Loading ...

Home National

അഴിമതി ഇല്ലെങ്കിൽ എന്തിന് സുപ്രീം കോടതി 122 ലൈസൻസ് റദ്ദാക്കി

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിയില്‍ കുറ്റക്കാരെ വെറുതെവിട്ടതിനെ വിമര്‍ശിച്ച് സുപ്രിംകോടതിയില്‍ സ്‌പെക്ട്രം കേസ് വിധിച്ച ജസ്റ്റിസ് ജി എസ് സിങ്‌വി.
ഇപ്പോള്‍ വിട്ടയക്കപ്പെട്ട എ രാജ ടെലികോം മന്ത്രിയായിരിക്കെ അനുവദിച്ച 122 ലൈസന്‍സുകള്‍ ജസ്റ്റിസ് സിങ്‌വി 2012-ല്‍ റദ്ദാക്കിയിരുന്നു. ”ആദ്യം വരുന്നയാള്‍ക്ക് ലൈസന്‍സ്” എന്ന രീതി നിയമവിരുദ്ധമാകയാല്‍ ലേലത്തിലൂടെ ലൈസന്‍സ് നല്‍കാന്‍ കോടതി അന്ന് കല്‍പിച്ചു.
രാജയെ അന്ന് സുപ്രിംകോടതി അതിരൂക്ഷമായി വിമര്‍ശിച്ചത് ”സുപ്രധാന ദേശീയ സ്വത്ത് ചുളുവിലയ്ക്ക് ദാനം നല്‍കി”യെന്നാണ്. ഈ കോടതിക്ക് മുമ്പിലെത്തിയ രേഖകള്‍ കാണിക്കുന്നത് രാജ ചില കമ്പനികളെ പൊതുഖജനാവിന്റെ ചെലവില്‍ സഹായിച്ചുവെന്നാണെന്ന് കോടതി പറഞ്ഞു.
”ആദ്യത്തെ ലേലത്തിനുശേഷം സര്‍ക്കാര്‍ പറഞ്ഞത് 65000 കോടി രൂപ ലഭിച്ചുവെന്നാണ്. ഇപ്പോള്‍ പറയുന്നു, സര്‍ക്കാരിനു റവന്യൂ നഷ്ടം ഒന്നും ഉണ്ടായില്ലെന്ന്. ഇത് ആര് ചെയ്തു? ജനങ്ങള്‍ തീരുമാനിക്കട്ടെ,” ജസ്റ്റിസ് സിങ്‌വി അഭിമുഖത്തില്‍ പറഞ്ഞു.

ലേലത്തിനു വയ്ക്കാതെ സ്‌പെക്ട്രം വിറ്റഴിച്ച വിഷയമാണ് സുപ്രിംകോടതിക്ക് മുമ്പില്‍ വന്നത്. ഇതില്‍ എന്തെങ്കിലും ഗൂഢാലോചനയോ അഴിമതിയോ നടന്നോ എന്ന കാര്യം കോടതിക്ക് മുമ്പില്‍ വന്നില്ല. അത് സിബിഐ കോടതിയാണ് പരിഗണിക്കേണ്ടിയിരുന്നത്- സിങ്‌വി പറഞ്ഞു.
സിബിഐ തെളിവു ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ വ്യാഴാഴ്ച സിബിഐ കോടതി രാജ, കരുണാനിധിയുടെ മകള്‍ കനിമൊഴി എംപി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബഹുറ, രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ചന്ദോലിയ തുടങ്ങിയവരെ വിട്ടയച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ പത്ത് അധികാര ദുര്‍വിനിയോഗങ്ങളില്‍ ഒന്നെന്ന് 2011ല്‍ ടൈം മാഗസിന്‍ വിലയിരുത്തിയ 2 ജി ഇന്ത്യയുടെ പൊതുജീവിതത്തെ മാത്രമല്ല, അതിശക്തമായ ടെലികോം സംവിധാനത്തെയാകെ പിടിച്ചുലച്ചതു നാം കണ്ടു.

1.76 ലക്ഷം കോടി രൂപയുടെ അഴിമതി എന്നാല്‍ നമുക്കു കണക്കുകൂട്ടാന്‍ പോലും കഴിയാത്ത സംഖ്യ. ഇത് 5.3 കോടി ഫോണ്‍ കണക്ഷനുകള്‍ നല്‍കുന്നതിനായിരുന്നു. സുപ്രിംകോടതി ഈ കേസില്‍ വിധി പറഞ്ഞത് ഇങ്ങനെ: ”ലൈസന്‍സുകള്‍ നേടിയവര്‍ ഉടന്‍തന്നെ അത് മറിച്ചു കൊടുത്തുവെന്നതു വ്യക്തമാകുന്നു. ഇക്വിറ്റി മാറ്റമെന്ന പേരിലോ പുതിയ വിദേശ മൂലധനം സ്വരൂപിക്കലായോ നടന്ന ഇടപാടിലൂടെ വന്‍ലാഭം നേടിയിട്ടുണ്ട്.””രാഷ്ട്രസമ്പത്ത് ലേലത്തില്‍ നല്‍കുകയെന്ന യുക്തിസഹവും സുതാര്യവുമായ രീതി അവലംബിച്ചിരുന്നെങ്കില്‍ രാജ്യം നിരവധി കോടി രൂപയാല്‍ സമ്പന്നമാകുമായിരുന്നുവെന്ന് ഞങ്ങള്‍ക്ക് സംശയമില്ലെ”ന്നും സുപ്രിംകോടതി അന്ന് പറഞ്ഞു.ആദ്യം വരുന്നവര്‍ക്കു 2 ജി എന്ന ടെലികോം മന്ത്രിയുടെ നയത്തെ സുപ്രിംകോടതി വിമര്‍ശിക്കുകയല്ല പിച്ചിച്ചീന്തുകയായിരുന്നു. ”മന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനം ഹാനികരം മാത്രമല്ല, ടെലികോം രംഗത്ത് ഒരു മുന്‍ പരിചയവുമില്ലാത്ത റിയല്‍ എസ്റ്റേറ്റ് കമ്പനികളെ സഹായിക്കാനുമായിരുന്നു. അതും അപേക്ഷ നല്‍കാനുള്ള അവസാന തീയതിയായി മന്ത്രി സ്വയം നിശ്ചയിച്ച 24.9.2007 നു തൊട്ടു തലേന്ന് അപേക്ഷ നല്‍കിയവര്‍ക്ക് നല്‍കി.”എന്നാല്‍ കലൈഞ്ജര്‍ ടിവി ലിമിറ്റഡിനു വഴിവിട്ട എന്തെങ്കിലും ആനുകൂല്യം നല്‍കിയതിന് ഈ കോടതിക്ക് മുമ്പില്‍ വന്ന തെളിവുകളില്‍ കാണാനില്ലെന്നാണ് സിബിഐ കോടതി പറയുന്നത്. 2012-ലെ വിധിക്ക് കാരണമായ പരാതി സമര്‍പ്പിച്ച ജേണലിസ്റ്റ് പരണ്‍ജോയി ഗുഹതക്കര്‍ത്ത പറയുന്നത്, 2 ജി നല്‍കിയ രീതി പൂര്‍ണമായും ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവും ആണെന്നാണ്.
നീതിന്യായ വ്യവസ്ഥയുടെ നിയമവ്യാഖ്യാനങ്ങള്‍ക്കും അപ്പുറം 2ജി എന്ന അഴിമതി ഇന്ത്യന്‍ ജനതയുടെ മനസില്‍ നിന്നും മായില്ല.

Related News