Loading ...

Home National

പൊലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി പ്രിയങ്ക

ന്യൂഡല്‍ഹി : പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം തുടങ്ങി പ്രിയങ്ക ഗാന്ധി. ലഖിംപുര്‍ ഖേഡി സന്ദര്‍ശിക്കാന്‍ പോയ തന്നെ 24 മണിക്കൂറില്‍ ഏറെയായി അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. സംഘര്‍ഷം നടന്ന ലഖിംപുരിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവേ ഇന്നലെയാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡയില്‍ എടുത്തത്. ലക്നൌവ്വില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൌസിലാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിതാപുര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഇതിനിടെ, ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സമരക്കാര്‍ക്കുമേല്‍ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കോണ്‍ഗ്രസാണ് വീഡിയോ പുറത്തുവിട്ടത്. ഞായറാഴ്ച നടന്ന സംഭവത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും നാല് കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Related News