Loading ...

Home International

പ്രവൃത്തിദിനം ആഴ്ചയില്‍ നാലായി ചുരുക്കുന്നു; ശുപാര്‍ശ പരിഗണന‍യിലെന്ന് ബെല്‍ജിയം

ബ്രസല്‍സ്: തൊഴിലാളികളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ നാലായി പുനര്‍നിശ്ചയിക്കാനുള്ള ശിപാര്‍ശ പരിഗണനയിലെന്ന് ബെല്‍ജിയം സര്‍ക്കാര്‍. ബെല്‍ജിയം സാമ്ബത്തിക, തൊഴില്‍ മന്ത്രി പീയറിയെസ് ദെര്‍മാഗ്നയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളി ക്ഷേമത്തിന്‍റെ ഭാഗമായി ഈ ശിപാര്‍ശ ബെല്‍ജിയം ഫെഡറല്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വിഷയത്തില്‍ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നും പീയറിയെസ് അറിയിച്ചതായി യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് മഹാമാരി ജനങ്ങളുടെ തൊഴില്‍ സാഹചര്യങ്ങളില്‍ വരുത്തിയ വലിയ മാറ്റങ്ങളാണ് പ്രവൃത്തി ദിനം കുറക്കുന്നത് മൗലിക കാര്യമായി കണക്കാന്‍ കാരണമായത്. പുതിയ ശുപാര്‍ശയില്‍ തീരുമാനം വരുന്നതു വരെ തൊഴിലാളികള്‍ നിലവിലുള്ള സമയക്രമത്തില്‍ ജോലി ചെയ്യും.വ്യവസായ, തൊഴില്‍ സംഘടനാ പ്രതിനിധികള്‍ക്ക് ശിപാര്‍ശ കൈമാറുകയും അവരുടെ അഭിപ്രായം കേള്‍ക്കുകയും ചെയ്യും. ഈ നടപടിക്രമങ്ങള്‍ ആറു മാസത്തോളം നീണ്ടുനില്‍ക്കും. ഇതിന് ശേഷമായിരിക്കും നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കുക.

പുതിയ തൊഴില്‍ നിയമം കൊണ്ടുവന്നാണ് പ്രവൃത്തി ദിനം കുറക്കുന്നത്. ഇതില്‍ ജോലി സമയം സംബന്ധിച്ച കാര്യങ്ങളും വ്യവസ്ഥ ചെയ്യും. എന്നാല്‍, പ്രവൃത്തി ദിനം നാലായി ചുരുക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി.നിലവിലെ 38-40 മണിക്കൂര്‍ ജോലി സമയം ആഴ്ചയിലെ നാല് പ്രവൃത്തി ദിവസങ്ങളായി ചുരുക്കുന്നത് സംബന്ധിച്ച നിര്‍ദേശം ഏഴ് രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടുന്ന ബെല്‍ജിയത്തിലെ സഖ്യസര്‍ക്കാര്‍ പരിഗണിക്കുന്നതായും നിര്‍ദേശത്തെ മുഴുവന്‍ ഭരണകക്ഷികളും പിന്തുണക്കുന്നതായും വി.ടി.എം ന്യൂസ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ നിര്‍ദേശം തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമെന്നും എന്നാല്‍, ഇക്കാര്യം തീരുമാനിക്കേണ്ടത് തൊഴിലാളികളാണെന്നും ഭരണകക്ഷിയായ ഗ്രീന്‍ പാര്‍ട്ടിയുടെ നേതാവ് മേറം അല്‍മാക്കി ചൂണ്ടിക്കാട്ടി.സ്പെയിന്‍, ഐസ് ലന്‍ഡ് എന്നീ രാജ്യങ്ങള്‍ പ്രവൃത്തി ദിനം ആഴ്ചയില്‍ നാലായി ചുരുക്കി മുമ്ബ് പരീക്ഷണം നടത്തിയിരുന്നു. 2015ലും 2017ലും ഐസ് ലന്‍ഡില്‍ നടത്തിയ പരീക്ഷണത്തില്‍ തൊഴിലാളികളില്‍ സമ്മര്‍ദം ഉണ്ടാക്കുകയോ അവരുടെ ഉല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്നില്ലെന്ന് ഗവേഷകര്‍ വിലയിരുത്തിയിരുന്നു.

Related News