Loading ...

Home Kerala

മുന്‍ ചീഫ് സെക്രടെറിയും എഴുത്തുകാരനുമായ സി പി നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രടെറിയും എഴുത്തുകാരനുമായ സി പി നായര്‍(81) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ കാര്‍കശ്യവും സര്‍ഗരചനയില്‍ നര്‍മവും പുലര്‍ത്തിയ സി പി നായര്‍ പ്രശസ്ത സാഹിത്യകാരന്‍ എന്‍ പി ചെല്ലപ്പന്‍ നായരുടെ മകനാണ്.

സംസ്ഥാന സര്‍കാരിലെ നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. തിരുവനന്തപുരം യൂനിവേഴിസിറ്റി കോളജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബി എ (ഓണേഴ്‌സ്) നേടിയ സി പി നായര്‍ 1962 ബാച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. ഹ്വസ്വകാലം കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷമാണ് സിവില്‍ സെര്‍വീസിലെത്തിയത്. മാവേലിക്കര സ്വദേശിയാണെങ്കിലും ഏറെ നാളായി തിരുവനന്തപുരത്തായിരുന്നു താമസം.

ഒറ്റപ്പാലം സബ്കലക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, ആസൂത്രണവകുപ്പില്‍ ഡെപ്യൂടി സെക്രടെറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂടി ചെയര്‍മാന്‍, തൊഴില്‍ സെക്രടെറി, റവന്യൂബോര്‍ഡ് അംഗം, ആഭ്യന്തരസെക്രടെറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 1982 - 87ല്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രടെറിയായിരുന്നു. 1998 ഏപ്രിലില്‍ സെര്‍വീസില്‍ നിന്ന് വിരമിച്ചു.

എല്ലാകാലത്തും അഴിമതിക്കെതിരായ നിലപാടുകള്‍ കൈക്കൊണ്ടതുവഴി ശ്രദ്ധേയനായിരുന്നു സി പി നായര്‍. കേരളത്തിന്റെ ചീഫ് സെക്രടെറിയായാണ് സെര്‍വീസില്‍ നിന്ന് വിരമിച്ചത്. ഏറ്റവും ഒടുവില്‍ വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമിഷന്റെ ചെയര്‍മാനായിരുന്നു. കെ കരുണാകരന്‍, ഇ കെ നായനാര്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുടെ കൂടെ സുപ്രധാന പദവികള്‍ വഹിച്ചു. ദേവസ്വം കമിഷണര്‍ എന്ന നിലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുന്നതിനായുള്ള നടപടികളും ശ്രദ്ധേയമായി.

സെര്‍വീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉള്‍പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇരുകാലിമൂട്ടകള്‍, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ , പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയില്‍ ഒരു മാരുതി, ചിരി ദീര്‍ഘായുസിന് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്.

സരസ്വതിയാണ് ഭാര്യ. ഹരിശങ്കര്‍, ഗായത്രി, എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ചൊവ്വാഴ്ച നടക്കും.

Related News