്പെടുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ആദ്യ ഉടമ്ബടി ഒപ്പുവെച്ചതിനു ശേഷമുള്ള ഒരു വര്‍ഷം സംഭവബഹുലമാണ്. ഡൊണാള്‍ഡ് ട്രംപിന് പകരം അമേരിക്കയില്‍ ജോ ബൈഡന്‍ എത്തി. ബെഞ്ചമിന്‍ നെതന്യാഹുവിന് ഇസ്രായേലിലെ പ്രധാനമന്ത്രി കസേര നഷ്ടപ്പെട്ടു. താലിബാന്‍ അഫ്ഗാനിസ്ഥാനെ കീഴടക്കി. അറബ് മേഖലയുള്‍പ്പടെ ചുവടുമാറ്റപ്പെടുകയായിരുന്നു. ഇതിനിടയില്‍ കോവിഡ് പകര്‍ച്ചവ്യാധി അതിവേഗം പടര്‍ന്നുപിടിച്ചു, വിവിധ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പല രാജ്യങ്ങളും വാക്‌സിനുകള്‍ കണ്ടുപിടിച്ചു.

പ്രക്ഷുബ്ധമായ മാറ്റങ്ങളുണ്ടായിട്ടും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ അയല്‍രാജ്യങ്ങളോടുള്ള തങ്ങളുടെ കാഴ്ചപ്പാടാണ് വ്യക്തമാകുന്നതെന്ന് ഇസ്രായേല്‍ പറയുന്നു. മറ്റ് പല രാജ്യങ്ങളും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍, ഇതുവരെ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ഒമാനും ഇസ്രയേലുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Related News