Loading ...

Home USA

450 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗരയൂഥം എങ്ങനെ രൂപംകൊണ്ടു? രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ നാസയുടെ ലൂസി പുറപ്പെടുന്നു

വാഷിംഗ്ടണ്‍: 450 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗരയൂഥം എങ്ങനെ പിറവികൊണ്ടുവെന്ന രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ നാസയുടെ ലൂസി പേടകം അടുത്ത മാസം പുറപ്പെടും. സൗരയൂഥത്തിനോളം തന്നെ പ്രായം വരുന്ന ട്രോജന്‍ ചിന്നഗ്രഹങ്ങളിലാണ് ലൂസി സൗരയൂഥത്തിന്റെ രഹസ്യം തിരയുക. സൂര്യന് ചുറ്റുമുള്ള വ്യാഴത്തിന്റെ പരിക്രമണപഥം പങ്കിടുന്ന ചിന്നഗ്രഹങ്ങളാണ് ട്രോജന്‍.

വ്യാഴത്തിന്റെ മുന്നിലും പിന്നിലുമായാണ് ട്രോജന്‍ ചിന്നഗ്രഹങ്ങള്‍ പരിക്രമണം നടത്തുന്നത്. സൗരയൂഥം രൂപംകൊണ്ട കാലത്തെ ഘടനയും രൂപവുമാണ് ഇവയ്‌ക്കുള്ളത്. എട്ട് ചിന്ന ഗ്രഹങ്ങള്‍ക്ക് സമീപം 400 കിലോമീറ്റര്‍ പരിധിയില്‍ ലൂസി സഞ്ചരിക്കും. ഒരു പേടകം ഇത്രയും അധികം ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നത് ഇത് ആദ്യമാണെന്ന് നാസയുടെ ഗ്രഹ ശാസ്ത്രവിഭാഗം ഡയറക്ടര്‍ ലോറി ഗ്ലേസ് പറഞ്ഞു.

12 വര്‍ഷക്കാലമാണ് ലൂസിയുടെ ദൗത്യകാലം. ട്രോജന്‍ ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കാനുള്ള ആദ്യ ബഹിരാകാശ ദൗത്യമാണിത്. ഒക്ടോബര്‍ 16ന് ഫ്‌ലോറിഡയിലെ കേപ് കനവെറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നാണ് ലൂസി പുറപ്പെടുക. അറ്റ്‌ലസ് വി റോക്കറ്റാണ് ലൂസി വിക്ഷേപിക്കുക. അമേരിക്കന്‍ കമ്ബനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് വാഹനം നിര്‍മ്മിച്ചത്. 1974ല്‍ എത്യോപ്യയിലെ അഫാറില്‍ നിന്ന് ലഭിച്ച മനുഷ്യ ഫോസിലിന്റെ പേരാണ് ലൂസി.

Related News