Loading ...

Home International

ഇന്ന് ലോക ആവാസ ദിനം; കാര്‍ബണ്‍ രഹിത ലോകത്തിനായി കൈകോര്‍ക്കാം

ഇന്ന് ലോക ആവാസ ദിനം. പ്രകൃതിയും ആവാസ വ്യവസ്ഥാ കേന്ദ്രങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി യു.എന്‍ ആഹ്വാന പ്രകാരം ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച ആവാസ ദിനമായി ആചരിക്കുന്നു. പരിസ്ഥിതിയും പ്രകൃതിയും വന്‍തോതില്‍ വേട്ടയാടപ്പെടുന്ന ഈ കാലഘട്ടത്തില്‍ അവയെ സംരക്ഷിക്കണമെന്ന സന്ദേശത്തിന് വലിയ പ്രസക്തിയാണുള്ളത്. മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങളുടെ അതിജീവനത്തിനായി പ്രകൃതിയേയും അതിലെ ആവാസ വ്യവസ്ഥാ കേന്ദ്രങ്ങളെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ലോക ആവാസ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

പ്രവചിക്കപ്പെട്ടിട്ടുള്ളതിലും വേഗത്തിലാണ് ആഗോള താപനം നടക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥെയ്ന്‍ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ലോക ആവാസ ദിനം ബോധ്യപ്പെടുത്തുന്നു.

ഐക്യരാഷ്ട്രസഭയുടെ നിഗമനപ്രകാരം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന്റെ 70 ശതമാനവും നഗരങ്ങളില്‍ നിന്നാണ്. ഇതിന് ഏറ്റവും വലിയ സംഭാവന നല്‍കുന്നത് വാഹനങ്ങളും കെട്ടിടങ്ങളും മാലിന്യ സംസ്കരണവുമാണ്. അതിനാല്‍ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിന് നമ്മുടെ നഗരങ്ങളെ പുതുക്കി പണിയേണ്ടതുണ്ട്. 'കാര്‍ബണ്‍ രഹിത ലോകത്തിനായി നഗരങ്ങളില്‍ പ്രവര്‍ത്തിച്ചു തുടങ്ങാം' എന്നതാണ് 2021ലെ ലോക ആവാസ ദിനത്തിന്റെ പ്രമേയം

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1985 ഡിസംബറിലാണ് ലോക ആവാസ ദിനാചരണം പ്രഖ്യാപിച്ചത്. പാര്‍പ്പിടത്തോടൊപ്പം, ശുദ്ധമായ കുടിവെള്ളം, ശൗചാലയം , ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്ന കാഴ്ചപ്പാടോടെയാണ് ഈ ദിനാചരണം ആരംഭിച്ചത്. ലോകത്ത് 1.6 ബില്യണ്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യമില്ലെന്നും 100 ദശലക്ഷത്തോളം പേര്‍ ഭവനരഹിതരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

1985 ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി (UNGA) ലോക ആവാസ വ്യവസ്ഥ ദിനം ആചരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. 1986ല്‍ കെനിയയിലെ നെയ്‌റോബിയില്‍ 'അഭയം എന്റെ അവകാശം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആദ്യത്തെ ലോക ആവാസ ദിനം ആചരിച്ചു.

Related News