Loading ...

Home International

മതനിന്ദയെന്ന് ആരോപണം; പാക്കിസ്ഥാനിൽ വനിത സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

ലാഹോര്‍: മതനിന്ദ ആരോപിച്ച്‌ പാകിസ്താനിലെ ലാഹോറില്‍ വനിത സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ വിധിച്ച്‌ കോടതി. നിഷ്തര്‍ കോളനിയിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലായ സല്‍മ തന്‍വീറിനാണ് ജില്ല സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. സല്‍മ 50,000 രൂപ പിഴയടയ്‌ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. 2013ലാണ് കേസിനാസ്പദമായ സംഭവം. പ്രദേശത്തെ ഒരു പുരോഹിതന്റെ പരാതിയിലാണ് ലാഹോര്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുക്കുന്നത്. മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചുവെന്ന് ഇവര്‍ക്കെതിരായ പരാതിയില്‍ പറയുന്നു. പ്രവാചകനായ മുഹമ്മദ് ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകനാണെന്നത് നിഷേധിച്ചുവെന്നും, സ്വയം ഇസ്ലാമിന്റെ പ്രവാചകനാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സല്‍മയ്‌ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു ഇവരുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ മാനസികമായി പ്രശ്‌നങ്ങള്‍ ഉള്ള ഒരാള്‍ എങ്ങനെയാണ് ഒരു സ്വകാര്യ സ്‌കൂള്‍ മികച്ച രീതിയില്‍ നടത്തിക്കൊണ്ടു പോവുകയെന്ന് കോടതി ചോദിച്ചു. പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിശോധിച്ച കോടതി, ഇവര്‍ വിചാരണ നേരിടണമെന്നും ചൂണ്ടിക്കാണിച്ചു. ഇതിന് ശേഷമാണ് മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന് കാണിച്ച്‌ പാകിസ്താന്‍ പീനല്‍ കോഡ് 295-സി പ്രകാരം സല്‍മയ്‌ക്ക് വധശിക്ഷ വിധിച്ചത്. ഈ വകുപ്പ് പ്രകാരം വാക്കുകളിലൂടെയോ ആംഗ്യരൂപത്തിലോ മറ്റേതെങ്കിലും വിധത്തിലോ പ്രവാചകനെ അധിക്ഷേപിച്ചാല്‍ ജീവപര്യന്തമോ, വധശിക്ഷയോ, പിഴശിക്ഷയോ ലഭിക്കും.

Related News