Loading ...

Home National

കോവിഡ്‌ മരണസര്‍ട്ടിഫിക്കറ്റിലെ പിഴവില്‍ നഷ്‌ടപരിഹാരം തടയരുത്‌, സംസ്‌ഥാനങ്ങളോട്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ്‌-19 മൂലം മരിച്ചവരുടെ മരണസര്‍ട്ടിഫിക്കറ്റില്‍ അപ്രകാരം രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണത്താല്‍ 50,000 രൂപയുടെ നഷ്‌ടപരിഹാരം തടയാന്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്കാവില്ലെന്ന്‌ സുപ്രീം കോടതി.

സംസ്‌ഥാനങ്ങളുടെ ദുരന്ത നിവാരണഫണ്ടില്‍നിന്ന്‌ നഷ്‌ടപരിഹാരം നല്‍കണമെന്നതില്‍ ഊന്നിക്കൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിച്ച സുപ്രീം കോടതി അപേക്ഷ ലഭിച്ച്‌ 30 ദിവസത്തിനുള്ളില്‍ മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക്‌ നഷ്‌ടപരിഹാരരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിര്‍ദേശപ്രകാരം കോവിഡ്‌ ഇരകള്‍ക്ക്‌ ദേശീയ ദുരന്ത നിവാരണ അതോറിട്ടി(എന്‍.ഡി.എം.എ.) അനുവദിച്ച നഷ്‌ടപരിഹാരപദ്ധതി കൂടുതല്‍ ജനങ്ങളിലേയ്‌ക്കെത്തിക്കാന്‍ അച്ചടി, ഇലക്‌ട്രോണിക്‌ മാധ്യമങ്ങളില്‍ ഇവ സംബന്ധിച്ച പരസ്യം വിപുലമായി നല്‍കണമെന്നും ജസ്‌റ്റീസുമാരായ എം.ആര്‍. ഷായും എ.എസ്‌. ബൊപ്പണ്ണയും ഉള്‍പ്പെട്ട ബെഞ്ച്‌ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളോട്‌ ആവശ്യപ്പെട്ടു.
മരണസര്‍ട്ടിഫിക്കറ്റ്‌ കിട്ടിയതില്‍ പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതരെ സമീപിക്കാവുന്നതാണെന്ന്‌ എന്‍.ഡി.എം.എ. മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടു സുപ്രീം കോടതി വ്യക്‌തമാക്കി.

ആര്‍.ടി-പി.സി.ആര്‍. പരിശോധനകള്‍ പോലുള്ള ആവശ്യരേഖകള്‍ ഹാജരാക്കുന്നപക്ഷം മരണസര്‍ട്ടിഫിക്കറ്റില്‍ അധികൃതര്‍ക്ക്‌ തിരുത്തല്‍ വരുത്താമെന്നും എന്നിട്ടും പരാതിയുണ്ടെങ്കില്‍ പരാതി പരിഹാര സംവിധാനത്തെ സമീപിക്കാവുന്നതാണെന്നുംകോടതി ചൂണ്ടിക്കാട്ടി. മരണമടഞ്ഞവരുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച്‌ പരാതിപരിഹാര സമിതിക്ക്‌ 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കോവിഡ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കോ, പ്രതിരോധ സന്നാഹങ്ങള്‍ക്കോ ഇടയില്‍ വൈറസ്‌ ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ക്കും നഷ്‌ടപരിഹാരം നല്‍കുമെന്ന്‌ എന്‍.ഡി.എം.എ. മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്‌തമാക്കുന്നു.

പതിനഞ്ചാം ധനകമ്മിഷന്റെ ശിപാര്‍ശ പ്രകാരം ഇന്‍ഷുറന്‍സ്‌ ഇടപെടലുകള്‍ നടത്തുന്നതിനായുള്ള ചര്‍ച്ചകള്‍ ദേശീയ ദുരന്തനിവാരണസമിതി ഇതിനോടകം തുടങ്ങിയിട്ടുണ്ടെന്നും കോവിഡ്‌ ഇരകളുടെ ബന്ധുക്കള്‍ക്കു ധനസഹായം തേടി അഭിഭാഷകനായ ഗൗരവ്‌ കുമാര്‍ ബന്‍സാലും മറ്റും സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു.

Related News