Loading ...

Home health

പുകവലി കൊറോണ രോഗികള്‍ക്കും ഹാനികരം; മരണ സാദ്ധ്യത കൂടുതലെന്ന് പഠനം

വാഷിംഗ്ടണ്‍: പുകവലിക്കുന്നവരില്‍ കൊറോണ ഗുരുതരമാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. മരണത്തിന് വരെ കാരണമായേക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. കൊറോണ ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുകവലിക്കാരില്‍ രോഗതീവ്രത വര്‍ദ്ധിക്കുന്നതും മരണ സാദ്ധ്യത വര്‍ദ്ധിക്കുന്നതായും കണ്ടെത്തി. ജേര്‍ണല്‍ തൊറാക്‌സിലെ ലേഖനത്തിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹൃദയസംബന്ധമായ രോഗങ്ങള്‍ ഗുരുതരമാക്കാന്‍ കൊറോണ കാരണമാകും. പുകവലിക്കുന്നവരിലാണെങ്കില്‍ സ്ഥിതി വളരെ മോശമാകുമെന്നും ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ക്യാന്‍സറുകള്‍ക്കും ഇതേ പാര്‍ശ്വ ഫലങ്ങള്‍ തന്നെയാകും. കൊറോണയുമായി ബന്ധിപ്പിക്കുന്ന ഏത് രോഗവും ഗുരുതരമാകാന്‍ പുകവലി കാരണമാകും.

കൊറോണ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ വളരെ കുറച്ച്‌ ആക്ടീവ് ആയിട്ടുള്ള പുകവലിക്കാരാണ് ഉള്ളത്. അതുകൊണ്ട് ഇതിന്റെ തീവ്രത കണ്ടെത്താനായിരുന്നില്ല. പിന്നീട് നടത്തിയ പഠനങ്ങളില്‍ പുകവലി രോഗം ഗുരുതരമാക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തുകയായിരുന്നു. ആഷ്‌ലി ക്ലിഫ്റ്റ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലെ ഗവേഷകനാണ് ഇദ്ദേഹം. ഓക്‌സ്ഫഡ്, ബ്രിസ്‌റ്റോള്‍, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റികളിലെ വിദഗ്ധര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

2020 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള ഡാറ്റയാണ് ഇതിനായി ഉപയോഗിച്ചത്. പുകവലിയും കൊറോണ കേസ് ഗുരുതരമാകുന്നതും സംബന്ധിച്ച ബന്ധമാണ് ഇവര്‍ പരിശോധിച്ചത്. യുകെ ബയോബാങ്കിലെ 4,21,469 പേരാണ് പരീക്ഷണത്തില്‍ പങ്കാളിയായത്. പുകവലിക്കാത്തവരെക്കാള്‍ കൂടുതല്‍ പുകവലിക്കുന്നവരാണ് 80 ശതമാനവും ആശുപത്രിയില്‍ അഡ്മിറ്റായത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ അധികം പേരും മരിക്കുകയും ചെയ്തുവെന്ന് പഠനം കണ്ടെത്തി. അതേസമയം വാക്‌സിനേഷന്‍ പലയിടത്തും വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ ഈ പ്രശ്‌നങ്ങളൊന്നും അധികം ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ വാക്‌സിനേഷന്‍ വര്‍ദ്ധിച്ചതോടെ കേസുകളും കുറഞ്ഞ് വരുന്നുണ്ട്. പുകവലിയും കൊറോണയും സംബന്ധിച്ച്‌ നേരത്തേയും പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Related News