Loading ...

Home National

പൈനാപ്പിളില്‍ നിന്ന് 'വീഗന്‍ ലെതര്‍' നിര്‍മ്മിക്കാം; പുതിയ പദ്ധതിയുമായി മേഘാലയ സര്‍ക്കാര്‍

പൈനാപ്പിളില്‍ നിന്നും വീഗന്‍ ലെതര്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളുമായി മേഘാലയ സര്‍ക്കാര്‍. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്‌ ആളുകളെ ബോധവാന്മാരാക്കാന്‍ ഒരു മ്യൂസിയം സ്ഥാപിക്കാനും സര്‍ക്കാര്‍ തങ്ങളുടെ പദ്ധതികളിലൂടെ ആസൂത്രണം ചെയ്യുന്നുണ്ട്. മേഘാലയയുടെ വനം, പരിസ്ഥിതി, ഊര്‍ജ്ജ മന്ത്രി ജെയിംസ് സാങ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ടൈ ഹൈദരാബാദ് ചൊവ്വാഴ്ച സംഘടിപ്പിച്ച 'ടൈ സുസ്ഥിരതാ ഉച്ചകോടി 2021' ല്‍ മുഖ്യപ്രഭാഷണം നടത്തിയ സാംഗ്മ, സ്കൂള്‍ പാഠ്യപദ്ധതിയില്‍ കാലാവസ്ഥാ വ്യതിയാനം ഒരു മുഖ്യ വിഷയമായി അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്ന കാര്യവും വ്യക്തമാക്കി.

വീഗന്‍ എന്നു പറഞ്ഞാല്‍ സസ്യാഹാരം കഴിക്കുന്നയാള്‍ എന്നാണ് അര്‍ഥം. മാത്രമല്ല ഇവര്‍ മൃഗങ്ങളുടെ തോലുകൊണ്ട് ഉണ്ടാക്കുന്ന ചെരിപ്പുകള്‍, ബാഗുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവയും ഉപയോഗിക്കില്ല. മൃഗത്തോലിന് പകരം കൃത്രിമ അല്ലെങ്കില്‍ സസ്യ ഉത്പന്നങ്ങളില്‍ നിന്ന് സൃഷ്ടിച്ചെടുക്കുന്ന ഒരു വസ്തുവാണ് വീഗന്‍ ലെതര്‍. ഇതിന് മൃഗത്തോലിന്റെ പല ഗുണഗണങ്ങളും ഉണ്ടെങ്കിലും അതിനായി ഒരു മൃഗത്തെയും കൊല്ലേണ്ടി വരുന്നില്ലെന്നതാണ് പ്രധാന മേന്മ. രണ്ടു തരം വീഗന്‍ ലെതറുകളാണുളളത് - പഴയ രീതിയിലുള്ള സിന്തറ്റിക് വീഗന്‍ ലെതറും, അടുത്തകാലത്ത് വികസിപ്പിച്ചെടുത്ത ഓര്‍ഗാനിക് വകഭേദവും.

സ്വാഭാവിക വീഗന്‍ ലെതറിന്റെ കാര്യം പരിശോധിച്ചാല്‍ ഇതില്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. പഴങ്ങള്‍, കൂണ്‍ എന്നിവയില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് ഓര്‍ഗാനിക് (സ്വാഭാവിക) വീഗന്‍ ലെതറിന്റെ നിര്‍മ്മാണം. ഈ രണ്ടു തരം വീഗന്‍ ലെതറുകളില്‍ എപ്പോഴും ഓര്‍ഗാനിക് വീഗന്‍ ലെതര്‍ ആണ് മികച്ചത്.

"ഇന്ത്യയിലെ പ്രധാന പൈനാപ്പിള്‍ ഉത്പാദന സംസ്ഥാനങ്ങളില്‍ ഒന്നാണ് മേഘാലയ. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മൊത്തം പൈനാപ്പിളിന്റെ 8 ശതമാനമാണ് മേഘാലയ സംഭാവന ചെയ്യുന്നത്. കൂടാതെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പഴവിളയാണ് പൈനാപ്പിള്‍. ഇതേ പൈനാപ്പിളില്‍ നിന്ന് വീഗന്‍ ലെതര്‍ നിര്‍മ്മിക്കുന്നതിനായുള്ള പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്ന് " സാങ്മ പറഞ്ഞു.

Related News