Loading ...

Home Kerala

കഴക്കൂട്ടം- കാരോട് ബൈപാസിലെ ടോള്‍ പിരിവ് പുനഃരാരംഭിച്ചു; പ്രതിഷേധവുമായി യാത്രക്കാര്‍

തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപാസിലെ ടോള്‍ പിരിവ് പുനഃരാരംഭിച്ചു. വെള്ളിയാഴ്ച മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചയില്‍ അനിശ്ചിതകാല സമരം അവസാനിപ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും തീരുമാനിച്ചിരുന്നു. തിരുവല്ലം ടോള്‍ പ്ലാസയുടെ 11 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് ടോള്‍ പിരിവ് പുനരാരംഭിച്ചത്.

ഫാസ്റ്റാഗ് ഉണ്ടെങ്കില്‍ 70 രൂപയും അല്ലാത്തപക്ഷം 140 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ കഴക്കൂട്ടം മുതല്‍ കോവളം വരെയുള്ള 23 കിലോമീറ്റര്‍ ദൂരത്തെ റോഡ് നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. അതിനാല്‍ബൈപ്പാസിന്റെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ഇത്ര വലിയ തുക ടോളായി ഈടാക്കുന്നതിനെതിരെ യാത്രക്കാര്‍ ശക്തമായി പ്രതിഷേധിച്ചു. ടോള്‍പിരിവിനിടെ സാങ്കേതിക തടസ്സം നേരിട്ടത് രാവിലെ ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ നീണ്ട നിരയ്ക്കും കാരണമായി.

കോവളം മുതല്‍ കാരോട് വരെയുള്ള ഇരുപതിലധികം കിലോമീറ്റര്‍ ദൂരത്തെ റോഡ് നിര്‍മാണം ആണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. അതേസമയം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിന്റെ ടോള്‍ മാത്രമാണ് ഈടാക്കുന്നതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.

കഴക്കൂട്ടം കാരോട് ബൈപാസിലെ ടോള്‍ പിരിവിനെതിരെ 47 ദിവസമായി നടന്നു വരികയായിരുന്ന അനിശ്ചിതകാല സമരമാണ് അവസാനിപ്പിച്ചിരുന്നത്. സിപിഎം, സിപിഐ, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു അനിശ്ചിതകാലസമരം. അനിശ്ചിതകാല സമരം 47 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ആണ് മന്ത്രി വി ശിവന്‍കുട്ടി സമവായ ചര്‍ച്ച വിളിച്ചുചേര്‍ത്തത്. ചര്‍ച്ചയില്‍ സമരം നടത്തുന്ന എല്‍ഡിഎഫ് യുഡിഎഫ് നേതാക്കളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.

തിരുവല്ലം ടോള്‍പ്ലാസക്ക് സമീപം താമസിക്കുന്നവര്‍ക്ക് സൗജന്യയാത്ര വേണമെന്ന ആവശ്യമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പ്രധാനമായും മുന്നോട്ടുവച്ചത്. ഇത് ദേശീയപാത അതോറിറ്റി അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. തിരുവല്ലം ടോള്‍പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യയാത്ര അനുവദിക്കും. ഇതുകൂടാതെ കുമരിച്ചന്ത ഭാഗത്തുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യയാത്ര അനുവദിക്കും. അങ്ങനെ മൊത്തത്തില്‍ 11 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യയാത്ര അനുവദിക്കാമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഇതോടെയാണ് സമരം ഒത്തുതീര്‍പ്പായത്.

തിരുവല്ലത്ത് പുതിയ പാലം നിര്‍മ്മിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. സര്‍വീസ് റോഡുകളില്‍ അടക്കമുള്ള വെള്ളക്കെട്ട് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ദേശീയപാത അതോറിറ്റി ഉറപ്പുനല്‍കിയിട്ടുണ്ട്. തിരുവല്ലം ടോള്‍ പ്ലാസ യുടെ 11 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് റേഷന്‍ കാര്‍ഡ് അടക്കമുള്ള അനുബന്ധ രേഖകള്‍ കാണിച്ച്‌ യാത്ര ചെയ്യാന്‍ സാധിക്കും.

Related News