Loading ...

Home National

ലഖിംപൂര്‍ അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ച കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷം ധനസഹായം

ലഖ്‌നൗ : ലഖിംപൂര്‍ ഖേഡിയില്‍ കര്‍ഷക സമരത്തിനിടെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി ഒമ്ബതുപേര്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി അന്വേഷിക്കും. ലഖിംപൂര്‍ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.മരിച്ച കര്‍ഷകരുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും. കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് യുപി പൊലീസ് എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ പ്രദേശത്തേക്ക് രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ പ്രവേശിക്കാന്‍ അനുവദിക്കില്ല. അതേസമയം കര്‍ഷക സംഘടന പ്രതിനിധികള്‍ സ്ഥലത്ത് വരുന്നത് തടയില്ലെന്നും എഡിജിപി വ്യക്തമാക്കി.

അതേസമയം ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച്‌ കൊലപ്പെടുത്തിയതാണ് സംഘര്‍ഷത്തിന് കാരണമെന്ന് കേന്ദ്രസഹമന്ത്രി അജയ് മിശ്ര തേനി പറഞ്ഞു. അക്രമികള്‍ വടിയും വാളുകളും കയ്യില്‍ കരുതിയിരുന്നു. അക്രമത്തിന് നേതൃത്വം നല്‍കിയത് തന്റെ മകനാണെന്ന ആരോപണങ്ങള്‍ തെറ്റാണ്. അവിടെ ഉണ്ടായിരുന്നെങ്കില്‍ അയാളും കൊല്ലപ്പെട്ടേനെയെന്നും അജയ് മിശ്ര തേനി പറഞ്ഞു.കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കണം. വിഷയം സിബിഐയോ പ്രത്യേക ഏജന്‍സിയോ അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി അജയ് മിശ്ര തേനി ആവശ്യപ്പെട്ടു.ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 14 പേരാണ് കേസില്‍ പ്രതികള്‍. ഇവര്‍ക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Related News