Loading ...

Home Kerala

ന്യൂനമര്‍ദങ്ങള്‍ക്കും ചുഴലിക്കും സാധ്യത, ഇടുക്കിയില്‍ പ്രത്യേക ജാഗ്രത

തിരുവനന്തപുരം/കൊച്ചി : സംസ്‌ഥാനത്തും ഇന്നു തീവ്രമഴയ്‌ക്ക്‌ സാധ്യതയെന്നു മുന്നറിയിപ്പ്‌. ഇന്നു കോട്ടയം, ഇടുക്കി, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ഓറഞ്ച്‌ അലെര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. ഇടുക്കിയില്‍ പ്രത്യേക ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്‌. ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള മറ്റ്‌ ജില്ലകളില്‍ ഇന്നും യെല്ലോ അലേര്‍ട്ടായിരിക്കും. കേരളാ കര്‍ണാടക തീരത്ത്‌ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന്‌ വിലക്കുണ്ട്‌. ഈ മാസം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഒരുപോലെ ന്യൂനമര്‍ദങ്ങള്‍ക്കും ചുഴലിക്കാറ്റിനും സാധ്യതയേറെയാണെന്നും മുന്നറിയിപ്പുണ്ട്‌.
കാലാവസ്‌ഥാ ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ രാജ്യത്ത്‌ പൊതുവില്‍ തുലാവര്‍ഷം സാധാരണപോലെയായിരിക്കുമെങ്കിലും കേരളത്തില്‍ കൂടുതലായിരിക്കും. തുലാവര്‍ഷം ഈ മാസം പകുതിയോടെയേ പെയ്യാനാരംഭിക്കുകയുള്ളൂ. തുലാവര്‍ഷക്കാലയളവില്‍ ഒട്ടനവധി ന്യൂനമര്‍ദങ്ങള്‍ക്കും ചുഴലിക്കാറ്റുകള്‍ക്കും സാധ്യതയുണ്ടെന്ന്‌ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രം അറിയിച്ചു.
ശാസ്‌ത്ര കലണ്ടര്‍ പ്രകാരം മണ്‍സൂണ്‍ സെപ്‌റ്റംബര്‍ 30 അവസാനിച്ചു കഴിഞ്ഞു. പ്രതീക്ഷിച്ചതില്‍നിന്ന്‌ 16 ശതമാനം മഴക്കുറവാണു മണ്‍സൂണില്‍ രേഖപ്പെടുത്തിയത്‌. എന്നാല്‍, പൂര്‍ണമായി മണ്‍സൂണ്‍ വിടവാങ്ങിയിട്ടില്ലെന്നാണു ഗവേഷകള്‍ പറയുന്നത്‌.
ഇപ്പോള്‍ പെയ്യുന്ന മഴയും മണ്‍സൂണിന്റെ ഭാഗമാണ്‌. ഒന്നരയാഴ്‌ചയോളം മണ്‍സൂണിന്റെ പ്രഭാവം സംസ്‌ഥാനത്തു തുടരും. മണ്‍സൂണ്‍ പൂര്‍ണമായി പിന്‍വാങ്ങിയശേഷമേ തുലാവര്‍ഷത്തിന്റെ സാന്നിധ്യമുണ്ടാകൂ. ഇന്നും നാളെയും സംസ്‌ഥാനത്ത്‌ പരക്കേ ശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്ന്‌ കുസാറ്റ്‌ ഗവേഷകര്‍ പറഞ്ഞു.

Related News