Loading ...

Home Education

കലാലയങ്ങള്‍ വീണ്ടും തുറന്നു; തുടങ്ങിയത് അവസാന വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍

തിരുവനന്തപുരം: കോവിഡില്‍ അടച്ചിട്ട കോളേജുകള്‍ ഒന്നര വര്‍ഷത്തിനു ശേഷം തിങ്കളാഴ്ച മുതല്‍ വീണ്ടും തുറന്നു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ ബിരുദാനന്തരബിരുദ ക്ലാസുകളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് ആരംഭിച്ചത്.

എന്‍ജിനിയറിങ് കോളേജുകളില്‍ ആറു മണിക്കൂര്‍ ദിവസേന ക്ലാസ് നടത്താം. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ എത്താം.

പി.ജി. ക്ലാസുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എല്ലാ ദിവസവും ക്ലാസിലെത്താം. ബിരുദ വിദ്യാര്‍ഥികളെ ഒരു ബാച്ചായി പരിഗണിച്ച്‌ ഇടവിട്ട ദിവസങ്ങളിലാകും ക്ലാസ്. സ്ഥലസൗകര്യമുള്ള കോളജുകളില്‍ ബിരുദ ക്ലാസുകള്‍ പ്രത്യേക ബാച്ചുകള്‍ ദിവസേന നടത്തും. ഹോസ്റ്റലുകളും തുറക്കും.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ മുഴുവന്‍ കോളേജുകളിലെയും എല്ലാ വര്‍ഷ ക്ലാസുകളും മറ്റ് പരിശീലന ക്ലാസുകളും ആരംഭിക്കും. അതുവരെ ഓണ്‍ലൈനായി ക്ലാസ് തുടരും.

ക്ലാസുകള്‍ ഒറ്റ സെഷനില്‍ 8.30 മുതല്‍ 1.30 വരെ നടത്താം. ഒന്‍പത് മുതല്‍ മൂന്നുവരെ, 9.30 മുതല്‍ 3.30 വരെ, 10 മുതല്‍ നാലുവരെ എന്നീ സമയക്രമങ്ങളിലൊന്നിലും ക്ലാസ് നടത്താം.

ആഴ്ചയില്‍ 25 മണിക്കൂര്‍ അധ്യയനം ലഭിക്കുന്ന വിധത്തില്‍ ഓണ്‍ലൈനും ഓഫ്ലൈനും ഇടകലര്‍ത്തിയാണ് ക്ലാസുകള്‍. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള അമ്മമാര്‍, ഗര്‍ഭിണികള്‍, അപകടകരമായ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നീ വിഭാഗത്തിലുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാം. ഈ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ഹാജര്‍ നിര്‍ബന്ധമാക്കില്ല.

Related News